ഇടതുപക്ഷ ബദലുകളെ ആവേശം കൊള്ളിച്ച വിഎസ് കാലം

ഓരോ ജനകീയ സമരങ്ങളുടെയും സമരപന്തലുകളിലേക്ക് വിഎസിനെയെത്തിക്കാന്‍ അവര്‍ കാത്തുനിന്നു
ഇടതുപക്ഷ ബദലുകളെ ആവേശം കൊള്ളിച്ച വിഎസ് കാലം

വിഎസ് അച്യുതാനന്ദനെ പോലെ കേരളത്തിലെ പൗരാവകാശ, മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും ഇത്രയധികം വിശ്വാസമര്‍പ്പിച്ച മറ്റൊരു മുഖ്യധാര രാഷ്ട്രീയ നേതാവുണ്ടാകില്ല. സിപിഐഎമ്മിനോട് പല തരത്തിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുള്ള സാമൂഹ്യ മുന്നേറ്റങ്ങളെല്ലാം തന്നെ വിഎസ് എന്ന കുടക്കീഴില്‍ അണിനിരന്നു.

'കേരളത്തിന്റെ മണ്ണിനെയും വിണ്ണിനെയും പെണ്ണിനെയും വില്‍ക്കാന്‍ സമ്മതിക്കില്ല' എന്ന വിശാല മുദ്രാവാക്യമാണ് വിഎസ് മുന്നോട്ടുവെച്ചിരുന്നത്. എന്തുകൊണ്ട് വിഎസിന് കീഴില്‍ അണിനിരക്കുന്നു എന്ന ചോദ്യത്തിന് ഈ മറുപടി ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ തൊട്ട് താഴെ തട്ടിലുള്ളവര്‍ വരെ ഒരേ പോലെ 'കേരളത്തിന്റെ മണ്ണിനെയും വിണ്ണിനെയും പെണ്ണിനെയും വില്‍ക്കാന്‍ സമ്മതിക്കില്ല' അത് കൊണ്ട് തന്നെ എന്ന മറുപടി പറഞ്ഞു.

2001ല്‍ പ്രതിപക്ഷ നേതാവായി എത്തിയതിന് ശേഷം കേരള രാഷ്ട്രീയത്തെ കുറെ കൂടി സൂക്ഷ്മമായി പരിശോധിക്കാനും ഇടപെടാനും തുടങ്ങി. അഴിമതിയിലും വെട്ടിപ്പിടിക്കലിലും യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ല എന്ന സന്ദേശം തന്റെ പ്രവര്‍ത്തി കൊണ്ട് നല്‍കി. മുഖ്യധാരാ രാഷ്ട്രീയത്തില്‍ അതുവരെ കാര്യമായ ഇടമില്ലാതിരുന്ന പൗരാവകാശ, മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരെ കേട്ടു. അവരെയും കൂട്ടി പ്രശ്നബാധിത പ്രദേശങ്ങളിലെത്തി.

മതികെട്ടാനിലും ഇടമലയാര്‍ അഴിമതിക്കേസിലും ഐസ്‌ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ള സ്ത്രീ പീഡനകേസുകളിലും വിഎസ് മുന്നില്‍ പാറപോലെ നില്‍ക്കുകയായിരുന്നു. അത് കേരളത്തിലെ ജനങ്ങള്‍ക്കിടയിലും വിവിധ പ്രസ്ഥാനങ്ങളിലും ഉണ്ടാക്കിയ മതിപ്പ് വലുതായിരുന്നു. ഓരോ ജനകീയ സമരങ്ങളുടെയും സമരപന്തലുകളിലേക്ക് വിഎസിനെയെത്തിക്കാന്‍ അവര്‍ കാത്തുനിന്നു. എല്ലാ ജനകീയ സമരങ്ങളും ആവേശത്തോടെ വരവേറ്റ രണ്ട് നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഒരാള്‍ വിഎസ് ആയിരുന്നുവെങ്കില്‍ മറ്റൊരാള്‍ വിഎം സുധീരനായിരുന്നു.

അതുകൊണ്ട് തന്നെയാണ് വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നാനാവിധം ജനങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തവര്‍ വരെയും ഒരുമിച്ചെത്തി വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടത്. കേരളത്തില്‍ രണ്ടായിരത്തിന് ശേഷം രൂപം കൊണ്ട സിപിഐഎം വിമത പ്രസ്ഥാനങ്ങളുടെയും ആവേശം വിഎസ് തന്നെയായിരുന്നു. അവര്‍ അവരുടെ അപ്രഖ്യാപിത നേതാവായി വിഎസിനെ കണ്ടു. ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ആര്‍എംപിയുടെയും എംആര്‍ മുരളിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ജെവിഎസിന്റെയും മുളന്തുരുത്തിയിലെ വിമതസംഘത്തിന്റെയുമൊക്കെ ആവേശം. സിപിഐഎമ്മിനുള്ളിലെ വിഎസ് പക്ഷ നേതാക്കളായിരുന്നവരായിരുന്നു ഈ പ്രസ്ഥാനങ്ങളെയെല്ലാം നയിച്ചിരുന്നത്.

അക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തരം വിമത സംഘങ്ങള്‍ രൂപം കൊണ്ടിരുന്നു. വടകരയില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടിപി ചന്ദ്രശേഖരനും പാലക്കാട് ലോക്സഭ മണ്ഡലത്തിലേക്ക് മത്സരിച്ച എംആര്‍ മുരളിക്കും 20000ത്തിന് മുകളില്‍ വോട്ട് ലഭിക്കുന്നതില്‍ ഈ 'വിഎസ് ഫാക്ടര്‍' ഉണ്ടായിരുന്നു. ആ എഫക്ടിന്റെ ബലത്തില്‍ തന്നെയാണ് തുടര്‍ച്ചയായി മൂന്നാം തവണയും കുന്നംകുളം നഗരസഭയിലെ മൂന്ന് സീറ്റുകളിലേക്ക് വിജയിക്കാന്‍ കഴിയുന്നതും. മുന്‍പില്ലാത്തവണ്ണം വിമത സംഘങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുകയും എംആര്‍ മുരളി സിപിഐഎമ്മിലേക്ക് മടങ്ങുകയും ചെയ്‌തെങ്കിലും 'വിഎസ് രാഷ്ട്രീയ' ആലോചനകളില്‍ ആരംഭിച്ച ഈ ബദല്‍ പ്രസ്ഥാനങ്ങളില്‍ പലതും ഇപ്പോഴും തുടരുന്നുണ്ട്.

ഇടതുപക്ഷ ബദലുകളെ ആവേശം കൊള്ളിച്ച വിഎസ് കാലം
പിണറായിക്കെതിരെ എയ്ത ഒളിയമ്പുകൾ; സിപിഐഎം ഇരുപക്ഷമായ വിഎസ് കാലം
ഇടതുപക്ഷ ബദലുകളെ ആവേശം കൊള്ളിച്ച വിഎസ് കാലം
ഉൾപ്പാർട്ടി സമരവും പാർട്ടിക്കുമേൽ വളർന്ന ജനകീയതയും; സിപിഐഎമ്മിലെ വിഎസ് എന്ന പ്രതിപക്ഷം

Related Stories

No stories found.
logo
Reporter Live
www.reporterlive.com