ഹർജി പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച്; ദില്ലി പ്രക്ഷുബ്ധം, എഎപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

അരവിന്ദ് കെജ്‍രിവാളിന്റേത് റിട്ട് ഹർജിയാണെന്നും മൂന്നം​ഗ ബെഞ്ചിനേ ഇത് പരി​ഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു. വീണ്ടും ഇതേ വിഷയം ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കുമെന്നും ഇന്ന് തന്നെ ഹർജി പരി​ഗണിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
ഹർജി പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച്; ദില്ലി പ്രക്ഷുബ്ധം, എഎപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർ‌പ്പിച്ച ഹർജി പരി​ഗണിക്കാൻ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച്. മൂന്നം​ഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷമായിരിക്കും ഹർജി പരി​ഗണിക്കുക.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ മുന്നിലാണ് അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി ആദ്യം ഹർജിക്കാര്യം ഉന്നയിച്ചത്. ഡൽഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ബെഞ്ച് ചേരുന്നുണ്ടെന്നും ഈ ബെഞ്ചിനു മുന്നിൽ വിഷയം ഉന്നയിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. തുടർന്ന് ഈ പ്രത്യേക ബെഞ്ചിനു മുന്നിൽ വിഷയം ഉന്നയിക്കാനെത്തി. എന്നാൽ കെ കവിതയുടെ വിഷയം പരി​ഗണിച്ച ബെ‍‌ഞ്ച് പിരിയാൻ തുടങ്ങുകയായിരുന്നു. ജസ്റ്റിസുമാരായ എം എം സുന്ദരേശും സഞ്ജീവ് ഖന്നയും മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. അരവിന്ദ് കെജ്‍രിവാളിന്റേത് റിട്ട് ഹർജിയാണെന്നും മൂന്നം​ഗ ബെഞ്ചിനേ ഇത് പരി​ഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു. വീണ്ടും ഇതേ വിഷയം ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കുമെന്നും ഇന്ന് തന്നെ ഹർജി പരി​ഗണിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം, കെജ്‍രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തിനിടെ എഎപി നേതാക്കളായ അതിഷി മര്‍ലേനയെയും സൗരഭ് ഭരദ്വാജിനെയും അറസ്റ്റ് ചെയ്തു നീക്കി. എഎപി പ്രവർത്തകരുടെ ബിജെപി ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടായി. സമാധാനമായി പ്രതിഷേധിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് അതിഷി ആരോപിച്ചു.

അരവിന്ദ് കെജ്‌രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന് എഎപി ആരോപിക്കുന്നു. കെജ്‌രിവാളിനെതിരെ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസർക്കാർ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നുവെന്നും മന്ത്രി സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. കെജ്‌രിവാളിനോട് ചെയ്യുന്നത് അനീതിയാണ്. നടക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ഇതിനെതിരെ ആം ആദ്മി പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ആം ആദ്മി ഓഫീസിനടുത്തുള്ള ITO മെട്രോ സ്റ്റേഷനാണ് അടച്ചത്. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി ആസ്ഥാനത്തും കനത്ത സുരക്ഷയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന്റെ വസതിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com