കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കർണ്ണാടകയ്ക്ക് സ്വന്തം; കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല

കർണാടക കോർപ്പറേഷൻ്റെ പേറ്റൻ്റ് കാലാവധി അവസാനിച്ച ശേഷം 2019ൽ കേരള കോർപ്പറേഷൻ ബൗദ്ധിക സ്വത്തവകാശം നേടിയിരുന്നു എന്നാണ് കേരള എസ്ആർടിസിയുടെ നിലപാട്
കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കർണ്ണാടകയ്ക്ക് സ്വന്തം; കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല

കൊച്ചി: കെഎസ്ആർടിസി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തർക്കത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് തിരിച്ചടി. കേരളത്തിന് കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാനാവില്ല. കേരളത്തിൻ്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ചുരുക്കപേര് ഇനി മുതൽ കർണാടകയ്ക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയാണ് കർണാടകയ്ക്ക് ചുരുക്കപ്പേര് ഉപയോഗ അനുമതി നൽകിയത്. നിലവിൽ കേരളവും കർണാടകവും ഉപയോഗിക്കുന്നത് കെഎസ്ആർടിസി എന്ന ഒരേ ചുരുക്കപ്പേരാണ്.

കർണാടക ആദ്യം പേരും ലോഗോയും പേറ്റൻ്റ് കൺട്രോളർ ജനറലിന് മുന്നിൽ രജിസ്റ്റർ ചെയ്തു. ഇതാണ് കേരള സ്റ്റേറ്റ് ആർടിസിക്ക് തിരിച്ചടിയായത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കേരള കോർപ്പറേഷൻ അപ്പീൽ നൽകിയേക്കും. കർണാടക കോർപ്പറേഷൻ്റെ പേറ്റൻ്റ് കാലാവധി അവസാനിച്ച ശേഷം 2019ൽ കേരള കോർപ്പറേഷൻ ബൗദ്ധിക സ്വത്തവകാശം നേടിയിരുന്നു എന്നാണ് കേരള എസ്ആർടിസിയുടെ നിലപാട്. അതിനാൽ കർണാടകയ്ക്ക് ചുരുക്കപ്പേര് സ്വന്തമാക്കാൻ അവകാശമില്ല എന്നുമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ നിലപാട്.

ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷൻ കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സ്വന്തമാണെന്ന കേരളത്തിൻ്റെ അവകാശവാദമാണ് തർക്കങ്ങൾക്ക് വഴിതെളിച്ചത്. തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതിയെന്നായിരുന്നു കേരളത്തിൻ്റെ അവകാശവാദം. ഇതോടെയാണ് വിഷയം നിയമപോരാട്ടത്തിൻ്റെ വഴിയിലേയ്ക്ക് കടന്നത്. കര്‍ണാടകയും വിഷയത്തിൽ നിയമപരമായി നീങ്ങാൻ തീരുമാനിച്ചു. കർണാടക വിഷയം ഉന്നയിച്ച് ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ഈ ബോർഡ് ഇല്ലാതായതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം 1965ലാണ് കേരളം കെഎസ്ആര്‍ടിസിയെന്ന പേരിൽ പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നത്. 1973ലാണ് കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് കർണാടക ഉപയോഗിച്ച് തുടങ്ങിയത്. കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ലാത്തതിനാൽ ആ പേര് തന്നെ തുടർന്നും ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കുന്നത്.

കെഎസ്ആർടിസ് എന്ന ചുരുക്കെഴുത്ത് പ്രത്യേകമായി ഉപയോഗിക്കാനുള്ള കേരളത്തിൻ്റെ അവകാശവാദം മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ 'കെഎസ്ആർടിസി' ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. 'കെഎസ്ആർടിസി' എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിന് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കർണാടക എസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു. 1973 നവംബർ 1 മുതലുള്ള ഉപയോക്തൃ തീയതിയോടെ 2013-ൽ കോർപ്പറേഷന് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ ഗവൺമെന്റിന്റെ ട്രേഡ് മാർക്ക് രജിസ്ട്രി അനുവദിച്ചിട്ടുണ്ട്. 'കെഎസ്ആർടിസി' ലോഗോയും 'ഗണ്ഡഭേരുണ്ട ആർട്ട്' (സംസ്ഥാന സർക്കാരിന്റെ ലോഗോ) ഉപയോഗിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പകർപ്പവകാശ രജിസ്ട്രാറിൽ നിന്നും പകർപ്പവകാശം ലഭിച്ചിട്ടുണ്ടെന്നും കർണാടക എസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 12 ന് മദ്രാസ് ഹൈക്കോടതി കേരള ആർടിസി സമർപ്പിച്ച അപേക്ഷകൾ തള്ളുകയും കെഎസ്ആർടിസിക്ക് (കർണ്ണാടക) അനുകൂലമായി വിധിക്കുകയും ചെയ്തു. കേരള ആർടിസിയുടെ കേസ് തള്ളിയതിനാൽ ഭാവിയിലും കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിന് കർണാടക ആർടിസിക്ക് നിയമതടസ്സമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com