വടകര 2019ൽ ജയരാജൻ്റെ ജനകീയതയുടെ 'വാട്ടർലൂ'; കെ കെ ശൈലജയെ കാത്തിരിക്കുന്നതെന്ത്?

വടകര കെ കെ ശൈലജയുടെ ജനകീയതയുടെ 'വാട്ടർലൂ' ആകുമോ എന്ന ആശങ്കപ്പെടുന്നവരുണ്ട്. ഈ ആശങ്കയ്ക്ക് സമാനമായ ഒരു അനുഭവത്തിൻ്റെ നേർസാക്ഷ്യവുമുണ്ട്
വടകര 2019ൽ ജയരാജൻ്റെ ജനകീയതയുടെ 'വാട്ടർലൂ'; കെ കെ ശൈലജയെ കാത്തിരിക്കുന്നതെന്ത്?

സിപിഐഎമ്മിൻ്റെ കേരളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖം എന്ന വിശേഷണത്തോടെയാണ് കെ കെ ശൈലജ വടകര മത്സരിക്കാനെത്തുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ സ്വീകാര്യത ലഭിച്ചത് കെ കെ ശൈലജയ്ക്കായിരുന്നു. മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും പ്രതിനിധാനം ചെയ്യുന്ന കണ്ണൂർ ജില്ലയിൽ സർവ്വെയിൽ പങ്കെടുത്ത 41.4 ശതമാനമാണ് കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത്. പിണറായി വിജയന് 13.4 ശതമാനത്തിൻ്റെ പിന്തുണയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ലഭിച്ചത്. കെ കെ ശൈലജയെ സിപിഐഎം നിയോഗിച്ചിരുന്ന വടകര മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് കെ കെ ശൈലജയെ ആയിരുന്നു. കോഴിക്കോട് സർവ്വെയിൽ പങ്കെടുത്ത 28.5 ശതമാനം ആളുകളാണ് കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്.

ആദ്യ പിണറായി മന്ത്രിസഭയിൽ പൊതുസമൂഹത്തിനിടയിൽ ഏറ്റവും പ്രതിച്ഛായയും സ്വീകാര്യതയുമുണ്ടായിരുന്ന മന്ത്രിമാരുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു കെ കെ ശൈലജ. കൊവിഡ്-നിപ്പ പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകിയ കെ കെ ശൈലജയുടെ ജനകീയതയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന് തന്നെയാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ അടക്കം തെളിയിക്കുന്നത്. ഈ നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമോ പിണറായി വിജയന് ഒരുപടി മുകളിലോ ആണ് കെ കെ ശൈലജയുടെ ജനപ്രീതിയെന്ന് സിപിഐഎമ്മിനും തർക്കമുണ്ടാകാൻ വഴിയില്ല. ഈ പശ്ചാത്തലത്തിലാണ് കെ കെ ശൈലജ വടകരയിലേയ്ക്ക് മത്സരത്തിനെത്തുന്നത്.

വടകര കെ കെ ശൈലജയുടെ ജനകീയതയുടെ 'വാട്ടർലൂ' ആകുമോ എന്ന ആശങ്കപ്പെടുന്നവരുണ്ട്. ഈ ആശങ്കയ്ക്ക് സമാനമായ ഒരു അനുഭവത്തിൻ്റെ നേർസാക്ഷ്യവുമുണ്ട്. 2019ൽ സമാനമായ സാഹചര്യത്തിലായിരുന്ന പി ജയരാജൻ വടകരയിൽ മത്സരിക്കാനെത്തിയത്. അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് മലബാറിലെ സിപിഐഎം അണികൾക്കും അനുഭാവികൾക്കുമിടയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമോ പിണറായി വിജയന് ഒരുപടി മുകളിലോ ആയിരുന്നു ജനപ്രീതി. പി ജയരാജൻ എത്തുമ്പോൾ ജനക്കൂട്ടം ഇളകിമറിഞ്ഞിരുന്ന കാലം. ജയരാജനെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളും ബോർഡുകളും കൊണ്ട് തെരുവുകളും സോഷ്യൽ മീഡിയയും നിറഞ്ഞ കാലം. ഈ നിലയിൽ നിറഞ്ഞ് നിൽക്കുന്ന കാലത്താണ് വടകരയിൽ മത്സരിക്കുന്നതിനായി സിപിഐഎം പി ജയരാജനെ നിയോഗിച്ചത്. പി ജയരാജൻ കണ്ണൂരിൽ നിന്നും മത്സരിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലെ അഭ്യൂഹങ്ങൾ. മട്ടന്നൂരും, ധർമ്മടവും, തളിപ്പറമ്പും, അഴീക്കോടുമെല്ലാം ഉൾപ്പെടുന്ന സിപിഐഎമ്മിൻ്റെ സിറ്റിങ്ങ് സീറ്റായിരുന്ന കണ്ണൂരിൽ പി ജയരാജൻ ഉറച്ചബെറ്റാണ് എന്നായിരുന്നു അനുമാനം. പക്ഷെ വടകരയിൽ മത്സരിക്കാനായിരുന്നു പാർട്ടി ജയരാജനെ എൽപ്പിച്ച ചുമതല.

