പൊന്നാനി പിടിച്ചെടുക്കാന്‍ സിപിഐഎം; മുസ്ലിം ലീഗ് പരിഗണനയില്‍ സമദാനിയും

യുഡിഎഫ്, മുസ്ലിം ലീഗിന്റെ ശക്തനായ സ്ഥാനാർത്ഥിയായ ഇ ടി മുഹമ്മദ് ബഷീറിനെ തന്നെ പരിഗണിക്കാനാണ് പ്രഥമ സാധ്യത
പൊന്നാനി പിടിച്ചെടുക്കാന്‍ സിപിഐഎം; മുസ്ലിം ലീഗ് പരിഗണനയില്‍ സമദാനിയും

1977 മുതൽ മുസ്ലിം ലീഗിനെ മാത്രം പിന്തുണച്ച മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇ ടി മുഹമ്മദ് ബഷീറിനെ വിജയിപ്പിച്ചവരാണ് പൊന്നാനിക്കാർ. 2024 ലേക്ക് വരുമ്പോൾ, ഇതുതന്നെയായിരിക്കും ലീഗിന്റെയും യുഡിഎഫിന്റെയും ആത്മവിശ്വാസവും. എന്നാൽ ലീഗിന്റെ കോട്ടയിൽ ശക്തമായ സ്ഥാനാർത്ഥികളെ ഇറക്കി മണ്ഡലം പിടിക്കാൻ എൽഡിഎഫ് ശ്രമിക്കുമെന്നതിൽ സംശയമില്ല.

യുഡിഎഫ്, മുസ്ലിം ലീഗിന്റെ ശക്തനായ സ്ഥാനാർത്ഥിയായ ഇ ടി മുഹമ്മദ് ബഷീറിനെ തന്നെ പരിഗണിക്കാനാണ് പ്രഥമ സാധ്യത. എന്നാൽ മലപ്പുറം എംപി അബ്ദുസമദ് സമദാനിക്കും പൊന്നാനി മണ്ഡലത്തിൽ സാധ്യതയുണ്ട്. 2009, 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനായ ഇ ടിക്ക് സാധ്യത കൂടുതലാണ്. മറ്റൊരു മുഖം എന്ന നിലയ്ക്ക് സമദാനിയെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

1962 മുതൽ 1971 വരെ മൂന്ന് തവണ ഇടതിനൊപ്പം നിന്ന പൊന്നാനി തിരിച്ചുപിടിക്കാൻ ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കാനായിരിക്കും എൽഡിഎഫ് നീക്കം. നിയമസഭയിലേക്ക് രണ്ടാമതും പിണറായി സർക്കാരിനെ ജയിപ്പിച്ച ജനം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇടത് പാളയത്തിലുണ്ട്. ജില്ലയിൽ നിന്നുതന്നെയുള്ള മന്ത്രി വി അബ്ദുറഹ്മാനോ എം സ്വരാജോ ആകാം സ്ഥാനാർത്ഥിയെന്നാണ് അനുമാനം. നിലവിൽ താനൂർ എംഎൽഎയാണ് അബ്ദുറഹ്മാൻ. 2014ൽ ഇ ടിയോട് മത്സരിച്ച് വി അബ്ദുറഹ്മാൻ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് പരാജയപ്പെട്ടതിന് ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ സ്വരാജിനെയും ലോക്സഭയിലേക്ക് എൽഡിഎഫ് പരിഗണിക്കാൻ സാധ്യതയുണ്ട്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ പാർട്ടി ആഞ്ഞുശ്രമിക്കുമെന്നതിൽ സംശയമില്ല.

പൊന്നാനി പിടിച്ചെടുക്കാന്‍ സിപിഐഎം; മുസ്ലിം ലീഗ് പരിഗണനയില്‍ സമദാനിയും
കെ സുധാകരനില്ലാത്ത കണ്ണൂരിൽ പുതുമുഖങ്ങളെ അണിനിരത്താൻ മുന്നണികൾ

വി ഉണ്ണികൃഷ്ണൻ, ശങ്കു ടി ദാസ് എന്നിവർക്കാണ് ബിജെപിയിൽ സാധ്യത. മുൻ വർഷങ്ങളിൽ നിന്ന് വോട്ടിന്റെ എണ്ണം ഓരോ തവണയും ഉയർത്താൻ പൊന്നാനിയിൽ ബിജെപിക്കായിട്ടുണ്ടെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടാകും.

കഴിഞ്ഞ മൂന്ന് തവണയും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് പാർട്ടി പൊന്നാനിയിൽ പരീക്ഷിച്ചത്. കഴിഞ്ഞ തവണ ഇ ടിയോട് മത്സരിക്കാൻ പി വി അൻവറിനെ തിരഞ്ഞെടുത്തത് മുതൽ നീണ്ട വിവാദങ്ങൾ എൽഡിഎഫിന് മണ്ഡലത്തിൽ വെല്ലുവിളിയായിരുന്നു. 521824 വോട്ടാണ് അന്ന് ഇ ടി നേടിയത്. 328551 വോട്ട് അൻവറും 110603 വോട്ട് ബിജെപിയുടെ രമയും നേടി. 2014 ൽ നിന്ന് 2019 ലെത്തുമ്പോൾ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ഇ ടിക്ക് മണ്ഡലത്തിൽ കൂടുതൽ ലഭിച്ചത്. എന്നാൽ എൽഡിഎഫിന് 24000ലേറെ വോട്ടുകൾ കുറഞ്ഞു. ബിജെപിക്കാകട്ടെ 35000ലേറെ വോട്ടുകൾ കൂടി.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ഇതിൽ തിരൂരങ്ങാടി, തിരൂ‍ർ, കോട്ടക്കൽ എന്നീ നിയോജക മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത തൃത്താല ഉൾപ്പെടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഇത് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

എന്നാൽ 47 വ‍ർഷമായി മുസ്ലിം ലീ​ഗിനൊപ്പം നിൽക്കുന്ന ജനങ്ങൾ ഇത്തവണയും കോണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസം മുസ്ലിം ലീ​ഗിനും യുഡിഎഫിനും കരുത്ത് കൂട്ടുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ട്രെന്റ് ആർക്കൊപ്പമെന്ന് അറിയാൻ വോട്ടെണ്ണുന്ന ദിവസം വരെ കാത്തിരിക്കണം. അതിന് സ്ഥാനാ‍ർത്ഥികൾ കൂടി ഘടകമാകുമെന്നതിനാൽ സ്ഥാനാ‍ർത്ഥി നിർണ്ണയത്തിനായി കാത്തിരിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com