എൻഡിഎയിൽ മടങ്ങിയെത്തിയിരിക്കുന്നു, ഇനി എവിടേക്കെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് നിതീഷ് കുമാർ

മഹാസഖ്യ സർക്കാരിനെ പിരിച്ചുവിട്ട ശേഷം ഇന്ന് വൈകീട്ടാണ് നിതീഷ് കുമാ‍ർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
എൻഡിഎയിൽ മടങ്ങിയെത്തിയിരിക്കുന്നു, ഇനി എവിടേക്കെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് നിതീഷ് കുമാർ

പറ്റ്ന: ബിഹാറിൻ്റെ വികസനത്തിനായി പ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഒമ്പതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാസഖ്യ സർക്കാരിനെ പിരിച്ചുവിട്ട ശേഷം ഇന്ന് വൈകീട്ടാണ് നിതീഷ് കുമാ‍ർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

അതേസമയം മഹാസഖ്യ സർക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് ഒന്നും ചെയ്തില്ലെന്നും ബിഹാറിന്റെ വികസനത്തിനായി താൻ പ്രവ‍ർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ എൻഡിഎയിൽ മടങ്ങി എത്തിയിരിക്കുന്നുവെന്നും ഇനി എവിടെയും പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉദിക്കുന്നില്ലെന്നും നിതീഷ് കുമാ‍ർ കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിന് പുറമെ ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് സിംഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോ​ദി അഭിനന്ദിച്ചു. ബീഹാറിന് കൂടുതൽ വികസന പദ്ധതികളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ഇൻഡ്യ സഖ്യത്തോടിടഞ്ഞാണ് നിതീഷ് കുമാറിന്റെ എൻഡിഎയിലേക്കുള്ള കൂടുമാറ്റം. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാ‍ർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ബിജെപി-ജെഡിയു സഖ്യ സർക്കാരാണ് ഇനി ബിഹാർ ഭരിക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവ‍ർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കഴിഞ്ഞ 17 മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ബിഹാറിൽ മന്ത്രിസഭാ സത്യപ്രതി‍ജ്ഞ നടക്കുന്നത്. ഇരുവരും ബിജെപി നേതാക്കളാണ്. തേജസ്വി യാദവിന്റെ പക്കലുണ്ടായിരുന്ന വകുപ്പുകൾ ആ‍ർക്ക് നൽകുമെന്ന് വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെയാണ് നിതീഷ് കുമാർ ഗവ‍ർണർക്ക് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ശേഷം നേതാക്കൾ ഗവർണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്. പിന്നാലെ ഇൻഡ്യ സഖ്യത്തിനായി തുടക്കമിട്ട നിതീഷ് എന്നാൽ സഖ്യത്തെ പാതി വഴിയിൽ ഉപേക്ഷിച്ച് എതി‍ർ ചേരിയിൽ ചേക്കേറിയത് സഖ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com