ഇന്ത്യൻ സിനിമയുടെ പെർഫക്ഷനിസ്റ്റ്; ആമിർ ഖാന് ഇന്ന് 59ാം പിറന്നാള്‍

ബോളിവുഡ് ബോക്സ് ഓഫീസിൽ കയാറാൻ ഇന്ന് പല സൂപ്പർ താരങ്ങളും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ആമിർ ബോക്സ് ഓഫീസിന് കോടി റെക്കോർഡുകൾ നൽകിയത് നിരവധി സിനിമകളിലൂടെയാണ്
ഇന്ത്യൻ സിനിമയുടെ പെർഫക്ഷനിസ്റ്റ്; ആമിർ ഖാന് ഇന്ന് 59ാം പിറന്നാള്‍

സിനിമയെ ശ്വാസമാക്കി, സിനിമയ്ക്ക് വേണ്ടി ജീവിച്ച സിനിമയ്ക്കപ്പുറം പച്ച മനുഷ്യനായ, സാമൂഹിക സേവകനായ ആമിർ ഖാന് ഇന്ന് 59-ാം പിറന്നാൾ. സ്വകാര്യ ജീവിതം കൊണ്ടും കരിയർ കൊണ്ടും പ്രചോദിപ്പിക്കുന്നതാണ് ആമിറിന്റെ 59 വർഷത്തെ യാത്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരാജയ സിനിമകൾ മാത്രം ഉണ്ടാകുന്ന ആമിറിന് ഇതെന്തുപറ്റെയന്ന ആശങ്കയാണ് ഇന്ന് ആരാധകർക്ക്. 2016ൽ പുറത്തിറങ്ങിയ ആമിറിന്റെ 'ദങ്കൽ' എന്ന ചിത്രത്തിന് ശേഷം താരത്തിന് ബോക്സ് ഓഫീസിൽ ഇടം നേടാനായിട്ടില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വേദന നൽകിയിരുന്നു.

അതുകൊണ്ട് തന്നെയാണ് 'പഠാൻ' പോലെ 'ടൈഗർ 3' പോലെ ഒരു സിനിമ ചെയ്യൂ എന്ന് ആരാധകരും ആവശ്യപ്പെടുന്നത്. ബോളിവുഡ് ബോക്സ് ഓഫീസിൽ കയറാൻ ഇന്ന് പല സൂപ്പർ താരങ്ങളും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ബോക്സ് ഓഫീസിന് കോടി റെക്കോർഡുകൾ നൽകിയ നിരവധി സിനിമകള്‍ ആമിറിന്‍റേതായിട്ടുണ്ട് . അത്തരത്തിൽ ബോളിവുഡിനെ അമ്പരപ്പിച്ചു കൊണ്ട് ആമിർ ഖാൻ എന്ന നടൻ കൊണ്ടുവന്ന ബോക്സ് ഓഫീസ് ഹിറ്റുകൾ ഏതൊക്കെയെന്ന് നോക്കാം...

ദങ്കൽ (2016)

ലോക ബോക്സോഫീസുകളില്‍ 2070 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതി ദങ്കലിന് മാത്രം സ്വന്തമായി. ചിത്രം റിലീസ് ചെയ്ത് വെറും ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം ആമിർ സിനിമയക്ക് ഉണ്ടായത് എന്നത് മറ്റൊരു സിനിമയ്ക്കും സാധിക്കാത്ത പ്രത്യേകതയാണ്. ഇത് കൂടാതെ, 2017ലെ ഏറ്റവും കളക്ഷന്‍ നേടുന്ന സ്പോര്‍ട്സ് ചിത്രം, ഹോളിവുഡില്‍ നിന്നല്ലാതെ ചൈനയില്‍ തരംഗം സൃഷ്ടിച്ച ആദ്യചിത്രം തുടങ്ങിയ ബഹുമതികളും ദങ്കലിന് സ്വന്തമാണ്. ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഭോഗട്ടിന്‍റെയും മക്കളായ ഗീത, ബബിത എന്നിവരുടെയും ജീവിതകഥയാണ് ദങ്കല്‍ പറഞ്ഞത്.

