ഷീന ബോറ കൊലക്കേസ് ഡോക്യുമെന്ററിയാകുമ്പോള്‍

അനധികൃതമായി തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടിയിലായ ഇന്ദ്രാണി മുഖര്‍ജി എന്ന മുന്‍ മീഡിയ എക്‌സിക്യൂട്ടീവിന്റെ ഡ്രൈവറുടെ മൊഴിയില്‍ സംഭവിച്ച ഒരു ചെറിയ പാളിച്ചയിലൂടെയാണ്, ഒരു 25 കാരിയുടെ ആരുമറിയാതെ പോയ കൊലപാതക കഥ, പുറം ലോകം അറിഞ്ഞത്
ഷീന ബോറ കൊലക്കേസ് ഡോക്യുമെന്ററിയാകുമ്പോള്‍

ഒരു ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന വെല്‍ എക്‌സിക്യൂട്ടഡ് മര്‍ഡര്‍ കേസ്. ഷീന ബോറയുടെ കൊലപാത കേസ് ഡോക്യു-സീരീസ് ആകാന്‍ പോവുകയാണ്. 2012 ഏപ്രില്‍ 24ന് മുംബൈ നഗരത്തില്‍ വെച്ച് ഷീന ബോറ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട കഥയാണ് നെറ്റ്ഫ്ളിക്‌സ് പുറത്തിറക്കുന്ന ഈ സീരീസ് പറയുന്നത്.

അനധികൃതമായി തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടിയിലായ ഇന്ദ്രാണി മുഖര്‍ജി എന്ന മുന്‍ മീഡിയ എക്‌സിക്യൂട്ടീവിന്റെ ഡ്രൈവറുടെ മൊഴിയില്‍ സംഭവിച്ച ഒരു ചെറിയ പാളിച്ചയിലൂടെയാണ്, ഒരു 25 കാരിയുടെ ആരുമറിയാതെ പോയ കൊലപാതക കഥ, പുറം ലോകം അറിഞ്ഞത്.

സംഭവം ഇങ്ങനെയാണ്. തന്റെ ആദ്യ വിവാഹത്തിലുണ്ടായ ഷീന ബോറ, മിഖായേല്‍ എന്നീ കുട്ടികളെ ഗുവാഹട്ടിയിലെ മാതാപിതാക്കളുടെയടുത്ത് ഉപേക്ഷിച്ച് ഇന്ദ്രാണി മുഖര്‍ജി മുംബൈയിലെ മീഡിയ എക്സിക്യൂട്ടീവായ പീറ്റര്‍ മുഖര്‍ജിയെ വിവാഹം ചെയ്യുന്നു.

പില്‍ക്കാലത്ത്, ഒരു മാഗസിന്‍ വഴി അമ്മയെ കുറിച്ചറിഞ്ഞ ഷീന ബോറ മുംബൈയിലെത്തി ഇന്ദ്രാണിയെ കാണുന്നു. തൻ്റെ ബിസിനസ് ജീവിതത്തെയും മുംബൈയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലുണ്ടായിരുന്ന റെപ്യുട്ടേഷനെയും ഷീനയുടെ വരവ് ബാധിക്കുമെന്ന് കരുതിയ ഇന്ദ്രാണി, ഷീന തന്റെ സഹോദരിയാണെന്ന തരത്തില്‍ എല്ലാവരെയും പറഞ്ഞ് ധരിപ്പിച്ചു. മുംബൈയിലെ പോര്‍ഷ് ഏരിയയായ ബാന്ദ്രയില്‍ ഒരു 3 ബിഎച്ച്‌കെ ഫ്ലാറ്റ് വേണം, ഇല്ലെങ്കില്‍ താന്‍ മകളാണെന്നുള്ള സത്യം വെളിപ്പെടുത്തുമെന്നുള്ള ഭീഷണിയും ഷീനയുടെ ഭാഗത്ത് നിന്നുണ്ടായി.

ഇതിനിടെ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്ററിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി ഷീന പരിചയത്തിലായി. ഇരുവരും വൈകാതെ പ്രണയത്തിലാകുന്നു, പിന്നീട് ലിവിങ് റിലേഷനിലേക്കും ആ ബന്ധം വളര്‍ന്നു. ഷീനയോട് രാഹുലുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ദ്രാണി പലതവണ നിര്‍ബന്ധിച്ചുവെങ്കിലും ഷീന അതിന് തയ്യാറായിരുന്നില്ല. മുംബൈ മെട്രോയുടെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു ഷീന.

