കെ സുധാകരനില്ലാത്ത കണ്ണൂരിൽ പുതുമുഖങ്ങളെ അണിനിരത്താൻ മുന്നണികൾ

കണ്ണൂരില്‍ കെ സുധാകരന് പകരം ആരെന്നതാണ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യം. കണ്ണൂര്‍ തിരിച്ച് പിടിക്കാന്‍ സിപിഐഎം ആരെ നിയോഗിക്കും എന്നതും കൗതുകമുള്ള ചോദ്യമാണ്
കെ സുധാകരനില്ലാത്ത കണ്ണൂരിൽ പുതുമുഖങ്ങളെ അണിനിരത്താൻ മുന്നണികൾ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആരൊക്കെ മത്സരിക്കുമെന്നത് രാഷ്ട്രീയകേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് എംപിമാരില്‍ കെ സുധാകരന്‍ ഒഴികെയുള്ള എല്ലാവരും വീണ്ടും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കണ്ണൂരില്‍ കെ സുധാകരന് പകരം ആരെന്നതാണ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യം. കണ്ണൂര്‍ തിരിച്ച് പിടിക്കാന്‍ സിപിഐഎം ആരെ നിയോഗിക്കും എന്നതും കൗതുകമുള്ള ചോദ്യമാണ്.

2019ല്‍ സിറ്റിങ്ങ് എംപിയായിരുന്ന പി കെ ശ്രീമതിയെ 94559 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു കെ സുധാകരന്‍ പരാജയപ്പെടുത്തിയത്. 2014ല്‍ പി കെ ശ്രീമതിയോട് 6566 വോട്ടിന് കെ സുധാകരന്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് രാഷ്ട്രീയ മേല്‍ക്കൈ ഉള്ള മണ്ഡലമാണ് കണ്ണൂര്‍. കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളാണ്. അതേസമയം അഴീക്കോടും കണ്ണൂരും തളിപ്പറമ്പിലും മുസ്ലിംലീഗിന് ശക്തമായ സ്വാധീനമുണ്ട്. കണ്ണൂരും ഇരിക്കൂറും പേരാവൂരും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ധര്‍മ്മടം, മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ സിപിഐഎം കോട്ടകളാണ്. സ്വാധീന മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫിന് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കാള്‍ ഭൂരിപക്ഷം ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നേടാന്‍ സിപിഐഎമ്മിന് കരുത്തുണ്ട്. ഇത് തന്നെയാണ് കണ്ണൂരിനെ പ്രവചനാതീതമായ മണ്ഡലമാക്കി മാറ്റുന്നത്.

സുധാകരന് പകരം ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകുക. കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിനെ പിന്‍ഗാമിയാക്കണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ സുധാകരന്റെ നിലപാടിന് മുന്‍തൂക്കം കിട്ടുമെന്നതിനാല്‍ കെ ജയന്ത് തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, അമൃത രാമകൃഷ്ണന്‍, ഷമ മുഹമ്മദ്, വിപി അബ്ദുള്‍ റഷീദ്, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവരും കോണ്‍ഗ്രസിന്റെ സാധ്യതാപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മുസ്ലിം ലീഗ് കണ്ണൂര്‍ സീറ്റ് ആവശ്യപ്പെടുന്ന സാാഹചര്യത്തില്‍ ദേശീയ നേതൃത്വത്തില്‍ സ്വാധീനമുള്ള ഷമ മുഹമ്മദിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

കെ കെ ശൈലജയാണ് സിപിഐഎം സാധ്യതാപട്ടികയില്‍ മുന്‍പന്തിയില്‍. 2021ല്‍ കെ കെ ശൈലജ റൊക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ച മട്ടന്നൂര്‍ മണ്ഡലവും 2006ല്‍ കെ കെ ശൈലജ വിജയിച്ച പേരാവൂര്‍ മണ്ഡലവുമെല്ലാം കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജയുടെ പ്രകടനവും ശൈലജയ്ക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്.

2019ല്‍ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് കെ സുധാകരനോട് പരാജയപ്പെട്ട പികെ ശ്രീമതിയും സാധ്യതാപട്ടികയിലുണ്ട്. കഴിഞ്ഞ തവണത്തെ പരാജയം ശ്രീമതിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും സിപിഐഎമ്മിന്റെ സാധ്യതാപട്ടികയിലുണ്ട്.

പി.രഘുനാഥ്, കെ.രഞ്ജിത്ത്, കെ.ഗണേഷ് എന്നിവരാണ് എന്‍ഡിഎയുടെ പട്ടികയിലുള്ളത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ രഞ്ജിത്താണ് സാധ്യതയില്‍ മുന്നില്‍. അടുത്തിടെ കോണ്‍ഗ്രസ് വിട്ടെത്തിയ പി രഘുനാഥിനെയും പരിഗണിച്ചേക്കാം. 2021ല്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥിനെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കേഡര്‍ സ്വഭാവമുള്ള കണ്ണൂരിലെ ബിജെപി അണികള്‍ പി രഘുനാഥിനെ അംഗീകരിക്കുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com