ജനസമ്മിതി ജയരാജൻ വടകരയിൽ തെളിയിക്കട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. വടകര മത്സരിക്കാൻ ഇറങ്ങിയ ജയരാജനെ താൽക്കാലികമായി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പക്ഷെ വടകരയിൽ ജയരാജനെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു. 84,663 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് അവസാന നിമിഷം സ്ഥാനാർത്ഥിയായി എത്തിയ കെ മുരളീധരൻ ജയരാജനെ പരാജയപ്പെടുത്തി. 2014ൽ 3,306 വോട്ടിന് മാത്രം ഷംസീർ പരാജയപ്പെട്ട വടകരയിൽ ജയരാജൻ്റെ കനത്ത പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. സിപിഐഎമ്മിൻ്റെ ശക്തി കേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിന്നുപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ജയരാജന് ലഭിച്ചിരുന്നില്ല.

വടകര തോറ്റെങ്കിലും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജനെ തിരികെ കൊണ്ടുവരാതിരുന്നതും പിന്നീട് വിവാദമായിരുന്നു. വടകര പരാജയം പി ജയരാജൻ്റെ ജനസമ്മിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് പാർട്ടി പദവികളിൽ നിന്നും പി ജയരാജൻ തഴയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 2022 മാർച്ചിൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയറ്റിലേയ്ക്ക് പി ജയരാജൻ പരിഗണിക്കപ്പെട്ടില്ല. സ്ഥാനമൊഴിയുന്ന കണ്ണൂർ ജില്ലാ സെക്രട്ടറിമാർ സിപിഐഎം സംസ്ഥാ സെക്രട്ടറിയറ്റിലേയ്ക്ക് പരിഗണിക്കപ്പെടുന്ന കാലങ്ങളായുള്ള കീഴ് വഴക്ക് പക്ഷെ ജയരാജൻ്റെ കാര്യത്തിൽ തെറ്റി. എന്തായാലും വടകരയിലെ തോൽവി പി ജയരാജൻ്റെ ജനകീയതയ്ക്ക് പാർട്ടിക്കുള്ളിലും പുറത്തും കോട്ടമുണ്ടാക്കിയെന്നത് ചരിത്രം.

പി ജയരാജൻ്റെ അനുഭവം മുന്നിൽ നിൽക്കുമ്പോഴാണ് വടകരയിൽ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നത്. നേരത്തെ കെ കെ ശൈലജയുടെ പേരും കണ്ണൂരിലേയ്ക്ക് ഉയർന്ന് കേട്ടിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച മട്ടന്നൂരും 2006 പ്രതിനിധീകരിച്ചിരുന്ന പേരാവൂരും അടക്കം ഉൾപ്പെടുന്ന കണ്ണൂരിൽ ശൈലജയ്ക്ക് വലിയ വിജയ സാധ്യതയും പ്രവചിച്ചിരുന്നു. എന്നാൽ ശൈലജയെ സിപിഐഎം മത്സരിക്കാൻ നിയോഗിച്ചിരിക്കുന്നത് വടകരയിലാണ്.

വടകര 2019ൽ ജയരാജൻ്റെ ജനകീയതയുടെ 'വാട്ടർലൂ'; കെ കെ ശൈലജയെ കാത്തിരിക്കുന്നതെന്ത്?
പിണറായിയെ രണ്ടാമതാക്കി കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് കണ്ണൂർ, വി ഡി സതീശനെ പിന്തുണച്ച് കോട്ടയം

2019ൽ പി ജയരാജനെ പരാജയപ്പെടുത്തിയതും മുരളീധരനെ വിജയിപ്പിച്ചതും മുസ്ലിം ലീഗിൻ്റെയും ജമാഅത്ത് ഇസ്ലാമിയുടെയും അകമഴിഞ്ഞ പിന്തുണയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരായ വികാരവും 2019ൽ വടകരയിൽ സിപിഐഎമ്മിന് തിരിച്ചടിയായിരുന്നു. സമാനമായ സാഹചര്യം വടകരയിൽ വീണ്ടും രൂപപ്പെടുന്ന സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളിയതും വിചാരണ കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാകുമെന്ന് തീർച്ച. വടകര എംഎൽഎ കെ കെ രമ ടി പി വധക്കേസിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് വിധിക്ക് ശേഷം സ്വീകരിച്ചിരുന്നു. ടി പി വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തൻ്റെ മരണത്തിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ദുരൂഹത ആരോപിച്ചതും ഈ നിലയിലുള്ള നീക്കങ്ങളുടെ സൂചനയാണ്.

മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും 2019ലേത് പോലെ രാഷ്ട്രീയമായി സിപിഐഎമ്മിനെ എതിർക്കാൻ തീരുമാനിച്ചാൽ അതും ശൈലജയ്ക്ക് തിരിച്ചടിയാകും. പരമ്പരാഗത മുസ്ലിം വോട്ടുകൾ വനിതാ സ്ഥാനാർത്ഥിയെ ആ നിലയിൽ പിന്തുണയ്ക്കില്ലെന്നതും ശൈലജ ടീച്ചർക്ക് തിരിച്ചടിയാണ്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് സ്വാധീനമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലങ്ങളുടെ ഭാഗമായ കൂത്തുപറമ്പ്, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ മത്സരിച്ചത് ലീഗ് ആയിരുന്നു. നാദാപുരത്തും ലീഗ് പ്രബലശക്തിയാണ്. കൊയിലാണ്ടിയിലും മുസ്ലിം ലീഗ് അവഗണിക്കാൻ പറ്റാത്ത ശക്തയാണ്. വടകര മണ്ഡലത്തിൽ ശക്തമായ സ്വാധീനമായ സോഷ്യലിസ്റ്റുകൾക്കിടയിലെ ഭിന്നിപ്പും ഇടതുപക്ഷത്തിന് തലവേദനയാണ്. ശ്രേയംസ് കുമാർ നയിക്കുന്ന ആർജെഡിയും മാത്യു ടി തോമസിൻ്റെ ജെഡിഎസും വിമത സ്വരം ഉയർത്തുന്ന സി കെ നാണു വിഭാഗത്തിനും വടകരയിലും കൂത്തുപറമ്പിലും സ്വാധീനമുണ്ട്. ഇടതുമുന്നണിയുമായി അത്ര രസത്തിലല്ല ആർജെഡി. കൂത്തുപറമ്പ് മണ്ഡലം ആർജെഡിയുടെ സിറ്റിങ്ങ് സീറ്റാണ്. ഇടതുമുന്നണിയിലെ ഇത്തരം അസ്വാരസ്യങ്ങളും കെ കെ ശൈലജയ്ക്ക് വെല്ലുവിളിയായേക്കാം.

ഇതൊക്കെയാണെങ്കിലും കെ കെ ശൈലജയ്ക്ക് അനുകൂലമായ ഘടകങ്ങളും വടകരയിലുണ്ട്. പൊതുവെ സിപിഐഎമ്മിൻ്റെ വനിതാ സ്ഥാനാർത്ഥികളെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യം വടകരയ്ക്കുണ്ട്. എ കെ പ്രേമജത്തെ രണ്ട് വട്ടവും പി സതീദേവിയെ ഒരു തവണയും തിരഞ്ഞെടുത്തിട്ടുണ്ട് വടകര. ഈ രണ്ട് സ്ഥാനാർത്ഥികളെക്കാളും സ്ത്രീ വോട്ടർമാർക്കിടിയിൽ സ്വീകാര്യതയാണ് കെ കെ ശൈലജ എന്നത് അനുകൂല ഘടകമാണ്. വടകരയിൽ പുരുഷവോട്ടർമാരെക്കാൾ അരലക്ഷത്തിലേറെ സ്ത്രീ വോട്ടർമാരുണ്ട് എന്നതും കെ കെ ശൈലജയ്ക്ക് അനുകൂലമാണ്. കണ്ണൂരിൽ സിപിഐഎമ്മിൻ്റെ ശക്തി കേന്ദ്രങ്ങളാണ് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങൾ വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണെന്നത് ശൈലജയ്ക്ക് മേൽക്കൈ നൽകുന്നുണ്ട്. ഇതിൽ കൂത്തുപറമ്പ് മണ്ഡലത്തെ 2016ൽ പ്രതിനിധീകരിച്ചിരുന്നതും കെ കെ ശൈലജയായിരുന്നു. 12291 വോട്ടിനായിരുന്നു 2016ൽ കെ കെ ശൈലജ കൂത്തുപറമ്പിൽ നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി കൂത്ത്പറമ്പ്, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങള്‍ ഇടതുമുന്നണിയുടെ സിറ്റിങ്ങ് സീറ്റാണ്. അതില്‍ നാദാപുരം ഒഴിച്ചുള്ള അഞ്ച് മണ്ഡലങ്ങളും സിപിഐഎമ്മിന്റെ കൈവശവുമാണ്. വടകര പാർലമെൻ്റ് മണ്ഡലത്തിൽ സിപിഐഎമ്മിനുള്ള കരുത്തും കെ കെ ശൈലജയുടെ ജനകീയതയും ഒരേ നിലയിൽ പ്രതിഫലിച്ചാൽ വടകര ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്ന് തീർച്ച.

വടകര 2019ൽ ജയരാജൻ്റെ ജനകീയതയുടെ 'വാട്ടർലൂ'; കെ കെ ശൈലജയെ കാത്തിരിക്കുന്നതെന്ത്?
മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ ലീഗ് പുറത്താക്കിയ കെ എസ് ഹംസ; സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയായി

Related Stories

No stories found.
logo
Reporter Live
www.reporterlive.com