'SNOWLYGOSTER'; വീണ്ടും ആ വാക്ക് പങ്കിട്ട് തരൂർ; നിതീഷ് കുമാറിന് പരിഹാസം

'ഇത് മറ്റൊരു ദിവസത്തെ വാക്കാകുമെന്ന് അന്ന് ഒരിക്കലും കരുതിയില്ല'
'SNOWLYGOSTER'; വീണ്ടും ആ വാക്ക് പങ്കിട്ട് തരൂർ; നിതീഷ് കുമാറിന് പരിഹാസം

ന്യൂ ഡൽഹി: ഇൻഡ്യ മുന്നണിയുമായി ഇടഞ്ഞ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവച്ചതും വീണ്ടും സത്യപ്രതിജ്ഞ ചെയ്തതുമെല്ലാം ദേശീയ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. നിതീഷിന്റെ കൂറുമാറ്റത്തിൽ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. അക്കൂട്ടത്തിൽ രസകരമായ പ്രതികരണമാണ് കോൺഗ്രസ് നേതാവ് ശശി തരൂരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഒരു ദിവസത്തെ വാക്ക് എന്ന നിലയിൽ പല ഇംഗ്ലീഷ് വാക്കുകളും തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെടുത്തിയ ഒരു വാക്ക് തരൂർ വീണ്ടും പങ്കിട്ടാണ് പരിഹാസം.

'SNOWLYGOSTER' എന്ന വാക്കാണ് തരൂർ പങ്കുവച്ചത്. ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഇത് മറ്റൊരു ദിവസത്തെ വാക്കാകുമെന്ന് അന്ന് ഒരിക്കലും കരുതിയില്ല എന്ന കുറിപ്പോടെയാണ് 2017-ലെ തന്റെ ട്വീറ്റ് തരൂർ വീണ്ടും പങ്കുവച്ചത്. അപരിചിതമായ ഇംഗ്ലീഷ് വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുന്നത് തരൂരിന്റെ ശീലമാണ്. അത് പലപ്പോഴും സൈബറിടം ഏറ്റെടുക്കാറുമുണ്ട്. നിതീഷ് കുമാറടക്കമുള്ള നേതാക്കൾ മുമ്പും കൂറുമാറ്റം നടത്തിയപ്പോൾ തരൂർ ഈ വാക്ക് എടുത്ത് ഉപയോഗിച്ചിരുന്നു.

കോൺഗ്രസ് ഞായറാഴ്ച നിതീഷ് കുമാറിനെ ഒരു ഓന്തിനോടാണ് ഉപമിച്ചത്. അദ്ദേഹത്തിൻ്റെ വഞ്ചന സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കോൺഗ്രസിന്റെ ട്വീറ്റ്.

അതേസമയം, ബിഹാറിൻ്റെ വികസനത്തിനായി പ്രവർത്തനം തുടരുമെന്ന് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മുഖ്യമന്ത്രിയായ നിതീഷ് കുമാർ പറഞ്ഞു. ഒമ്പതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാസഖ്യ സർക്കാരിനെ പിരിച്ചുവിട്ട ശേഷം ഇന്ന് വൈകീട്ടാണ് നിതീഷ് കുമാ‍ർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

'SNOWLYGOSTER'; വീണ്ടും ആ വാക്ക് പങ്കിട്ട് തരൂർ; നിതീഷ് കുമാറിന് പരിഹാസം
എൻഡിഎയിൽ മടങ്ങിയെത്തിയിരിക്കുന്നു, ഇനി എവിടേക്കെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് നിതീഷ് കുമാർ

മഹാസഖ്യ സർക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് ഒന്നും ചെയ്തില്ലെന്നും ബിഹാറിന്റെ വികസനത്തിനായി താൻ പ്രവ‍ർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ എൻഡിഎയിൽ മടങ്ങി എത്തിയിരിക്കുന്നുവെന്നും ഇനി എവിടെയും പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉദിക്കുന്നില്ലെന്നും നിതീഷ് കുമാ‍ർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com