ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; സുരക്ഷ വർദ്ധിപ്പിച്ചു; സംസ്കൃത സർവകലാശാലയിലും കറുത്ത ബാനർ

എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡ് ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്
ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; സുരക്ഷ വർദ്ധിപ്പിച്ചു; സംസ്കൃത സർവകലാശാലയിലും കറുത്ത ബാനർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രി തലസ്ഥാനത്ത് തിരിച്ചെത്തും. ഗവർണർക്ക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. രാജ് ഭവന് മുന്നിലടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡ് ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഗവർണർക്കെതിരെ തലസ്ഥാനത്തും എസ്എഫ്ഐ കറുത്ത ബാനർ ഉയര്‍ത്തിയിട്ടുണ്ട്. സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലാണ് കറുത്ത ബാനർ ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ ഗവർണർ പോരിൽ നാടകീയ രംഗങ്ങൾക്കാണ് കാലിക്കറ്റ് സർവകലാശാല വേദിയായത്. എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഗവർണൻ ആരിഫ് മുഹമ്മദ്‌ ഖാൻ നീക്കം ചെയ്തിരുന്നു.

ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; സുരക്ഷ വർദ്ധിപ്പിച്ചു; സംസ്കൃത സർവകലാശാലയിലും കറുത്ത ബാനർ
അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ​വിസിയോട് ​ഗവർണർ; ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത

ബാനറുകൾ നീക്കം ചെയ്യാത്തതിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായാണ് പ്രതികരിച്ചത്. ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലറോട് ഗവർണർ നിർദേശം നൽകി. വി സിയുമായുളള കൂടിക്കാഴ്ചയിൽ തന്റെ അമർഷം വ്യക്തമാക്കിയ ഗവർണർ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദേശം നൽകിയത്. എന്നാൽ ക്യാമ്പസിലെ സാഹചര്യങ്ങളിൽ ഗവർണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്പസിനെ സംഘർഷ വേദിയാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലുമാണ് ഗവർണറോട് ആശങ്കയറിയച്ചത്.

ഗവർണർക്കെതിരെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാത്തതിൽ ഗവർണർ രോഷം മുഴുവൻ തീർത്തത് പൊലീസിന് നേരെയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഗവർണർ പൊട്ടിത്തെറിച്ചു. ക്യാമ്പസിലെ കാര്യങ്ങളിൽ ഇടപെടുന്നതിൽ പൊലീസിനുള്ള പരിമിതി ബോധ്യപ്പെടുത്താനുള്ള എസ്‌പിയുടെ ശ്രമം വിജയിച്ചില്ല. ഒടുവിൽ എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്യുകയായിരുന്നു.

എന്നാൽ ബാനർ നീക്കിയതോടെ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ വാക്കേറ്റമായി. പിന്നീട് ഗവർണർക്ക് എതിരായ ബാനറുകൾ ഉയർത്തി എസ്എഫ്ഐയുടെ പ്രതിഷേധം നടന്നു. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഭാഗമായി ക്യാമ്പസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ചിത്രവും ഗവർണറുടെ കോലവും പ്രവർത്തകർ കത്തിച്ചു. ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com