'ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല'; തന്റേത് സുതാര്യമായ പ്രവര്‍ത്തനമെന്ന് രാജീവ് ചന്ദ്രശേഖര്‍

രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍
'ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല'; തന്റേത് സുതാര്യമായ പ്രവര്‍ത്തനമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്ക് പല കമ്പനികളിലും നിയമപരമായ നിക്ഷേപങ്ങളുണ്ടെന്നും അവര്‍ ആരൊക്കെയായിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് താന്‍ അറിയേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഇ പി ജയരാജനുമായി എനിക്ക് ബിസിനസ് ബന്ധമില്ല. അങ്ങനെ ബിസിനസ് ചെയ്യേണ്ട ആവശ്യമില്ല. അത്തരം ബിസിനസിന് താല്‍പര്യവും ഇല്ല. 'വൈദേഹി റിസോര്‍ട്ട് ഏറ്റെടുത്തത് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയല്ല. രാജീവ് ചന്ദ്രശേഖര്‍ പല കമ്പനികളില്‍ നിയമപരമായി ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം കമ്പനികള്‍ക്ക് പ്രത്യേക മാനേജ്‌മെന്റുകളാണ്. അവര്‍ ആരൊക്കെയായിട്ട് ബിസിനസ് ചെയ്യുന്നുവെന്നത് താന്‍ അറിയേണ്ട കാര്യമില്ല. അത് അവരോട് ചോദിക്കണം', ആരോപണങ്ങള്‍ക്ക് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്റേത് സുതാര്യമായ പ്രവര്‍ത്തനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍.

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുള്ള ഇ പി ജയരാജന്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ കുറേ ദിവസങ്ങളായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. പക്ഷെ ഇ പി ജയരാജന്‍ പറയുന്നു ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന്. ബിജെപിക്ക് വേണ്ടിയാണ് ഇ പി ജയരാജന്‍ വോട്ട് പിടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com