പലിശ നിരക്ക് കുറക്കാന്‍ പ്രണബ് മുഖര്‍ജിയും ചിദംബരവും സമ്മര്‍ദ്ദം ചെലുത്തി; ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

'അസുഖകരമായ ബന്ധമായിരുന്നു ആകെയുള്ള ഫലം'
പലിശ നിരക്ക് കുറക്കാന്‍ പ്രണബ് മുഖര്‍ജിയും ചിദംബരവും സമ്മര്‍ദ്ദം ചെലുത്തി; ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: വളര്‍ച്ചയുടെ മികച്ച ചിത്രം അവതരിപ്പിക്കാന്‍ പ്രണബ് മുഖര്‍ജിയും ചിദംബരവും ആര്‍ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സുബ്ബറാവു വ്യക്തമാക്കി. പ്രണബ് മുഖര്‍ജിയുടെയും പി ചിദംബരത്തിന്റെയും കീഴിലുള്ള ധനമന്ത്രാലയം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വെളിപ്പെടുത്തൽ. സര്‍ക്കാറിന് അനുകൂല വികാരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വളര്‍ച്ചയുടെ മികച്ച ചിത്രം അവതരിപ്പിക്കാറുണ്ടെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു തന്റെ ഓര്‍മ്മക്കുറിപ്പില്‍ അവകാശപ്പെട്ടു. 'ജസ്റ്റ് എ മേഴ്‌സിനറി?: നോട്ട്സ് ഫ്രം മൈ ലൈഫ് ആന്‍ഡ് കരിയര്‍' എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം പ്രണബ് മുഖര്‍ജി, ചിദംബരം എന്നിവര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.

ബാങ്ക് സ്വയംഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ധാരണ കുറവാണെന്നും അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞു.'പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ അത്തരത്തിലുള്ള ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു. ധനകാര്യ സെക്രട്ടറി അരവിന്ദ് മായാരവും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവും ഞങ്ങളുടെ കണക്കുകൂട്ടലുകളെ അവരുടെ അനുമാനങ്ങളും എസ്റ്റിമേറ്റുകളും ഉപയോഗിച്ച് എതിര്‍ത്തു' എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് മറ്റെല്ലായിടത്തും സര്‍ക്കാരുകളും അവിടുത്തെ സെന്‍ട്രല്‍ ബാങ്കുകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് വളരെ അനാസ്ഥ കാണിക്കുകയാണെന്ന് മായാരം പറഞ്ഞതായും സുബ്ബറാവു കുറിച്ചു.

പൊതുവികാരത്തിന് വേണ്ടി റിസർവ് ബാങ്കിന് അതിന്റെ പ്രൊഫഷണല്‍ സ്വഭാവത്തിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്ന ഉറച്ച നിലപാടാണ് എല്ലാ അവസരത്തിലും താന്‍ സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിദംബരവും മുഖര്‍ജിയും ആര്‍ബിഐയുടെ നയനിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായും സുബ്ബറാവു എഴുതി. ശൈലികള്‍ വ്യത്യസ്തമാണെങ്കിലും രണ്ടുപേരും മൃദുവായ നിരക്കുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തി. ചിദംബരം സാധാരണയായി അഭിഭാഷകനെപ്പോലെ തന്റെ കേസ് വാദിച്ചു, മുഖര്‍ജി ഒരു മികച്ച രാഷ്ട്രീയക്കാരനായിരുന്നു. 'അസുഖകരമായ ബന്ധമായിരുന്നു ആകെയുള്ള ഫലം' എന്നും മുന്‍ റിസർവ് ബാങ്ക് ഗവര്‍ണര്‍ എഴുതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com