ചിരിപ്പിച്ച് വിറപ്പിച്ച ഫിലോമിന; ഓ‍ർമ്മകൾക്ക് 17 വയസ്

ഫിലോമിന ഹിറ്റാക്കിയ ഡയലോഗുകൾ യുവതലമുറകൾക്കിടയിലും ട്രെൻഡാണ്
ചിരിപ്പിച്ച് വിറപ്പിച്ച ഫിലോമിന; ഓ‍ർമ്മകൾക്ക് 17 വയസ്

ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയുടെ പ്രിയ താരമായ ഫിലോമിന ഓർമ്മയായിട്ട് ഇന്ന് 17 വർഷം. സ്വതസിദ്ധമായ അഭിനയമികവായിരുന്നു ഫിലോമിനയുടെ പ്രത്യേകത. വാത്സ്യമുള്ള, സ്നേഹമുള്ള അമ്മയായും കർക്കശ്യക്കാരിയായ മുത്തശ്ശിയായും അരിശക്കാരിയായ അമ്മായിയമ്മയായും പൊങ്ങച്ചക്കാരിയായ കൊച്ചമ്മയായും ഫിലോമിന ജനഹൃദയങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. ആണഹന്തയെ നേർക്കുനേർ നിന്ന് വെല്ലുവിളിച്ച ആനപ്പാറ അച്ചാമ്മ ഫിലോമിനയെ അടയാളപ്പെടുത്തിയ കഥാപാത്രമായിരുന്നു. ഫിലോമിന ഹിറ്റാക്കിയ ഡയലോഗുകൾ യുവതലമുറകൾക്കിടയിലും ട്രെൻഡാണ്.

തൃശൂരിലെ മുള്ളൂർക്കരയിൽ ജനിച്ച്, നാടകങ്ങളിലൂടെയാണ് ഫിലോമിന അഭിനയരംഗത്ത് സജീവമാകുന്നത്. 1964ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'കുട്ടിക്കുപ്പായ'മെന്ന ചിത്രത്തിലെ പ്രേംനസീറിൻറെ അമ്മവേഷത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത്. ഏറെയും അമ്മവേഷങ്ങളാണ് ശ്രദ്ധേയമായിട്ടുള്ളത്. 45 വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്ന ഫിലോമിന അഭിനയിച്ചത് 750ഓളം മലയാളം ചിത്രങ്ങളിലാണ്.

ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴും അവർ കരുത്തോടെ അഭിനയരംഗത്ത് തുടർന്നു. അമ്മ, അമ്മായിമ്മ റോളുകളിൽ നിന്ന് മാറി സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെ നർമ്മം തുളുമ്പുന്ന കഥാപാത്രങ്ങളും അനായാസം ഫിലോമിന കൈകാര്യം ചെയ്തിട്ടുണ്ട്. ആനപ്പാറ അച്ചാമ്മ മാത്രമല്ല, സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ, കിരീടത്തിലെ മുത്തശ്ശി, വെങ്കലത്തിലെ അച്ഛമ്മ, തനിയാവർത്തനം, മഴവിൽ കാവടി എന്നിവയിലെ വേഷങ്ങളും എടുത്ത് പറയേണ്ട കഥാപാത്രങ്ങളിൽ ചിലതാണ്.

നാട്ടിൻ പുറങ്ങളിൽ കാണാറുള്ള, അയൽപക്കത്ത് കാണ്ടിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഫിലോമിനയുടെ രീതി ഏവരേയും അതിശയിപ്പിക്കുന്നവയാണ്. ലളിതമായ ഭാഷയിൽ നമ്മളിലൊരാളെപ്പോലെ ഫിലോമിന ജീവിക്കുകയായിരുന്നു. 1970 ൽ തുറക്കാത്ത വാതിൽ, ഓളവും തീരവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 1987ൽ തനിയാവർത്തനത്തിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ദേഷ്യപ്പെടുമ്പോൾ പോലും ഹാസ്യമുണ്ടാക്കിയിരുന്ന അതേ സമയം ആസ്വാദക മനസിൽ വിങ്ങലുണ്ടാക്കുന്ന പ്രകടനങ്ങളും ഫിലോമിന കാഴ്ച്ചവെച്ചു. 'മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും' ആയിരുന്നു അവസാന ചിത്രം. ഓർത്തുവയ്ക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഫിലോമിന യാത്രയായത്. 80മത്തെ വയസിൽ, 2006 ജനുവരി 2 തിങ്കളാഴ്ച ചെന്നൈയിൽ മകൻ ജോസഫിന്റെ വസതിയിൽ വച്ചാണ് ഫിലോമിന വിടപറയുന്നത്. പകരം വയ്ക്കാനാകാത്ത പ്രിയതാരത്തിന്റെ സിനിമകളും സംഭാഷണങ്ങളും മലായള സിനിമയ്ക്ക് എക്കാലവും മുതൽകൂട്ടാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com