'മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ...'; ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

'ഒരു നേരം ചോറ് കിട്ടിയില്ലെങ്കിലും ഞാൻ സഹിക്കും, പക്ഷെ ഒരു നേരം അക്ഷരം കിട്ടിയില്ലെങ്കിൽ അത് ഞാൻ സഹിക്കില്ല'
'മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ...'; ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

"കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..

അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു..

വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു

നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..

നന്മ മാത്രമളക്കുന്നു....

ദേവകന്യക സൂര്യതംബുരു മീട്ടുന്നു..."

പ്രക‍ൃതിയുടെ നന്മയും സ്നേഹും കുസൃതികളും പ്രണയവുമെല്ലാം വാ​ഗ്മയ ചിത്രം പോലെ മനസിലേക്ക് ഒഴുകിയെത്തുകയാണ് ​ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിലൂടെ. ഗൃഹാതുരത്വം നൽകുന്ന ഓ‍ർമ്മകളുടെ തുരുത്തിലെത്തിക്കാൻ ​​ഗിരീഷ് പുത്തഞ്ചേരി എന്ന ലജൻഡിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാവാം പ്രണയം തോന്നുമ്പോൾ "പിന്നെയും പിന്നെയും ആരോ കിനാവിന്റെ.." എന്നും നഷ്ടങ്ങളെ കുറിച്ചോ‍ർക്കുമ്പോൾ "ഒരു രാത്രി കൂടി വിടങ്ങവേ.." എന്നും മലയാളികൾ അറിയാതെ പാടി പോകുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മനുഷ്യ മനസിനെ ചാഞ്ചല്യപ്പെടുത്താനുള്ള കഴിവുണ്ട്. പാട്ട് കവിതയോട് അടുക്കുമ്പോഴും എല്ലാ മനുഷ്യരിലേക്കും ഒരുപോലെ അദ്ദേഹം പറയാനാ​ഗ്രഹിക്കുന്ന വികാരം എത്തിച്ചേരുന്നു.

"മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ.." എന്ന് കേൾക്കുമ്പോൾ അറിയാതെയെങ്കിലും ഉള്ളൊന്നു പൊള്ളും, ''തുടുവിരലിൻ തുമ്പാലെൻ തിരുനെറ്റിയിൽ ഞാൻ നിന്നെ സിന്ദൂരരേണുവായണിഞ്ഞിരുന്നു...'' എന്ന് പാടുമ്പോൾ മനസിന് എന്തെന്നില്ലാത്ത ഭാരം വന്നണയും.. വിദ്യാസാഗ‍ർ പറഞ്ഞതു പോലെ,

ഒരു നല്ല സം​ഗീതജ്ഞൻ എപ്പോഴും പാതി ​ഗാന രചയിതാവ് കൂടിയായിരിക്കണം, ഒരു നല്ല ഗാന രചയിതാവാകട്ടെ പാതി സം​ഗീതജ്ഞനും, ​ഗീരീഷ് പുത്തഞ്ചേരിയുടെ കാര്യത്തിൽ അദ്ദേഹം പാതിയല്ല ഒരു മികച്ച സം​ഗീത‍ജ്ഞനാണ്. പാട്ടിനെ ഉൾകൊണ്ട് എവിടെയാണ് ദീ‍ർഘം വരേണ്ടത് എന്നുപോലും അദ്ദേഹത്തിന് ധാരണയുണ്ട്. നമ്മൾ ട്യൂണിട്ടാൽ മാത്രം മതി, ബാക്കിയെല്ലാം അദ്ദേഹം നോക്കിക്കോളും..

നായകൻ തന്റെ ക്ഷയിച്ച ഇല്ലത്തേക്ക് നായികയെ വിവാഹം കഴിച്ചു കൂട്ടിക്കൊണ്ട് വരുന്നു. വലതു കാലെടുത്തു വെക്കുന്നത് ക്ലോസ് ഷോട്ടിൽ കാണിക്കുന്നു. സംവിധായകൻ കമൽ ​ഗീരീഷ് പുത്തഞ്ചേരിക്ക് പാട്ടിന്റെ സന്ദ‍‍ർഭം പറഞ്ഞു കൊടുത്തു. പിന്നീട് പിന്നണിയിൽ കെ ജെ യേശുദാസ്, ജോൺസൺ മാസ്റ്ററുടെ ഇണത്തിൽ ഗീരീഷ് പുത്തഞ്ചേരിയുടെ വരികൾകളെ ഇങ്ങനെ പാടി,

''പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...

നോവുകൾ മാറാല മൂടും മനസ്സിന്റെ...

മച്ചിലെ ശ്രീദേവിയായി..

മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...

രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി...''

വളരെ പ്രതിസന്ധികളുണ്ടായിരുന്ന ബാല്യമായിരുന്നു ​ഗിരീഷ് പുത്തഞ്ചേരിയുടേത്. എല്ലാ സൗഭാ​ഗ്യങ്ങളുണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട ബാല്യം. പിതാവിന് പക്ഷാഘതം സംഭവിച്ച് കിടപ്പിലാകുന്നതോടെയാണ് അഞ്ചാം ക്ലാസിൽ ​ഗിരീഷ് പുത്തഞ്ചേരി തന്റെ ഒറ്റയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. പട്ടിണി കിടന്നും, ചുമടെടുത്തും അച്ഛനെയും അമ്മയെയും പോറ്റാൻ തുടങ്ങിയ ബാല്യം പ്രാണ സങ്കടത്തിന്റെ കടലുകളായിരുന്നു എന്ന് ​അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ആ ജീവിതാനുഭവങ്ങളും വേദനയും ഒറ്റപ്പെടലും തന്നെയാണ് അദ്ദേഹത്തിന്റെയുള്ളിലെ ​ഗാനരചയിതാവിന്റെ ഉറവിടം.

