തെലങ്കാനയില്‍ മുന്നൊരുക്കങ്ങളില്ല, പ്രവര്‍ത്തനം സ്വന്തം ഇഷ്ടത്തിന്: വിമര്‍ശിച്ച് ബിജെപി നേതൃത്വം

ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലുള്‍പ്പടെ സംസ്ഥാന നേതാക്കള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് നേതൃത്വം വിമര്‍ശിച്ചു
തെലങ്കാനയില്‍ മുന്നൊരുക്കങ്ങളില്ല, പ്രവര്‍ത്തനം സ്വന്തം ഇഷ്ടത്തിന്: വിമര്‍ശിച്ച് ബിജെപി നേതൃത്വം

ഹൈദരാബാദ്: തെലങ്കാന ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കേന്ദ്രനേതൃത്വം രംഗത്തെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 50 ശതമാനം ബൂത്ത് കമ്മിറ്റികള്‍ പോലും രൂപീകരിക്കാത്തതില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. മെയ് 13നാണ് തെലങ്കാന പോളിങ് ബൂത്തിലെത്തുന്നത്.

ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലുള്‍പ്പടെ സംസ്ഥാന നേതാക്കള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് നേതൃത്വം വിമര്‍ശിച്ചു. പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സ്വന്തം ഇഷ്ടത്തിനാണ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ആസ്ഥാനത്ത് ഞായറാഴ്ച നടന്ന പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളുടെ യോഗത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ സംസ്ഥാനത്ത് ബൂത്ത് കമ്മിറ്റി രൂപീകരണ ചുമതല പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പോലും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ച പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കൂടിയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. അതേസമയം ബിജെപി സ്ഥാപക ദിനം കൂടിയായ ഏപ്രില്‍ ആറിന് സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തോടടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ കര്‍മപദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. എല്ലാ അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ജനങ്ങളുമായി സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

തെലങ്കാനയില്‍ മുന്നൊരുക്കങ്ങളില്ല, പ്രവര്‍ത്തനം സ്വന്തം ഇഷ്ടത്തിന്: വിമര്‍ശിച്ച് ബിജെപി നേതൃത്വം
ഭരണഘടന തിരുത്താൻ വോട്ടഭ്യർത്ഥിച്ചു, വിവാദമായി; ആറ് തവണ എംപിയായ ഹെഗ്ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com