കേരളം പിന്നിലേക്ക് സഞ്ചരിക്കുന്നു, സംസ്ഥാന സർക്കാരിൻ്റേത് ദുർഭരണം; ദേവേന്ദ്ര ഫഡ്നാവിസ്

ഇത്തവണ കേരളത്തിൽ വോട്ട് കൂടുകയും ബിജെപിക്ക് സീറ്റും ലഭിക്കുകയും ചെയ്യുമെന്നും ദേവേന്ദ്ര ഫഡ്നാവിസ്
കേരളം പിന്നിലേക്ക് സഞ്ചരിക്കുന്നു, സംസ്ഥാന സർക്കാരിൻ്റേത്  ദുർഭരണം; ദേവേന്ദ്ര ഫഡ്നാവിസ്

തിരുവനന്തപുരം: കേരളത്തിലേത് ദുർഭരണമെന്ന ആരോപണവുമായി ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾ ഒരു പോലെയാണ്. ഇരുവരുടെയും അജണ്ട അഴിമതിയാണ്. കേരളം പിന്നിലേക്കാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയാണ്. വലിയ സാധ്യതയുള്ള നഗരമാണ് തിരുവനന്തപുരം. എന്നിട്ടും ജില്ലയിൽ വികസനം എത്തിനോക്കിയിട്ടില്ല. സാധ്യതകളെ പ്രയോഗവൽക്കരിക്കാൻ രാജീവ് ചന്ദ്രശേഖർ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും ഫഡ്നവിസ് പറഞ്ഞു. ഇത്തവണ കേരളത്തിൽ വോട്ട് കൂടുകയും ബിജെപിക്ക് സീറ്റും ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ മുന്നേറി. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. അടുത്ത അഞ്ച് വർഷം കൊണ്ട് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. രാജ്യത്ത് ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ലെന്നും ഭരണാനുകൂല വികാരം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് പാർ‌ലമെന്റിൽ നാനൂറിൽ കൂടുതൽ സീറ്റുകൾ ലഭിക്കും. രാജ്യത്ത് മോദിയുടെ ഗ്രൂപ്പും രാഹുൽ ഗാന്ധിയുടെ ഗ്രൂപ്പും തമ്മിലാണ് മത്സരം. ഇടതിന് വോട്ട് ചെയ്താലും ആ വോട്ട് ലഭിക്കുക രാഹുൽ ഗാന്ധിക്കാണ്.

മുൻകാലങ്ങളിലും വിവിധ സിനിമകൾ ദൂരദർശനിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് കേരളാ സ്റ്റോറി സംപ്രേഷണം ചെയ്തതിനോട് ഫഡ്നാവിസ് പ്രതികരിച്ചു. സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കേരളാ സ്റ്റോറി. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ വിരുദ്ധ സിനിമകൾ പോലും പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കുകയാണെന്നായിരുന്നു പാനൂർ ബോംബ് സ്ഫോടനത്തിൽ ഫഡ്നാവിസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണ‌മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം പിന്നിലേക്ക് സഞ്ചരിക്കുന്നു, സംസ്ഥാന സർക്കാരിൻ്റേത്  ദുർഭരണം; ദേവേന്ദ്ര ഫഡ്നാവിസ്
കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നു: അനിൽ ആൻ്റണി

Related Stories

No stories found.
logo
Reporter Live
www.reporterlive.com