പിണറായിക്കെതിരെ എയ്ത ഒളിയമ്പുകൾ; സിപിഐഎം ഇരുപക്ഷമായ വിഎസ് കാലം

ലാവ്ലിന്‍ കേസില്‍ പിണറായിയെ പരസ്യമായല്ലെങ്കിലും തളളിപ്പറയുന്ന നിലപാടുകളാണ് വി എസ് കൈക്കൊണ്ടത്. ലാവ്ലിനില്‍ കുറ്റപ്പെടുത്തിക്കൊണ്ടുളള വിഎസിന്‍റെ ഒളിയമ്പുകള്‍ പിണറായിയെ പ്രകോപിപ്പിച്ചിരുന്നു.
പിണറായിക്കെതിരെ എയ്ത ഒളിയമ്പുകൾ; സിപിഐഎം ഇരുപക്ഷമായ വിഎസ് കാലം

കേരള രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലും സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്നതാണ് വിഎസ്- പിണറായി പക്ഷ പോരാട്ടം. ഒരുകാലത്ത് വിഎസ്സിന്റെ ശിഷ്യനായിരുന്ന പിണറായി വിഎസിന്‍റെ തന്നെ പൂര്‍ണ പിന്തുണയോടെയാണ് 1998ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായത്. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വഷളായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഓള്‍ഡ് സ്കൂള്‍ പ്രതിനിധിയായിരുന്നു വിഎസ് അച്യുതാനന്ദന്‍. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിഎസിന് പാര്‍ട്ടി സ്വീകരിച്ച ചില നിലപാടുകളോട് സമരസപ്പെടാന്‍ സാധിച്ചിരുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കും ഉദാരവല്‍ക്കരണത്തിനും എതിരെ വിഎസ് ശക്തമായി നിലകൊണ്ടപ്പോള്‍ കുറേക്കൂടി ഉദാരമായ സമീപനമാണ് പിണറായി വിജയന്‍ സ്വീകരിച്ച് പോന്നത്. ഇത് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കി. സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം പിന്നീട് നടന്നത് പാര്‍ട്ടിക്കുളളില്‍ മേധാവിത്തം നേടാനുളള ഇരു നേതാക്കളുടെയും ശക്തരായ പോരാട്ടമായിരുന്നു.

1998ല്‍ വിഎസ്സിന്റെ പൂര്‍ണ പിന്തുണയോടെ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായെങ്കിലും പിന്നീട് ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വഷളായി. 2001ല്‍ പ്രതിപക്ഷ നേതാവായപ്പോള്‍ വിഎസ് ഏറ്റെടുത്ത പല പോരാട്ടങ്ങളും പാര്‍ട്ടിക്ക് അതൃപ്തിയുണ്ടാക്കി. ഇത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്കും വിഎസ്സിനുമിടയിലുള്ള പോര് രൂക്ഷമാക്കി.

ലാവ്ലിന്‍ കേസില്‍ പിണറായിയെ പരസ്യമായല്ലെങ്കിലും തളളിപ്പറയുന്ന നിലപാടുകളാണ് വി എസ് കൈക്കൊണ്ടത്. ലാവ്ലിനില്‍ കുറ്റപ്പെടുത്തിക്കൊണ്ടുളള വിഎസിന്‍റെ ഒളിയമ്പുകള്‍ പിണറായിയെ പ്രകോപിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് 2009ല്‍ ചോര്‍ന്നതോടെയാണ് പിണറായിക്കെതിരായ ലാവ്‌ലിന്‍ ആരോപണങ്ങള്‍ ശക്തമായത്. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാബിനറ്റിന്റെ ശുപാര്‍ശ മറികടന്ന് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണറുടെ തീരുമാനത്തെ അംഗീകരിക്കാന്‍ വി എസ് തയ്യാറായി. ഗവര്‍ണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന പാര്‍ട്ടി നിലപാട് തളളിയായിരുന്നു വി എസിന്‍റെ തീരുമാനം.

