മമ്മൂട്ടിയെയും ചിരഞ്ജീവിയെയും നായകരാക്കിയ 'ഹിറ്റ്ലർ'; റീമേക്ക് ചെയ്യപ്പെട്ട സിദ്ദിഖ് സിനിമകൾ

സിദ്ദിഖിന്റെ സിനിമകളിൽ 90 ശതമാനവും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു
മമ്മൂട്ടിയെയും ചിരഞ്ജീവിയെയും നായകരാക്കിയ 'ഹിറ്റ്ലർ'; റീമേക്ക് ചെയ്യപ്പെട്ട സിദ്ദിഖ് സിനിമകൾ

മലയാളത്തിന് ഒരു തീരാനഷ്ടമായി സംവിധായകൻ സിദ്ദിഖ് വിട പറഞ്ഞിരിക്കുകയാണ്. 'പ്രിയപ്പെട്ട പപ്പന്റെ' കഥ പറഞ്ഞുതുടങ്ങിയ ആ സിനിമാജീവിതം ഇനിയും ഏറെ കഥകൾ ബാക്കി വെച്ചാണ് വിടവാങ്ങിയത്. അദ്ദേഹം സംവിധായകന്റെ തൊപ്പി അണിഞ്ഞതിന് ശേഷം മലയാളത്തിന് സമ്മാനിച്ചത് എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ചിത്രങ്ങളാണ്. ആ സിനിമകളിൽ 90 ശതമാനവും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിദ്ദിഖ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

റാംജി റാവ് സ്‌പീക്കിങ്

പുതുമുഖ സംവിധായകരും പുതുമുഖ നായകനും നായികയുമൊക്കെയായി ഒരു സിനിമ. ഈ ചിത്രം വിജയിക്കുമോ എന്ന് ചോദിച്ചവരെകൊണ്ട് ഇതാണ് വിജയ ഫോർമാറ്റ് എന്ന് പറയിപ്പിച്ച 'റാംജി റാവ് സ്‌പീക്കിങ്'. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെ ആദ്യ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, പഞ്ചാബി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. ഫാസിൽ സംവിധാനം ചെയ്ത തമിഴ് പതിപ്പിൽ മാമുക്കോയ, വിജയരാഘവൻ എന്നിവർ തങ്ങളുടെ മലയാളം പതിപ്പിലെ വേഷങ്ങളായി തന്നെ എത്തിയിരുന്നു. മലയാളത്തിൽ ഗോപാലകൃഷ്ണൻ എന്ന മുകേഷിന്റെ കഥാപാത്രം തമിഴിലെത്തിയപ്പോൾ മാഷ എന്ന സ്ത്രീ കഥാപാത്രമായി മാറുകയുണ്ടായി. സിനിമയുടെ ഹിന്ദി പതിപ്പായ 'ഹേരാ ഫേരി' സംവിധാനം ചെയ്തത് പ്രിയദർശനാണ്. അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് തുടർഭാഗങ്ങളുമുണ്ടായി.

ഇൻ ഹരിഹർനഗർ

മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖും ലാലും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'ഇൻ ഹരിഹർനഗർ'. അപ്പുക്കുട്ടനും മഹാദേവനും തോമസുകുട്ടിയും ഗോവിന്ദൻകുട്ടിയും ചിരിയുടെ മാലപ്പടക്കം തീർത്തപ്പോൾ റെക്കോർഡ് വിജയമാണ് മലയാളത്തിന് ലഭിച്ചത്. ഈ സിനിമ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 'നഗരദല്ലി നായകരു' എന്ന പേരിൽ ചിത്രം കന്നഡയിലെത്തിയപ്പോൾ 'മധുര നഗരിലോ' എന്ന പേരിലാണ് ചിത്രം തെലുങ്കിൽ റിലീസ് ചെയ്തത്. 'പർദാ ഹേ പർദാ' എന്ന പേരിലാണ് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ഇത് പിന്നീട് 'ഡോൽ' എന്ന പേരിൽ പ്രിയദർശൻ വീണ്ടും റീമേക്ക് ചെയ്തു. 'എംജിആർ നഗർ' എന്ന തമിഴ് പതിപ്പ് സംവിധാനം ചെയ്തത് ആലപ്പി അഷ്റഫാണ്.

