'ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല'; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

'സിപിഐഎമ്മും സിപിഐയും സംഘടനപരമായി പരിശോധന നടത്തണം'
'ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല'; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാക്കള്‍. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ല. സിപിഐഎമ്മും സിപിഐയും സംഘടനപരമായി പരിശോധന നടത്തണമെന്നും ദിവാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിപിഐ വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായെന്ന് സിപിഐ നേതാവ് കെ കെ ശിവരാമനും പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലമെന്നാണ് മുതിര്‍ന്ന നേതാവ് ദിവാകരന്റെ പ്രതികരണം. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ന്യൂനതയുണ്ടാക്കി. രാജ്യസഭ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അവകാശപ്പെട്ടത് വേണ്ടന്ന് വയ്ക്കാനാകില്ലയെന്നും സി ദിവാകരന്‍ പറഞ്ഞു. ജനങ്ങള്‍ അസംതൃപ്തരാണെന്നാണ് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറും സിപിഐ നേതാവുമായ കെ കെ ശിവരാമന്റെ പ്രതികരണം. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല. മാവേലി സ്റ്റോറിലെ പാളിച്ചയും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നത് വലിയ അഴിമതിയാണ്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും ശിവരാമന്‍ വിമര്‍ശിച്ചു.

സംസ്ഥാനത്ത് ആകെ ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന് എതിരായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നണിക്കുള്ളിലെ ഘടകകക്ഷികള്‍ തന്നെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത് സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തും. ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2019ലെ തിരഞ്ഞെടുപ്പിന് സമാനമായി 19 മണ്ഡലത്തിലും മൃഗീയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇത്തവണയും പരാജയം ഏറ്റുവാങ്ങിയത്.

'ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല'; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ
ലോക്‌സഭയിലേക്കുള്ള പോരാട്ടം; ശൈലജക്കും ഐസക്കിനും രാധാകൃഷ്ണനും വലിയ നഷ്ടം മറ്റൊന്നാണ്

സിപിഐയുടെ വി എസ് സുനില്‍ കുമാറിനെ പരാജയപ്പെടുത്തിയാണ് തൃശ്ശൂരില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കുന്നത്. സിപിഐമ്മിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം അണികളില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടയിലാണ് മുന്നണിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com