വിമാനത്താവളത്തിൽ ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി എടിഎസ്; പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി

ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് എടിഎസ് മുംബൈയിലേക്ക് കൊണ്ടുപോയത്
വിമാനത്താവളത്തിൽ ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി എടിഎസ്; പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡും പൊലീസും. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം തകർക്കുമെന്ന് ഇ മെയിൽ അയച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ മുംബൈയിലേക്ക് കൊണ്ടുപോയി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് എടിഎസ് മുംബൈയിലേക്ക് കൊണ്ടുപോയത്.

പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോൺ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വിമാനത്താവള അധികൃതർക്ക് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നായിരുന്നു ഭീഷണി.

ഐപി വിലാസം കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. തുടർന്നാണ് മുംബൈയിൽ നിന്ന് അന്വേഷണ സംഘം കേരളത്തിലെത്തി ഫെബിനെ അറസ്റ്റ് ചെയ്തത്. ഫെബിന്‍റെ വീട്ടിലെ ബ്രോഡ് ബാന്‍റ് കണക്ഷൻ ഉപയോഗിച്ചാണ് ഇ മെയിൽ അയച്ചതെന്ന് എടിഎസ് സൈബര്‍ സെൽ കണ്ടെത്തിയിട്ടുണ്ട്.

വിമാനത്താവളത്തിൽ ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി എടിഎസ്; പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി
മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരം സ്വദേശി പിടിയിൽ

വിമാനത്താവള അധികൃതരുടെ പരാതിയിൽ സഹർ പൊലീസും അന്വേഷണം നടത്തുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഛത്രപതി ശിവജി വിമാനത്താവളത്തിന്‍റെ സുരക്ഷ ശക്തമാക്കി. നാളെ മുംബൈ ഭീകരാക്രമണ വാർഷികമായതിനാൽ നഗരത്തിലെ പ്രധാനയിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍റുകളും ഉൾപ്പെടെ നിരീക്ഷണത്തിലാണ്. തീരമേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com