'കേക്ക്, വൈൻ, രോമാഞ്ചം പരാമർശം പിൻവലിക്കുന്നു'; വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് സജി ചെറിയാൻ

'മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടു'
'കേക്ക്, വൈൻ, രോമാഞ്ചം പരാമർശം പിൻവലിക്കുന്നു'; വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം പരാമർശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കി. തന്റെ പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു തന്റെ പരാമർശത്തിൽ മന്ത്രി വിശദീകരണം നൽകിയത്. അവർക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പിൻവലിക്കുന്നു. രാജ്യത്ത് ബിജെപി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വർധിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു.

മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇപ്പോഴും അവിടെ സംഘർഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയൊ പാർലമെന്റിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വർധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങൾക്കെതിരായ നിലപാടാണ് താൻ പറയാൻ ഉദ്ദേശിച്ചത്. മണിപ്പൂർ വിഷയം ബിഷപ്പുമാർ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

'കേക്ക്, വൈൻ, രോമാഞ്ചം പരാമർശം പിൻവലിക്കുന്നു'; വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് സജി ചെറിയാൻ
സജി ചെറിയാന്റെ പ്രസ്താവന നിരുത്തരവാദപരം, പിൻവലിക്കുന്നതുവരെ സർക്കാരുമായി സഹകരിക്കില്ല: ക്ലിമിസ് ബാവ

200 ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതരായി. നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സംഘർഷം തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളിലൊന്നാണ് മണിപ്പൂർ.

മണിപ്പൂരിൽ സംഘർഷം പടർന്നുപിടിക്കുമ്പോൾ തന്നെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയിൽ രാജസ്ഥാനിൽ നിന്ന് പശുക്കളെ വിൽക്കാൻ കൊണ്ടുവന്ന ജുനെെദ്, നാസർ എന്നി യുവാക്കൾ നിഷ്കരുണം കൊല്ലപ്പെട്ടത്. മോനു മനേസർ എന്ന ബജ്റംഗ്ദൾ നേതാവ് നയിച്ച യാത്ര ഗുഡ്ഗാവിനടുത്ത് മുസ്ലീങ്ങൾ താമസിക്കുന്ന തെരുവിൽ എത്തി ആക്രമണങ്ങൾ അഴിച്ചുവിട്ടതും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതും ഹരിയാനയിലാണ്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രകളിൽ സായുധസംഘങ്ങൾ കയറിപ്പറ്റി മുസ്ലീം വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞവർഷം രാമനവമി-ഹനുമാൻജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ഒമ്പതോളം സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ അധിവാസമേഖലകളിൽ വർഗീയ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അറസ്റ്റു ചെയ്യപ്പെട്ട മുസ്ലീങ്ങളെ പൊലീസ് നോക്കിനിൽക്കെ സായുധസംഘങ്ങൾ വെടിവച്ചുകൊല്ലുന്ന സ്ഥിതിവരെയുണ്ടായെന്നും മന്ത്രി വിശദമാക്കി.

യുപിയിലെ മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലീം വിദ്യാർഥിയെ ശിക്ഷിക്കാനായി സഹപാഠികളായ ഹിന്ദുവിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത് വിദ്വേഷത്തിന്റെ രാഷ്ട്രീയം വിദ്യാലയങ്ങളിൽ വ്യാപിക്കുന്നതിന്റെ സൂചനയായിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഹിന്ദുത്വവല്‍ക്കരണവും ന്യൂനപക്ഷവേട്ടയും വര്‍ഗീയതയും കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭരണത്തില്‍ നടക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കെതിരെ നില്‍ക്കുകുകയാണ് ജനാധിപത്യ മതേതര ബോധ്യമുള്ളവര്‍ ചെയ്യേണ്ടതെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.

സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ രം​ഗത്തെത്തിയിരുന്നു. പ്രസ്താവന പിൻവലിക്കണമെന്നും പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്നും കത്തോലിക്ക ബാവ വ്യക്തമാക്കിയിരുന്നു. കെസിബിസി, ദീപിക പത്രത്തിലും സജി ചെറിയാനെതിരെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com