കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി
കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും' എന്നാണ് സത്യഭാമ പറഞ്ഞത്.

സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസില്‍ ഗുരുതര ആരോപണവും ഉയര്‍ന്നു. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടി വിക്ക് ലഭിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഹർജി പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച്; ദില്ലി പ്രക്ഷുബ്ധം, എഎപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com