ഗോഡ്ഫാദർ

മലയാളത്തിൽ ഏറ്റവും അധികം നാൾ തിയേറ്ററിൽ ഓടിയ സിനിമ, 'ഗോഡ്ഫാദർ'. 417 ദിവസങ്ങളായിരുന്നു ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ഈ ചിത്രം ഹിന്ദി, മറാത്തി, തെലുങ്ക്, കന്നഡ, ഒഡിയ ഭാഷകളിൽ റിലീസ് ചെയ്തു. അക്ഷയ് ഖന്നയും കരീന കപൂറും പ്രധാന കഥാപാത്രങ്ങളായ 'ഹൽചുൽ' എന്ന ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രിയദർശനാണ്.

വിയറ്റ്നാം കോളനി

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ആദ്യ സൂപ്പർതാര ചിത്രമായിരുന്നു 'വിയറ്റ്നാം കോളനി'. മോഹൻലാൽ നായകനായ ചിത്രം ഒരു കോളനിയിൽ ജീവിക്കുന്ന മനുഷ്യരെ ഒഴിപ്പിക്കാൻ വരുന്ന നായകനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. 1983ൽ പുറത്തിറങ്ങിയ 'ലോക്കൽ ഹീറോ' എന്ന സ്‌കോട്ടിഷ് ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. 1992ൽ റിലീസ് ചെയ്ത സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. 'വിയറ്റ്നാം കോളനി' എന്ന പേരിൽ തന്നെയാണ് ആ ചിത്രം തമിഴിൽ റീമേക്ക് ചെയ്തത്. വർഷങ്ങൾക്കിപ്പുറം വിയറ്റ്നാം കോളനിയാണ് ജെയിംസ് കാമറൂൺ 'അവതാർ' ആക്കിയത് എന്ന് പറയുന്ന ചില രസകരമായ ട്രോളുകൾ ഫേസ്‍ബുക്കിലൂടെ വന്നിരുന്നു.

കാബൂളിവാല

കന്നാസിനേയും കടലാസിനേയും മലയാളത്തിന് നൽകിയ സിനിമ, 'സംവിധാനം സിദ്ദിഖ്-ലാൽ' എന്ന് അവസാനമായി തിരശീലയിൽ കാണിച്ച സിനിമ. 'കാബൂളിവാല' തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 'മീസൈ മാധവൻ' എന്നായിരുന്നു ആ സിനിമയുടെ പേര്.

മാന്നാർ മത്തായി സ്‌പീക്കിങ്

മാന്നാർ‌ മത്തായിയും സംഘവും നടത്തിയ രണ്ടാം വരവ്, ആൽഫ്രെഡ് ഹിച്കോക്കിന്റെ 'വെർട്ടിഗോ' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിദ്ദിഖ്-ലാലിന്റെ രചനയിൽ 'മാന്നാർ മത്തായി സ്‌പീക്കിങ്' ഒരുങ്ങിയത്. പ്രിയദർശൻ ഈ സിനിമയുടെ ചില ഭാഗങ്ങൾ 'ബാഗം ബാഗ്' എന്ന സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ പ്രിയൻ ചിത്രം പിന്നീട് 'ബ്രഹ്മാനന്ദം ഡ്രാമ കമ്പനി' എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. സിദ്ദിഖ് തന്നെ പിൽക്കാലത്ത് തന്റെ തമിഴ് ചിത്രമായ 'സാധു മിറാൻഡ'യ്ക്കും തെലുങ്ക് ചിത്രമായ 'മാരോ'യ്ക്കും മാന്നാർ മത്തായി എന്ന സിനിമയുടെ കഥ ഉപയോഗിച്ചിട്ടുണ്ട്.

ഹിറ്റ്ലർ

സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'ഹിറ്റ്ലർ'. 1996ൽ പുറത്തിറങ്ങിയ സിനിമ 300 ദിവസത്തിലധികമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ഹിറ്റ്ലർ മാധവൻകുട്ടി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വസ്ത്രധാരണവും ഹെയർസ്റ്റൈലുമെല്ലാം ആ സമയത്ത് ട്രെൻഡ് ആയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ആ ചിത്രം റീമേക്ക് ചെയ്തിരുന്നു.

