മലയാളിയെ ചുവടുവെപ്പിച്ച ഹിറ്റുകളുടെ സംഗീത സംവിധായകൻ

പക്ഷാഘാതം ജീവിതത്തിൽ വില്ലനായി അവതരിക്കും വരെ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടേയിരുന്ന പ്രിയ സംഗീതജ്ഞൻ
മലയാളിയെ ചുവടുവെപ്പിച്ച ഹിറ്റുകളുടെ സംഗീത സംവിധായകൻ

മലയാള ചലച്ചിത്ര സംഗീതത്തിന് പുതിയ സംസ്കാരം പരിചയപ്പെടുത്തിയ, മലയാളിയെ ചുവടുവെപ്പിച്ച ഹിറ്റുകളുടെ സംഗീത സംവിധായകനാണ് വിട പറഞ്ഞിരിക്കുന്നത്. ആധുനിക സംഗീത ഉപകരണങ്ങളെ 70കളിലെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് കെ ജെ ജോയ് ആണെന്ന് പറയാം. സംഗീത ലോകത്തിന് എന്നും കൗതുകമായ 'സ്വർണ്ണ മീനിന്റെ ചേലൊത്ത' ഉൾപ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടിയിൽ മലയാളം ആഘോഷിച്ച ഗാനങ്ങൾ നിരവധിയാണ്.

ബാബുരാജ് ഈണമിട്ട ‘പഞ്ചവര്‍ണത്തത്ത പോലെ’ കഴിഞ്ഞ് മലയാളം കേട്ട രണ്ടാമത്തെ ഖവ്വാലിയാണ് സര്‍പ്പത്തിലെ ‘സ്വര്‍ണ മീനിന്റെ ചേലൊത്ത’ എന്ന ഗാനം. യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, പി സുശീല, വാണി ജയറാം എന്നിങ്ങനെ പ്രഗൽഭരായ നാല് ഗായകരെ ഒരുമിച്ച് നിർത്തി കെ ജെ ജോയ് ഒരുക്കിയ മാന്ത്രിക ഗാനം.

ഇന്നുള്ളത് പോലെ എന്നല്ല സാങ്കേതിക വിദ്യയുടെ യാതൊരു സഹായവും ഇല്ലാതിരുന്ന കാലമാണ്. നാല്പത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് 1979ൽ ആണ് റെക്കോഡിങ് നടക്കുന്നത്. ഒരാൾ തെറ്റു വരുത്തിയാൽ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം. ഏതൊരു സംഗീത സംവിധായകനും ഭയപ്പെടുന്ന ഉദ്യമത്തിന് മുതിരാൻ പുതുമകളോടുള്ള ജോയ്‌യുടെ പ്രേമം തന്നെയാകണം ധൈര്യം പകർന്നത്.

സംഗീതോപകരണങ്ങളുടെ കാര്യത്തില്‍ പ്രൗഢമായതൊന്നും അവകാശപ്പെടാനില്ലാതിരുന്ന മലയാള സിനിമാ സംഗീതത്തിന് ഹിന്ദി പാട്ടുകളില്‍ ഉപയോഗിക്കുന്ന തരം ഓര്‍ക്കസ്‌ട്രേഷന്‍ ജോയ് പരിചയപ്പെടുത്തി നൽകി. 'മനുഷ്യമൃഗം' എന്ന ചിത്രത്തിലെ കസ്തൂരി മാന്‍മിഴി, 'അനുപല്ലവി'യിലെ എന്‍ സ്വരം പൂവിടും ഗാനമേ, ആയിരം മാതളപ്പൂക്കള്‍, ഒരേ രാഗ പല്ലവി നമ്മള്‍, സ്വര്‍ണമീനിന്റെ ചേലൊത്ത കൂടാതെ 'സര്‍പ്പ'ത്തിലെ കുങ്കുമസന്ധ്യകളോ, 'സായൂജ്യ'ത്തിലെ മറഞ്ഞിരുന്നാലും, കാലിത്തൊഴുത്തില്‍ പിറന്നവനേ, 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന ചിത്രത്തിലെ ആഴിത്തിരമാലകള്‍, അറബിക്കടലും അഷ്ടമുടിക്കായലും, 'ശക്തി'യിലെ എവിടെയോ കളഞ്ഞുപോയ കൗമാരം എന്നിങ്ങനെ പക്ഷാഘാതം ജീവിതത്തിൽ വില്ലനായി അവതരിക്കും വരെ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടേയിരുന്ന പ്രിയ സംഗീതജ്ഞന് വിട.

Related Stories

No stories found.
logo
Reporter Live
www.reporterlive.com