ചൈനയില്‍ ദങ്കലിന് ലഭിച്ച വരവേൽപ്പ് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതി. 53 ദിവസം കൊണ്ട് ചൈനയില്‍ നിന്ന് ഏകദേശം 1200 കോടിക്ക് മുകളിലാണ് ദങ്കല്‍ സ്വന്തമാക്കിയത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിറിനൊപ്പം ഫാത്തിമ സന ഷെയ്ഖ്, സെയ്റ വസീം, സാക്ഷി തന്‍വാര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ദങ്കലിന് വേണ്ടി ആമിർ ചെയ്ത ശാരീരിക മാറ്റങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 98 കിലോ പ്രായമുളളയാളായി ആദ്യ രംഗത്തിൽ അഭിനയിച്ച താരം, ചെറുപ്പക്കാരനാകാൻ 68 കിലോയിലേക്ക് ആറ് മാസം കൊണ്ട് എത്തിയത് സിനിമയ്ക്ക് വേണ്ടി എത്രത്തോളം സ്വയം സമർപ്പിച്ചുവെന്നതിന്റെ ഉദാഹരണമാണ്.

പി കെ (2014)

അവതരണം കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ആമിർ ഖാന്റെ മറ്റൊരു ചിത്രമാണ് പി കെ. നിരവധി വിവാദങ്ങൾക്കിടയായ ചിത്രം എന്നാൽ ബോക്സ് ഓഫീസ് പിടിച്ചുകുലുക്കി. റിലീസ് ചെയ്ത സമയത്ത്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എക്കാലത്തെയും ഇന്ത്യൻ ചിത്രമായി പികെ ഉയർന്നു. ആഗോളതലത്തിലാകട്ടെ 769.89 കോടി (118.92 ദശലക്ഷം യുഎസ് ഡോളർ) ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. നിലവിൽ ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ പത്താം സ്ഥാനവും എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ഏഴാമത്തെ ഹിന്ദി ചിത്രവും ആമിർ ഖാന്റെ പി കെ തന്നെയാണ്.

ധൂം 3 (2013)

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച ആക്ഷൻ ത്രില്ലർ ഹിറ്റ് ചിത്രമാണ് ധൂം ഫ്രാഞ്ചൈസി. ധൂമിന്റെ മൂന്നാം ഭാഗത്തിൽ ആമിർ ഡബിൾ റോളിലാണ് പ്രത്യക്ഷപ്പെട്ടത്. 175 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ലോകമെമ്പാടും നിന്നായി 557 കോടിയാണ് സ്വന്തമാക്കിയത്. 2024 ലെ കണക്കനുസരിച്ച്, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ എട്ടാമത്തെ ഫിലിം ഫ്രാഞ്ചൈസിയാണ് ധൂം.

3 ഇഡിയറ്റ്സ് (2009)

രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് 3 ഇഡിയറ്റ്സ്. ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഷർമാൻ ജോഷി, ആമിർ ഖാൻ, മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രമാക്കിയ സിനിമ 55 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ നേടിയതാകട്ടെ 202 കോടിയാണ്. ആഗോള തലത്തിൽ 460 കോടിയും ചിത്രം സ്വന്തമാക്കി.

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ (2018)

അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ചെത്തിയ കൊള്ളക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ'. ആക്ഷൻ പിരീഡ് ചിത്രമായ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ' 1795 ലെ കഥയാണ് പറയുന്നത്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത് 151 കോടി രൂപയാണ്. ആഗോള തലത്തിൽ 327 കോടിയും ചിത്രം നേടി.

ബോക്സ് ഓഫീസിലെ തകർപ്പൻ ജയം കൊണ്ട് മത്രമല്ല, ഓസ്കർ നോമിനേഷനിൽ വരെ എത്തിയ ആമിറിന്റെ കൾട്ട് ക്ലാസിക് ലഗാൻ, താരെ സെമീൻ പർ, രംഗ് ദെ ബസന്തി, ഗജിനി, ദിൽ, ആകേലെ ഹം അകേലെ തുടങ്ങി നിരവധി സിനിമകൾ. ആമിർ ഖാന്റെ സിനിമകൾക്ക് ഇന്ത്യയിൽ മാത്രമല്ല, ചൈന ജപ്പാൻ എന്നിവിടങ്ങളിലും വരെ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമകൾക്ക് ചൈനീസ് വിപണി തുറന്ന നടൻ എന്ന പേരും ആമിറിന്റെ മാത്രം സ്വന്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com