'ഞങ്ങൾ മാതാപിതാക്കള്‍ക്ക് മക്കൾ പ്രാണനാണ്, കൊല്ലരുതേ'; സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നവ്യ നായർ

'ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു'
'ഞങ്ങൾ മാതാപിതാക്കള്‍ക്ക് മക്കൾ പ്രാണനാണ്, കൊല്ലരുതേ'; സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നവ്യ നായർ

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മക്കളെ പഠിക്കാൻ അയയ്ക്കുന്നത്. കരുണയില്ലാത്ത ഈ റാഗിങ് അവസാനിപ്പിക്കൂവെന്ന് നവ്യ പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ താൻ ആ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും നടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ.. ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു,' നവ്യ നായർ പ്രതികരിച്ചു.

അതേസമയം സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമാണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

'ഞങ്ങൾ മാതാപിതാക്കള്‍ക്ക് മക്കൾ പ്രാണനാണ്, കൊല്ലരുതേ'; സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നവ്യ നായർ
'എസ്എഫ്ഐ നേതാവിന്റെ ന്യായീകരണവും ശരീര ഭാഷയും എന്ത് സന്ദേശമാണ് നൽകുന്നത്?': പി കെ നവാസ്

16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com