ഹിറ്റ്ലർ എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴ് പതിപ്പിൽ സത്യരാജും, കന്നഡ പതിപ്പിൽ വിഷ്ണുവർധനും, ഹിന്ദി പതിപ്പിൽ സുനിൽ ഷെട്ടിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ഫ്രണ്ട്സ്

ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി സൗഹൃദത്തിന്റെ കഥ പറഞ്ഞ സിദ്ദിഖ് ചിത്രമാണ് 'ഫ്രണ്ട്സ്'. മലയാളത്തിൽ വമ്പൻ വിജയമായ സിനിമ അതേ പേരിൽ തന്നെ സിദ്ദിഖ് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. വിജയ്, സൂര്യ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതുകൂടാതെ തെലുങ്കിലേക്കും ഒഡിയയിലേക്കും 'ഫ്രണ്ട്സ്' റീമേക്ക് ചെയ്തിരുന്നു.

ക്രോണിക് ബാച്ചിലർ

'ഹിറ്റ്ലർ' നൽകിയ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും കൈകൊടുത്ത ചിത്രമാണ് 'ക്രോണിക് ബാച്ചിലർ'. മുകേഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, രംഭ, ഭാവന തുടങ്ങിയ വലിയ താരനിര അണിനിരന്ന സിനിമ ഫാസിലായിരുന്നു നിർമ്മിച്ചത്. ഈ ചിത്രം 'എങ്കൾ അണ്ണാ' എന്ന പേരിൽ സിദ്ദിഖ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. കൂടാതെ ജഗപതി ബാബു നായകനായ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു.

ബോഡിഗാർഡ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയായിരുന്നു 'ബോഡിഗാർഡ്'. ദിലീപും നയൻതാരയും പ്രധാന കഥാപാത്രങ്ങളായ സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇതിൽ തമിഴ്, ഹിന്ദി പതിപ്പുകൾ സംവിധാനം ചെയ്തതും സിദ്ദിഖ് തന്നെയാണ്. വിജയ് നായകനായ ബോഡിഗാർഡിന്റെ തമിഴ് പതിപ്പിന് ആദ്യം 'കാവൽക്കാരൻ' എന്നായിരുന്നു പേര് നൽകാനിരുന്നത്‌. എംജിആർ നായകനായി അതേപേരിൽ ഒരു സിനിമയുണ്ടായിരുന്നതിനാൽ പിന്നീട് സിനിമയുടെ പേര് 'കാവലൻ' എന്നാക്കിയാണ് റിലീസ് ചെയ്തത്. ചിത്രം ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 'ബോഡിഗാർഡ്' എന്ന പേരിൽ തന്നെ ഒരുങ്ങിയ ഹിന്ദി പതിപ്പിൽ സൽമാൻ ഖാനും കരീന കപൂറുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം റെക്കോർഡ് കളക്ഷൻ നേടുകയും മികച്ച പുതുമുഖ സംവിധായകനുള്ള സീ സിനി അവാർഡ്‌സിന് സിദ്ദിഖിനെ അർഹനാക്കുകയും ചെയ്തു.

ഭാസ്കർ ദി റാസ്കൽ

സിദ്ദിഖും മമ്മൂട്ടിയും മൂന്നാമതും ഒന്നിച്ച ചിത്രം, ഒപ്പം നയൻതാരയും. വലിയ ഹൈപ്പോടെ റിലീസ് ചെയ്ത 'ഭാസ്കർ ദി റാസ്കൽ' മികച്ച വിജയവും നേടി. പിന്നാലെ ചിത്രം തമിഴിലേക്ക് സിദ്ദിഖ് തന്നെ റീമേക്കും ചെയ്തു. 'ഭാസ്കർ ഒരു റാസ്കൽ' എന്നായിരുന്നു ആ സിനിമയുടെ പേര്. അരവിന്ദ് സാമിയും അമല പോളും പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് തമിഴിൽ വിജയം കണ്ടെത്താനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com