'നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്'; കച്ചൈത്തീവ് വിവാദത്തിൽ മോദിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയ്ക്ക് കീഴിലുള്ള കോൺ​ഗ്രസ് സർക്കാരാണ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ട് നൽകിയതെന്നായിരുന്നു മോദിയുടെ ആരോപണം
'നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്'; കച്ചൈത്തീവ് വിവാദത്തിൽ മോദിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: കച്ചൈത്തീവ് വിവാദത്തിൽ ഡിഎംകെയ്ക്കെതിരെ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശ്രീലങ്കയിൽ നിന്ന് കച്ചൈത്തീവ് തിരിച്ചെടുക്കാൻ മോദി സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സ്റ്റാലിൻ ചോദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധി നേതൃത്വം നല്‍കിയ കോൺ​ഗ്രസ് സർക്കാരാണ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ട് നൽകിയതെന്നായിരുന്നു മോദിയുടെ ആരോപണം. ഡിഎംകെയുടെ ഇരട്ടത്താപ്പ് പൂർണ്ണമായും തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സ്റ്റാലിൻ്റെ പാർട്ടിയായ ഡിഎംകെ തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

'ബിജെപി അധികാരത്തിൽ എത്തിയപ്പോൾ കച്ചൈത്തീവിനെക്കുറിച്ച് എന്താണ് പറഞ്ഞത്? ദ്വീപ് തിരിച്ചുപിടിക്കണമെങ്കിൽ ശ്രീലങ്കയുമായി യുദ്ധത്തിൽ ഏർപ്പെടേണ്ടി വരുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോദി ശ്രീലങ്കയിൽ പോയിട്ടുണ്ടോ?. ശ്രീലങ്കൻ രാഷ്ട്ര തലവനെ കണ്ടപ്പോൾ കച്ചൈത്തീവ് ഇന്ത്യയുടേതാണെന്ന് എപ്പോഴെങ്കിലും അവരോട് പറഞ്ഞിട്ടിട്ടുണ്ടോ?', സ്റ്റാലിൻ ചോദിച്ചു.

നെഹ്റുവിന്റേയും ഇന്ദിരാ​ഗാന്ധിയുടേയും കാലത്ത് നടന്ന സംഭവങ്ങൾ വളരെ വ്യക്തമായി ഓർക്കുന്ന പ്രധാനമന്ത്രി, രണ്ട് വർഷം മുമ്പ് നടന്ന സംഭവങ്ങൾ എന്തെങ്കിലും ഓർക്കുന്നുണ്ടോ? അതിെനെ കുറിച്ച് താൻ ചോദിക്കാൻ ആ​ഗ്രഹിക്കുന്നു. ചെന്നൈയിൽ നടന്ന, പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ താൻ കുറച്ച് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിൽ ആദ്യത്തേത് കച്ചൈത്തീവ് വീണ്ടെടുക്കുക എന്നതായിരുന്നു, ഓർക്കുന്നുണ്ടോ. താൻ സമർപ്പിച്ച മെമ്മോറാണ്ടം വായിച്ചുനോക്കിയിരുന്നോയെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചോദിച്ചു.

കച്ചൈത്തീവ് വിഷയം ബിജെപിക്ക് തിരിച്ചടിയായി. തേനീച്ചക്കൂടിൽ കൈ വെച്ചു, ഇപ്പോൾ അവർ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിദേശകാര്യ സെക്രട്ടറിയായിരിക്കെ 2015ൽ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ കച്ചൈത്തീവ് ഇന്ത്യയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നതായും തിരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടി വിഷയം ഉയർത്തുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഇപ്പോൾ കച്ചൈത്തീവിനെക്കുറിച്ച് കരയുന്ന പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ശ്രീലങ്കയ്‌ക്കെതിരെ ഒരു വാക്ക് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

'നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്'; കച്ചൈത്തീവ് വിവാദത്തിൽ മോദിയെ വിമർശിച്ച് എം കെ സ്റ്റാലിൻ
'ആളിറങ്ങാനുണ്ടേ.....'വിളി വന്ദേഭാരത് കേട്ടില്ല; കിട്ടിയത് എട്ടിന്റെ പണി!

Related Stories

No stories found.
logo
Reporter Live
www.reporterlive.com