ജ്യോതിഷത്തിലും വൈദ്യത്തിലും വ്യാകരണത്തിലും പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണ്ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകൻ. ഒരു വലിയ ​ഗ്രന്ഥ ശേഖരത്തിന്റെ നടുവിലാണ് അദ്ദേഹം ജീവിച്ചത്. കാളിദാസനും ആശാനും ഉള്ളൂരും വള്ളത്തോളും അക്ഷരങ്ങളായി അദ്ദേഹത്തിന്റെ മുറിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. അക്ഷരത്തോടും സം​ഗീതത്തോടും വല്ലാത്ത ഭ്രമവും പ്രണയുവുമായിരുന്നു എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി.

ഒരു നേരം ചോറ് കിട്ടിയില്ലെങ്കിലും ഞാൻ സഹിക്കും പക്ഷെ ഒരു നേരം അക്ഷരം കിട്ടിയില്ലെങ്കിൽ ഞാൻ സഹിക്കില്ല
ഗിരീഷ് പുത്തഞ്ചേരി

തന്നിലെ സം​ഗീതത്തെ, ​ഗനാരചയിതാവിനെ എന്നുമുതലാണ് തിരിച്ചറി‍ഞ്ഞത് എന്ന് ചോദിക്കുന്നതും എന്ന് തന്നോട് മീശ മുളച്ചു എന്ന് ചോദിക്കുന്നതും ഒരുപോലെയാണ്, അത് ഒരു പ്രക്രിയയാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. റെക്കോഡിംഗ് കമ്പനികൾക്കു വേണ്ടിയും ടി വി ചാനലുകൾക്കു വേണ്ടിയും നിരവധി ഗാനങ്ങളെഴുതിയ അദ്ദേഹം ദേവാസുരം എന്ന ചിത്രത്തിന് വേണ്ടി എഴുതുന്നു, 'സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ....' എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ​ഗാനം സൂപ്പർ ​ഹിറ്റായി. പാട്ടിനൊപ്പം, ഗിരീഷ് പുത്തഞ്ചേരി എന്ന പേരും. പിന്നീട് എ ആർ റഹ്മാൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ഇളയരാജ, രവീന്ദ്രൻ തുടങ്ങി ഒട്ടേറെ സം​ഗീത സംവിധായക‍രുടെ ഈണങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.

''നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ..''(അഗ്നിദേവൻ-1995), ''കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..''(നന്ദനം-2002), ''കണ്ണും നട്ട് കാത്തിരുന്നിട്ടും..''(കഥാവശേഷൻ-2004) തുടങ്ങിയ ഗാനങ്ങളിലെ വരികൾക്ക് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പരസ്കാരം ലഭിച്ചു. രവീന്ദ്രൻ മാസറ്റോടൊപ്പം ചേ‍ർന്നാണ് ​ഗിരീഷ് പുത്തഞ്ചേരി ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാളത്തിന് സമ്മിനിച്ചത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിനുവേണ്ടി രവീന്ദ്രന്റെ സംഗീതത്തിൽ ഒരുക്കിയ ''മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ..'' എന്ന ​ഗാനമായിരുന്നു ഇരുവരുടെയും ആദ്യ കൊളാബ്. കന്മദം, ആറാം തമ്പുരാൻ, നന്ദനം, പഞ്ചലോഹം തുടങ്ങിയ സിനിമകളിലെ എല്ലാ ​ഗാനങ്ങളും ഇരുവരും ഒരുമിച്ച് ചിട്ടപ്പെടുത്തി.

മുന്നൂറിൽ പരം ചലച്ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് വേണ്ടി വരികളായി ​ഗരീഷ് പുത്തഞ്ചേരി മാറിയതിനൊപ്പം മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിനു കഥയും, കിന്നരിപ്പുഴയോരം, പല്ലാവൂർ ദേവനാരായണൻ , വടക്കും നാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കളിൽ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ ഏറ്റവുമധികം ഗാനങ്ങൾ രചിച്ച റെക്കോഡ് ഗിരീഷ് പുത്തഞ്ചേരിയ്ക്ക് മാത്രം സ്വന്തമാണ്. 'രാമൻ പോലീസ്' എന്ന സിനിമയുടെ തിരക്കഥാരചനക്കിടെയാണ് അദ്ദേഹം സം​ഗീത-സാഹിത്യ ലോകത്ത് നിന്ന് വിടപറഞ്ഞത്.

കാലമെത്ര മാഞ്ഞാലും ഓർമ്മകളിലൂടെ, പാട്ടിന്റെ വരികളിലൂടെ ആ ഗാനരചയിതാവ് ആസ്വാദകഹൃദയങ്ങളിൽ അങ്ങനെ ജീവിച്ചികൊണ്ടിരിക്കുകയാണ്....

Related Stories

No stories found.
logo
Reporter Live
www.reporterlive.com