എന്നാല്‍ 2012ല്‍ മുംബൈ മെട്രോയിലെ റിപ്പോര്‍ട്ടിങ് ഹെഡിന് ഷീന തന്റെ രാജിക്കത്തച്ചു. തൊട്ടടുത്ത ദിവസം രാഹുലിന്റെ ഫോണിലേക്ക് ഷീനയുടെ ബ്രേക്ക് അപ്പ് ടെക്സ്റ്റ് മെസ്സേജും എത്തി. അങ്ങനെ എല്ലായിടത്ത് നിന്നും ഷീന പെട്ടന്ന് അപ്രത്യക്ഷയായി. ഷീന എങ്ങോട്ട് പോയെന്നോ എന്തിന് പോയെന്നോ അറിയാതിരുന്ന സമയത്താണ് ഷീന തന്റെ ഹയര്‍ സ്റ്റഡീസിനായി ഇനി യു എസിലായിരിക്കുമെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തുന്നത്. മറ്റാരും പിന്നീടൊന്നും ഷീനയെ കുറിച്ച് ചോദിച്ചില്ല, അന്വേഷിച്ചില്ല. ഒരാളൊഴികെ, രാഹുല്‍...

രാഹുൽ മുഖർജിയും ഷീന ബോറയും
രാഹുൽ മുഖർജിയും ഷീന ബോറയും

ഒരു പ്രശ്‌നവും തമ്മില്‍ ഇല്ലാതിരുന്നിട്ടും ഒരു വാക്ക് പോലും പറയാതെ ഷീന പോയതിലെ സംശയം രാഹുലിനെ വേട്ടയാടി. തന്നോട് പറയാതെ ഷീന അങ്ങനൊരു തീരുമാനമെടുക്കില്ലെന്നും രാഹുലിന് ഉറപ്പായിരുന്നു. ഈ സംശയം രാഹുലിനെ മുംബൈയിലെ വര്‍ലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അന്വേഷണവുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ദ്രാണിയുടെ വീട്ടിലെത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതാനും നാളുകള്‍ക്ക് ശേഷം ഇന്ദ്രാണി മുഖര്‍ജി അതേ വര്‍ലി സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതിപ്പെടുന്നു. രാഹുലിന്റെ ശല്യം സഹിക്കവയ്യാതെ കൂടെയാണ് ഷീന രാജ്യം തന്നെ വിട്ടത് എന്ന ഇന്ദ്രാണിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ഉദ്യോഗസ്ഥർക്ക് മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല.

എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2015 ഓഗസ്റ്റില്‍ ഷീന ബോറ കൊല്ലപ്പെട്ടതാണ് എന്ന വാര്‍ത്ത പുറത്തുവരുന്നു. ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന്, ആ സംഭവത്തില്‍ ഇന്ദ്രാണിക്കും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയ്ക്കും പങ്കുണ്ടെന്ന് മനസിലാകുന്നു. ഇന്ദ്രാണിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹോദരിയല്ല മകളാണ് ഷീന ബോറ എന്ന് മനസ്സിലാകുന്നു. കൂടുതല്‍ വെളിപ്പെടുത്തലുമായി ഷീനയുടെ സഹോദരനായ മിഖായേല്‍ ബോറയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി.

 ഇന്ദ്രാണി മുഖർജി ഹർജിക്കായി കോടതിയിലെത്തിയപ്പോൾ
ഇന്ദ്രാണി മുഖർജി ഹർജിക്കായി കോടതിയിലെത്തിയപ്പോൾ

കൊല നടന്നതിന്റെ അന്ന്, ഷീനയെ നേരില്‍ കാണണം എന്ന് ഇന്ദ്രാണി വിളിച്ചു പറയുന്നു. ആദ്യം ഷീന കാണാന്‍ കൂട്ടാക്കിയിരുന്നില്ല. എങ്കിലും പിന്നീട് വരാമെന്ന് സമ്മതിച്ചു. ഏപ്രില്‍ 24ന് വൈകിട്ട് ആറ് മണിക്ക് ബാന്ദ്രയിലെ നാഷണല്‍ കോളേജിന് സമീപം ഷീനയെ ഇന്ദ്രാണിയും സഞ്ജീവും ഡ്രൈവറും കാറില്‍ വിളിക്കാന്‍ വന്നു. പിന്നീട് ബാന്ദ്രയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാറില്‍ വെച്ച് തന്നെ ഷീനയെ മൂന്ന് പേരും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു. മകള്‍ തന്നെ ഭീഷണിപ്പെടുത്തിയതിന്റെ ദേഷ്യം തന്നെയായിരുന്നു കൊലയ്ക്കുള്ള മോട്ടീവ്. ഷീന മരിച്ചുവെന്നുറപ്പിച്ച നേരം റായ്ഗട്ടിലുള്ള ഒരൊഴിഞ്ഞ കാടിനുള്ളില്‍ വച്ച് മൃതദേഹം നശിപ്പിച്ചു.

