'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

പാർട്ടിയുടെയും മുന്നണിയുടെയും നിലപാടല്ല വീക്ഷണം വ്യക്തമാക്കിയത്
'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

തിരുവനന്തപുരം: ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോൺ​ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസം​ഗത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടല്ല വീക്ഷണം വ്യക്തമാക്കിയത്. കോൺഗ്രസ്‌ പാർട്ടിയോ യുഡിഫോ ഇത് ചർച്ച ചെയ്തിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

വിശ്രമത്തിനായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി തിരിച്ചു വന്നിട്ട് ഒരു കാര്യവുമില്ലെന്നും സതീശൻ പറഞ്ഞു. ഒരു ക്ഷേമ പ്രവർത്തനവും നാട്ടിൽ നടക്കുന്നില്ല. ഗുണ്ടാ സംഘങ്ങളാണ് സംസ്ഥാനം ഭരിക്കുന്നത്. സിപിഐഎമ്മാണ് അവരുടെ രക്ഷാകർത്താക്കൾ. രാഷ്ട്രീയ രക്ഷാകർത്തവ്യം സിപിഐഎം ഏൽപ്പിച്ച് കൊടുത്തിരിക്കുകയാണ്.

പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎമ്മിന്‍റെ ഉപജാപക സംഘങ്ങളാണ്. വ്യാപകമായ ഗുണ്ടാക്രമണങ്ങളിൽ പൊലീസ് നോക്കു കുത്തിയാവുന്നുവെന്നും സതീശൻ ആരോപിച്ചു. പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ‌പിതാവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തതെന്നും സതീശൻ ആരോപിച്ചു.

ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നുമാണ് വീക്ഷണം മുഖപ്രസം​ഗത്തിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺ​ഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശമുണ്ട്.

ജോസ് കെ മാണിയെ വിമർശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോൺ​ഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തി കാരണമാണ്. യുഡിഎഫിനോട് കാണിച്ചത് കൊടുംചതിയാണ്. ജോസിന് രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ
'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

Related Stories

No stories found.
logo
Reporter Live
www.reporterlive.com