'എവിടെയാടാ നിന്റെയൊക്കെ തല?'; വാസ്കോയും പിള്ളേരും ആറാടിയിട്ട് 17 വർഷം

തലയും ഗ്യാങ്ങും കൂടി കൊച്ചിയെ ഒരു കൊച്ചു മുംബൈ ആക്കിയിട്ട് ഇന്നേക്ക് 17 വർഷം
'എവിടെയാടാ നിന്റെയൊക്കെ തല?'; വാസ്കോയും പിള്ളേരും ആറാടിയിട്ട് 17 വർഷം

'എവിടെയാടാ നിന്റെയൊക്കെ തല?' സി ഐ മോഹൻദാസ് ഈ ചോദ്യം ചോദിക്കുമ്പോൾ ടോമിച്ചൻ പൊലീസ് സ്റ്റേഷനിലെ ബോർഡിലേക്ക് വിരൽ ചൂണ്ടുന്നു. അവിടെ ദേ നിറഞ്ഞു നിൽക്കുന്നു സാക്ഷാൽ വാസ്കോ. പിന്നീടങ്ങോട്ട് മലയാള സിനിമ കണ്ടത് ഒരു സംഘം നടി-നടന്മാർക്കിടയിൽ അവരുടെ തലയായുള്ള മോഹൻലാലിന്റെ ആറാട്ടാണ്. കോമഡിയും ആക്ഷനും പാട്ടും ഡാൻസും ഒക്കെയായി ഒരു പക്കാ മോഹൻലാൽ ഷോ. തലയും ഗ്യാങ്ങും കൂടി കൊച്ചിയെ ഒരു കൊച്ചു മുംബൈ ആക്കിയിട്ട് ഇന്നേക്ക് 17 വർഷം.

2017ലെ വിഷുക്കാലത്താണ് അൻവർ റഷീദിന്റെ രണ്ടാമത്തെ ചിത്രമായ ഛോട്ടാ മുംബൈ റിലീസ് ചെയ്യുന്നത്. എന്റർടെയ്ൻമെന്റ് സിനിമകളിൽ ഒരു ബഞ്ച് മാർക്ക് എന്ന് തന്നെ വിളിക്കാം ഛോട്ടാ മുംബൈയെ. നായകനും നായികയും മുതൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നവർ പോലും തകർത്താടിയ കംപ്ലീറ്റ് എന്റർടെയ്നർ. ഏറെ പുതുമകളുമായാണ് ഛോട്ടാ മുംബൈ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. കഥാ പശ്ചാത്തലം മുതൽ പടക്കം ബഷീർ, മുള്ളൻ ചന്ദ്രപ്പൻ, പാമ്പ് ചാക്കോച്ചായൻ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെ പേരുകളിൽ വരെ ആ പുതുമ കാണാൻ കഴിയും.

ബെന്നി പി നായരമ്പലമായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. അതീവ ഗൗരവമുള്ള കാര്യങ്ങളിലേക്ക് സിനിമ പോകുമ്പോൾ, തൊട്ടടുത്ത നിമിഷത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വിധം ഒരു കോമഡി അതിലേക്ക് മനോഹരമായി ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെയാണ് തിരക്കഥയുടെ പ്ലസ് പോയിന്റ്. ഉദാഹരണത്തിന് പിറന്നാൾ ദിനമായിട്ട് സ്വന്തം മകൻ തന്നെ ലോക്കപ്പിൽ കയറ്റി എന്ന് ആശാൻ വിഷമത്തോടെ പറയുമ്പോൾ തോറ്റടുത്ത നിമിഷത്തിൽ ബിജു കുട്ടൻ 'ഹാപ്പി ബർത്ത് ഡേ ആശാനേ' എന്ന് പറയുമെന്ന് ആരും ചിന്തിക്കുക പോലുമില്ല. അത് തന്നെയാണ് സിനിമയെ ഇന്നും മലയാളികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നതും.

സമീപകാലത്ത് മോഹൻലാലിന്റെ ചില സിനിമകൾക്ക് തിരിച്ചടികൾ ഉണ്ടാകുമ്പോൾ പലരും പറയാറുണ്ട് ഹാലോയോ ഛോട്ടാ മുംബൈയോ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന്. അങ്ങനെ പറയുന്നതിന് കാരണം മോഹൻലാലിന്റെ തല പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം അത്രത്തോളമായത് കൊണ്ട് തന്നെയാണ്. അടിക്ക് അടി, ഡാൻസിന് ഡാൻസ്, കോമഡിക്ക് കോമഡി, മാസ് എല്ലാം ചേർത്ത് മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന പാക്കേജ് തന്നെയായിരുന്നു വാസ്കോ.

ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് പറഞ്ഞെങ്കിലും അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നുമില്ല ഛോട്ടാ മുംബൈ. സിദ്ദിഖിന്റെ മുള്ളൻ ചന്ദ്രപ്പനും ജഗതി ശ്രീകുമാറിന്റെ പടക്കം ബഷീറിനും സായി കുമാറിന്റെ മൈക്കിൾ ആശാനും രാജൻ പി ദേവിന്റെ പാമ്പ് ചാക്കോച്ചായനുമെല്ലാം വ്യക്തമായ ക്യാരക്ടർ സ്കെച്ചും സ്‌പേസുമുണ്ട്. അതിനാൽ തന്നെയാണ് ഈ കഥാപാത്രങ്ങൾക്കെല്ലാം ഫാൻബേസുമുള്ളത്. കലാഭവൻ മാണി അവതരിപ്പിച്ച നടേശൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. 'ഇത് രണ്ടുകുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കൽ ഗുണ്ടകൾ പറയുന്നപോലെയല്ല,കൊല്ലൂന്നു പറഞ്ഞാ നടേശൻ കൊന്നിരിക്കും' എന്ന ഡയലോഗ് മാത്രം മതി നടേശൻ എത്രത്തോളം ടെറർ ആണെന്ന് മനസ്സിലാക്കാൻ.

വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്. അഞ്ച് കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ അക്കാലത്ത് 101 ദിവസത്തിലധികമാണ് തിയേറ്ററുകളിൽ ഓടിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണമെന്ന് പല ആരാധകരും ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു ഒരിക്കൽ പറഞ്ഞത്. എന്നിരുന്നാലും തലയും ഗ്യാങ്ങും ഇനി ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിയാൽ അത് മലയാള സിനിമാ ചരിത്രത്തിലെ ഒന്നൊന്നൊര വരവായിരിക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com