ജനമനസുകളില്‍ വി എസും പാര്‍ട്ടിക്കുളളില്‍ പിണറായി വിജയനും ശക്തമായ സാന്നിധ്യമാകുന്ന കാലഘട്ടമായിരുന്നു അത്. 2005ല്‍ മലപ്പുറത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ വി എസ് പക്ഷക്കാരായ 12 പേര്‍ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് മത്സരിച്ചെങ്കിലും എല്ലാവരും തോറ്റത് വിഎസ്സിന് കനത്ത തിരിച്ചടിയായി. പൂര്‍വ്വാധികം ശക്തിയോടെ പിണറായി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. ആ വര്‍ഷം വിഎസ്സിനെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്നുവരെ കാണാത്ത പല കീഴ്വഴക്കങ്ങളും പിന്നീടുണ്ടായി. 2006 ലെ തെരഞ്ഞെടുപ്പില്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തയ്യാറായില്ല, പക്ഷേ ഇതിനെതിരെ പലയിടത്തും ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പാര്‍ട്ടിക്ക് തീരുമാനം തിരുത്തേണ്ടിവന്നു. മലമ്പുഴയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തിയ വിഎസിനെ മുഖ്യമന്ത്രിയാക്കേണ്ടിയും വന്നു പാര്‍ട്ടിക്ക്. എന്നാല്‍ ആഭ്യന്തരം വി എസ്സിന് നല്‍കാതെ വിശ്വസ്തനായ കോടിയേരിക്ക് നല്‍കുന്നതില്‍ പിണറായി വിജയിച്ചു.

തുടര്‍ന്നും വിഎസ്-പിണറായി പോര് രൂക്ഷമായതോടെ 2007ല്‍ ഇരുനേതാക്കളെയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 2011ലും പാര്‍ട്ടി ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വി എസ് ഉണ്ടായിരുന്നില്ല. 2006ലെ സമാന സാഹചര്യം രൂപപ്പെട്ടതോടെ വി എസ്സിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി വീണ്ടും നിര്‍ബന്ധിതമായി.

2012 മെയ് നാലിന് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ വി എസ്-പിണറായി പോരിന് പുതിയൊരു പോര്‍മുഖം തുറക്കപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് പിണറായി ആവര്‍ത്തിച്ചപ്പോള്‍ ടി പിയെ ശക്തമായി പിന്തുണച്ച് വി എസ് രംഗത്തെത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി പി ചന്ദ്രശേഖരന്റെ വീട് വിഎസ് സന്ദര്‍ശിച്ചതോടെ പിണറായിക്കും വിഎസ്സിനുമിടയിലുള്ള പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.

വിഎസിനെ 1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന എസ്.എ.ഡാങ്കെയുമായി പിണറായി താരതമ്യം ചെയ്തതും, പിണറായിയുടെ ബക്കറ്റിലെ വെള്ളം പ്രയോഗവും, ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്കയെ ചൂണ്ടിക്കാട്ടി വിഎസ് തിരിച്ചടിച്ചതും അക്കാലങ്ങളില്‍ വാര്‍ത്താ തലക്കെട്ടുകളായി.

2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഎസ്സിന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുകയും വിഎസ് സമ്മേളന വേദിയില്‍ നിന്നിറങ്ങിപോകുകയും ചെയ്തു. അതേ സമ്മേളനത്തില്‍ വിഎസ്സിനെതിരെ പ്രമേയം പാസാക്കി. ഇരു നേതാക്കള്‍ക്കുമിടയില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട പോരിന്‍റെ അവസാന അധ്യായങ്ങളായിരുന്നു ഇതെല്ലാം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുനേതാക്കളും മത്സരിക്കുകയും ജയിച്ച് നിയമസഭയിലെത്തുകയും ചെയ്തു. തുടര്‍ന്ന് പിണറായി മുഖ്യമന്ത്രിയും ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാവുകയും ചെയ്തതോടെ രണ്ട് ദശകത്തോളം നീണ്ടുനിന്ന പോരിന് അവസാനമായി.

പിണറായിക്കെതിരെ എയ്ത ഒളിയമ്പുകൾ; സിപിഐഎം ഇരുപക്ഷമായ വിഎസ് കാലം
'വിഎസിന്റെ ഒഞ്ചിയം സന്ദർശനം സ്വന്തം രാഷ്ട്രീയത്തോടുള്ള പ്രതികരണം'; ജോസഫ് സി മാത്യു

Related Stories

No stories found.
logo
Reporter Live
www.reporterlive.com