കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സർവകലാശാല നൽകിയ പട്ടികയിൽ ഉള്ളവരാണ് യോഗ്യത ഉളളവർ എന്നും ചാൻസലർ നിയമിച്ചവർക്ക് യോഗ്യത കുറവാണ് എന്നുമാണ് രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം.
കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥി മണ്ഡലത്തിൽ നിന്ന് നാല് എബിവിപി പ്രവർത്തകരുടെ നാമനിര്‍ദ്ദേശം സ്റ്റേ ചെയ്ത ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതിലൊന്ന്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍.

സർവകലാശാല നൽകിയ പട്ടികയിൽ ഉള്ളവരാണ് യോഗ്യത ഉളളവർ എന്നും ചാൻസലർ നിയമിച്ചവർക്ക് യോഗ്യത കുറവാണ് എന്നുമാണ് രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം. ഉന്നത യോഗ്യത ഉള്ളവരെ തന്നെ നിയമിക്കണമെന്ന് നിയമത്തിൽ പറയുന്നില്ല എന്നാണ് ചാൻസലറുടെ വാദം. കേരള സർവകലാശാല സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഒപ്പം പരിഗണിക്കുന്നുണ്ട്. ഇടത് നോമിനികളായ മൂന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് മുന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. സിന്‍ഡിക്കറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ജെഎസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ് എന്നിവരുടെ നിയമനമാണ് ചോദ്യം ചെയ്തത്. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പട്ടികയ്ക്ക് പുറത്തുനിന്ന് നിയമിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. സര്‍വകലാശാല നല്‍കിയ പട്ടിക മറികടന്ന് പുറത്ത് നിന്നുള്ളവരെ തിരുകി കയറ്റി എന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ഈ സാഹചര്യത്തില്‍ സെനറ്റ് അംഗങ്ങളുടെ നിയമനവും തുടര്‍ നടപടികളും റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മാധ്യമ പ്രവര്‍ത്തകരുടെ മണ്ഡലത്തില്‍ നിന്ന് സര്‍വകലാശാല നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്ന പിവി കുട്ടന്‍, വ്യവസായ മണ്ഡലത്തില്‍ നിന്ന് പട്ടികയില്‍ ഉണ്ടായിരുന്ന ദാമോദരന്‍ അവണൂര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com