കൊലപാതകം നടന്നുവെന്ന് പറയുന്ന 2012 ഏപ്രില്‍ 24 കഴിഞ്ഞ് ആറു മാസത്തിനുശേഷം ഷീന തന്റെ കാമുകനായ രാഹുല്‍ മുഖര്‍ജിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഇന്ദ്രാണി തെളിവു സഹിതം കോടതിയില്‍ വാദിച്ചത്. 2012 സെപ്റ്റംബറില്‍ ഷീനയും കാമുകനും തമ്മില്‍ മൊബൈലില്‍ പരസ്പരം അയച്ച സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ദ്രാണിയുടെ വാദം. കൊലപാതകക്കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെടുത്ത, കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ഷീനയുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഇന്ദ്രാണി വാദിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഷീന ഇന്ദ്രാണിക്കൊപ്പം ഉണ്ടായിരുന്നു എന്ന് സിബിഐയും കണ്ടെത്തി.

രാജ്യത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവത്തില്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മകള്‍ ഷീന ബോറയ്ക്കു പുറമെ മകന്‍ മിഖായേലിനെയും കൊല്ലാന്‍ ഇന്ദ്രാണി മുഖര്‍ജി ആലോചിച്ചിരുന്നെന്ന്, ഷീന ബോറവധക്കേസിലെ സാക്ഷി ഡ്രൈവര്‍ ശ്യാംവര്‍ റായ് സിബിഐ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ഇന്ദ്രാണിയാണ് ഷീനയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. മകളുടെ മുഖത്തു കയറിയിരുന്ന അവര്‍ 'ഇതാ 3 BHK ഫ്ലാറ്റ്' എന്ന് ആക്രോശിച്ചുവെന്നും ഡ്രൈവര്‍ പറയുന്നു. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന ഷീനയുടെ മുടിയില്‍ പിടിച്ചു പിന്നോട്ടുവലിച്ചു, ഇന്ദ്രാണി കഴുത്തു ഞെരിച്ചു. മൃതദേഹം കത്തിച്ചതും ഇന്ദ്രാണിയാണെന്നും ശ്യാംവര്‍ മൊഴി നല്‍കി.

ഇന്ദ്രാണി മുഖർജി ഒരു അഭിമുഖത്തിനിടയിൽ
ഇന്ദ്രാണി മുഖർജി ഒരു അഭിമുഖത്തിനിടയിൽ

ആറര കൊല്ലത്തോളം ജയില്‍വാസം അനുഭവിച്ച ഇന്ദ്രാണിക്ക് 2022 മെയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ട്രയല്‍ ഇനിയും നീളാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അടങ്ങിയ മൂന്നംഗ ബഞ്ച് ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചത്. 'അണ്‍ബ്രോക്കണ്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ഇന്ദ്രാണി മുഖര്‍ജിയുടെ 2023 ലെ ഓര്‍മ്മക്കുറിപ്പിറങ്ങി മാസങ്ങള്‍ തികയുമ്പോഴാണ് 'ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി, ബറീഡ് ട്രൂത്ത്' എന്ന ഡോക്യു സീരീസിന്റെ പ്രഖ്യാപനം നെറ്റ്ഫ്ലിക്‌സ് നടത്തിയിരിക്കുന്നത്. ഇന്ദ്രാണി മുഖര്‍ജിയും മക്കളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ഡോക്യു-സീരീസന്റെ ഭാഗമാകുമ്പോള്‍ ഷീന ബോറ കൊലപാതകത്തില്‍ ലോകമറിയാതെ പോയ കാണാപ്പുറങ്ങള്‍ കൂടി പ്രതീക്ഷിക്കാം....

Related Stories

No stories found.
logo
Reporter Live
www.reporterlive.com