ഇനങ്ങനെയൊക്കെ ചെയ്യാമോ, ഒരു ദിവസം ഒന്നും രണ്ടും അല്ല അഞ്ചു വമ്പൻ റിലീസുകൾ

തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ വമ്പൻ താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ
ഇനങ്ങനെയൊക്കെ ചെയ്യാമോ, ഒരു ദിവസം ഒന്നും രണ്ടും അല്ല അഞ്ചു  വമ്പൻ  റിലീസുകൾ

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാൻ വെമ്പുന്നവരാണ് ഭൂരിഭാഗം സിനിമാ പ്രേമികളും. ഇതരഭാഷാ ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകർക്ക് ഓഗസ്റ്റ് 15 തിരക്കേറിയ ദിനം ആയിരിക്കും. ഒരു ദിവസം ഒന്നിച്ചെത്തുന്നത് ഒന്നും രണ്ടും അല്ല അഞ്ചു റിലീസുകളാണ്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ വമ്പൻ താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. അവ ഏതെല്ലാം എന്ന് കാണാം.

പുഷ്പ 2 : ദി റൂൾ

തെന്നിന്ത്യയുടെ ഐക്കൺ സ്റ്റാർ അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ സിനിമയാണ് 'പുഷ്പ'. 2021-ലെ ബ്ലോക്ക്ബസ്റ്റർ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. 'പുഷ്പ 2 ' ചിത്രീകരണം പുരോഗമിക്കുകയാണ്. പുഷ്പ രാജിന്റെ ഭരണം ആരംഭിക്കാൻ ഇനി 200 ദിവസം കൂടെ എന്ന കുറിപ്പോടെ മൈത്രി മൂവീ മേക്കേഴ്‌സ് റിലീസ് പ്രഖ്യാപന പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിലെ ഫഹദ് ഫാസിലാണ്. നായിക രശ്‌മിക മന്ദാനയാണ്. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

സിംഗം എഗെയ്ൻ

അക്ഷയ് കുമാറിന്റെ നായികയായി കരീന കപൂർ എത്തുന്ന ചിത്രമാണ് സിംഗം എഗെയ്ൻ. ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, രൺവീർ സിങ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിംഗം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് 'സിംഗം എഗെയ്ൻ'. 2011-ൽ പുറത്തിറങ്ങിയ സിംഗത്തിൽ കാജൽ അഗർവാളും പ്രകാശ് രാജും അഭിനയിച്ചിരുന്നു. ഇതിന്റെ തുടർച്ച 2014-ൽ 'സിംഹം റിട്ടേൺസ്' എത്തിയിരുന്നു.

ഇന്ത്യൻ 2

തെന്നിന്ത്യ കാത്തിരിക്കുന്ന പ്രധാന സീക്വലുകളിൽ ഒന്നാണ് 'ഇന്ത്യൻ 2'. കമലഹാസനും ശങ്കറും വീണ്ടും ഒന്നിക്കുമ്പോൾ ചെറുതൊന്നും അല്ല ആരാധകരുടെ പ്രതീക്ഷ. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ 2 സ്വാതന്ത്ര്യ ദിനത്തിൽ എത്തുമെന്ന് സൂചനകൾ ഉണ്ട്.

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

കങ്കുവ

തമിഴ് നടൻ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കങ്കുവ’. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുധിരൻ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും നിർമാതാക്കൾ അടുത്തിടെ പുറത്ത് വിട്ടിരുന്നു. 38 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വേട്ടൈയാൻ

രജിനികാന്തിന്റെ കരിയറിലെ 170-ാം ചിത്രമാണ് വേട്ടൈയാൻ. ചിത്രത്തിൽ പോലീസ് ഓഫീസർ ആയിട്ടാണ് രജനി എത്തുന്നത്. സൂപ്പർ ഹിറ്റായ ജയിലറിന്റെ അതെ ലുക്ക് തന്നെയാണ് വേട്ടൈയാനിലും നിലനിർത്തിയിരിക്കുന്നത്. ടി.ജെ ജ്ഞാനവേലാണ് സംവിധാനം. ബോളിവുഡ് ബിഗ് ബി അമിതാബ് ബച്ചൻ, മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 32 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടൈയാനുണ്ട്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷമാണ് ബച്ചനും രജിനിയും ഒരു ചിത്രത്തിനായി ഒത്തുചേരുന്നത്. ഈ ചിത്രവും ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com