സിഎഎ നടപ്പിലാക്കില്ലെന്നത് വോട്ട് ബാങ്ക് കണ്ണു വച്ചുള്ള പ്രസ്താവന; പിണറായിക്കെതിരെ എം എം ഹസ്സന്‍

കേരളത്തിൽ നടപ്പാക്കില്ല എന്നത് മുഖ്യമന്ത്രിയുടെ അജ്ഞതയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ബാങ്ക് കണ്ണു വച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും എം എം ഹസ്സന്‍
സിഎഎ നടപ്പിലാക്കില്ലെന്നത് വോട്ട് ബാങ്ക് കണ്ണു വച്ചുള്ള പ്രസ്താവന; പിണറായിക്കെതിരെ എം എം ഹസ്സന്‍

തിരുവനന്തപുരം: ഉണ്ടിരുന്ന തമ്പ്രാന് ഉൾവിളി വന്ന പോലെയാണ് മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചതെന്ന് സിഎഎ വിഷയത്തിലെ പിണറായി വിജയന്റെ പ്രതികരണത്തോട് യുഡിഎഫ് കൺവീനർ എം എം ഹ​സ്സൻ. മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ നിയമഭേദഗതി. കേരളത്തിൽ നടപ്പാക്കില്ല എന്നത് മുഖ്യമന്ത്രിയുടെ അജ്ഞതയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ബാങ്ക് കണ്ണു വച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും എം എം ഹസ്സന്‍ പറഞ്ഞു.

ആർട്ടിക്കിൾ 13 (2) അനുസരിച്ച് കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച എം എം ഹസ്സൻ, കേന്ദ്ര-സംസ്ഥാന തർക്കം എന്ന നിലയിലാണ് സർക്കാർ കോടതിയെ സമീപിച്ചതെന്നും പറഞ്ഞു. മൗലികാവകാശങ്ങളുടെ ലംഘനം എന്ന പേരിൽ മുസ്ലിം ലീഗ് ആണ് ആദ്യമായി കേസ് നൽകിയത്. അല്ലാതെ സംസ്ഥാന സർ‌ക്കാരല്ല.

കോൺഗ്രസ് ഒളിച്ചു കളിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഹസ്സൻ പ്രതികരിച്ചു. മുഖ്യമന്ത്രി ദേശാഭിമാനി മാത്രം വായിച്ച് അഭിപ്രായം പറയരുത്. മോദിയെ കാണുമ്പോഴെല്ലാം ആറന്മുള കണ്ണാടി സമ്മാനം നൽകി കയ്യിൽ മുത്തം കൊടുക്കുന്നയാളാണ് പിണറായി വിജയൻ. മോദിക്കെതിരെ കേസ് കൊടുക്കാൻ പിണറായിക്ക് ധൈര്യമില്ലെന്നും ഹസ്സൻ പരിഹസിച്ചു. സർവ്വകലാശാല കലോത്സവം നടത്തിയത് സിഐടിയുക്കാരാണെന്ന് ആരോപിച്ച ഹസ്സൻ, പൂക്കോട് നിന്ന് ആരംഭിച്ചതാണ് കേരള സർവകലാശാലയിൽ എത്തി നിൽക്കുന്നതെന്നും കുറ്റപ്പെടുത്തി.

കണ്ണുപൊട്ടന്മാർക്ക് പോലുമറിയാം ആരൊക്കെ തമ്മിലാണ് മത്സരമെന്ന്. ഇ പി ജയരാജൻ പറഞ്ഞുപറഞ്ഞ് എങ്ങോട്ടാണ് പോകുന്നത്? ഇ പിയെ ശരിവെയ്ക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയടക്കം നടത്തിയത്. രാജീവ്‌ ചന്ദ്രശേഖറുമായി ബന്ധപ്പെട്ട വാർത്തയുടെ സത്യം ഇപി തന്നെയാണ് പറയേണ്ടതെന്നും എം എം ഹസ്സൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുള്ള ഇ പി ജയരാജന്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കെ സി വേണുഗോപാലിന്റെ സ്ഥാനാർഥിത്വം തന്നെ മുഖ്യമന്ത്രിക്ക് വേവലാതിയുണ്ടാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടിൽ തന്നെ കെ സിയെ വാക്കുകൾ കൊണ്ട് മുഖ്യമന്ത്രി ജയിപ്പിച്ചു. ഒരു സീറ്റ് പോലും ഇത്തവണ വിട്ടുകൊടുക്കാതിരിക്കാനാണ് കെസിയും ഷാഫിയും മത്സരരംഗത്തിറങ്ങിയത്. അതുതന്നെയാണ് കെ സുധാകരൻ മത്സരത്തിനിറങ്ങിയതിന്റെ കാരണവും. സിഎഎ വിഷയത്തിൽ തുടർന്നും സമരങ്ങളുണ്ടാകും. നാളെ വൈകീട്ട് മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും. എല്ലായിടത്തും സമരങ്ങളുണ്ടാകും. പ്രദേശികമായി കോൺഗ്രസ്സിന്റെയും യുഡിഎഫിന്റെയും പ്രതിഷേധാങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ ഭരണഘടനാ വിരുദ്ധമെന്നും പിന്നിൽ വർഗീയ അജണ്ടയെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് മുമ്പ് ധൃതി പിടിച്ചു നടപ്പാക്കാനാണ് നീക്കമെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പുറം തള്ളലിന്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. വിഷലിപ്തമായ നിയമമാണ് പൗരത്വ ഭേദഗതി നിയമം. അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. പൗരത്വത്തെ മതത്തെ അടിസ്ഥാനമാക്കി നിർവചിക്കുന്നുവെന്നും മൗലികാവകാശം ഹനിക്കുന്ന രീതിയിൽ നിയമം കൊണ്ടുവരാനാകില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര നിലപാടിനോട് മുഖ്യമന്ത്രി പിണറായി വിജയ പ്രതികരിച്ചത്.

സിഎഎ നടപ്പിലാക്കില്ലെന്നത് വോട്ട് ബാങ്ക് കണ്ണു വച്ചുള്ള പ്രസ്താവന; പിണറായിക്കെതിരെ എം എം ഹസ്സന്‍
'ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല'; തന്റേത് സുതാര്യമായ പ്രവര്‍ത്തനമെന്ന് രാജീവ് ചന്ദ്രശേഖര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com