മലയാള സിനിമയുടെ തിരഞ്ഞെടുപ്പ് പോരാട്ടം; രാഷ്ട്രീയത്തിൽ പയറ്റിയ സിനിമാക്കാർ

അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ തിരശീലയിലെ താരങ്ങളെ തിരഞ്ഞെടുപ്പിലും തങ്ങളുടെ നേതാക്കളായി ജനം തിരഞ്ഞെടുക്കുമ്പോഴും കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ വ്യത്യസ്തമായിരുന്നു
മലയാള സിനിമയുടെ  തിരഞ്ഞെടുപ്പ് പോരാട്ടം; രാഷ്ട്രീയത്തിൽ പയറ്റിയ സിനിമാക്കാർ

സിനിമയിലെ വിജയവും താരപരിവേഷവും കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു അധിക യോ​ഗ്യതയായിരുന്നില്ല. അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ തിരശീലയിലെ താരങ്ങളെ തിരഞ്ഞെടുപ്പിലും തങ്ങളുടെ നേതാക്കളായി ജനം തിരഞ്ഞെടുക്കുമ്പോഴും കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ വ്യത്യസ്തമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. പക്ഷേ, ആ സുരേഷ് ​ഗോപി ശ്രമിച്ചിട്ടും തൃശൂർ എടുക്കാൻ കഴിയാതെ പോയ രാഷ്ട്രീയ പശ്ചാത്തലമാണ് കേരളത്തിന്‍റേത്. എന്നാൽ ചാലക്കുടി എടുക്കാൻ ഇന്നസെന്റിന് കഴിഞ്ഞിട്ടുമുണ്ട്. കൊല്ലത്തു നിന്ന് നടന്‍ മുകേഷ് ജയിച്ചുകയറിയപ്പോൾ മലയാളികളെ അറിഞ്ഞു ചിരിപ്പിച്ച മറ്റൊരു നടന്‍ ജ​ഗദീഷ് പക്ഷേ പരാജയപ്പെട്ടു. മലയാള സിനിമയിൽ നിന്ന് തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങിത്തിരിച്ച പ്രമുഖർ ആരൊക്കെയെന്ന് നോക്കാം.

രാമു കാര്യാട്ട്

നീലക്കുയിൽ, ചെമ്മീൻ, മൂടുപടം, മുടിയനായ പുത്രൻ തുടങ്ങി മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് രാമു കാര്യാട്ട്. ഇടതുപക്ഷ അനുഭാവിയായിരുന്ന രാമു കാര്യാട്ട് 1965 ലാണ് തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങിയത്. നാട്ടികയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടികളുടെ (സിപിഐയുടെയും സിപിഎമ്മിന്റെയും) പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു പോരാട്ടം. കോൺ​ഗ്രസിന്റെ വി കെ കുമാരനെ പരാജയപ്പെടുത്തി രാമു കാര്യാട്ട് നിയമസഭയിലേയ്ക്ക് വിജയിച്ചു കയറി.

കോൺഗ്രസ്സിലും കമ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ടായ പിളർപ്പുകൾക്കു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിയമസഭാ കാണാനാകാതെ പോയ വിജയി കൂടിയാണ് രാമു കാര്യാട്ട്. മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ സത്യപ്രതിജ്ഞ നടന്നില്ല. 133 അംഗങ്ങളുണ്ടായിരുന്ന സഭ, ഗവർണർ വിവി ഗിരിയുടെ ശുപാർശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ പിരിച്ചുവിടുകയായിരുന്നു.

പിന്നീട് 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി രാമുകാര്യാട്ട് മത്സരത്തിനിറങ്ങി. ഇത്തവണ ജയം സിപിഐ സ്ഥാനാർത്ഥി സി ജനാർദ്ദനന് ഒപ്പമായിരുന്നു. സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ നിർത്തിയ ആ തിരഞ്ഞെടുപ്പിൽ 6,364 വോട്ടുകനേടി രാമുകാര്യാട്ടിന് നാലാം സ്ഥാനത്ത് എത്തുവാനേ കഴിഞ്ഞുള്ളു.

തോപ്പില്‍ ഭാസി

എഴുത്തിലും നാടകത്തിലും സിനിമയിലും മാത്രമല്ല രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി. ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഭാസി നിയമസഭയിലെത്തി. തിരഞ്ഞെടുപ്പ് മത്സരത്തിനും വിജയത്തിനുമപ്പുറം അടിമുടിയൊരു രാഷ്ട്രീയക്കാരനായിരുന്നു തോപ്പില്‍ ഭാസി. പഠിക്കുന്ന കാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കോൺഗ്രസ്സിൽ അംഗമായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായിരുന്ന ഭാസി ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.

ലെനിൻ രാജേന്ദ്രൻ

കലയുടെയും ദൃശ്യങ്ങളുടെയും ഭം​ഗി സിനിമാക്കാഴ്ചകളിൽ എത്തിച്ച സംവിധായകനാണ് ലെനിൻ രാജേന്ദ്രന്‍. 1989ല്‍ ഒറ്റപ്പാലത്ത് നിന്ന് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിട്ടാണ് ലെനിൻ രാജേന്ദ്രൻ മത്സരത്തിന് ഇറങ്ങുന്നത്. എതിരാളിയാകട്ടെ കോൺ​ഗ്രസിന്റെ കെ ആർ നാരായണനും. 350683 വോട്ടുകൾ കെ ആർ നാരായാണൻ സ്വന്തമാക്കിയപ്പോൾ 324496 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്താനെ ലെനിൻ രാജേന്ദ്രന് കഴിഞ്ഞുള്ളൂ.

1991ലെ ലോക്സഭാ ഇലക്ഷനിലും കെ ആർ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തിൽ ലെനിൻ രാജേന്ദ്രന്‍ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി. ഇത്തവണയും വിജയം കെ ആർ നാരായണനൊപ്പമായിരുന്നു. തുടർച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷം തിരഞ്ഞെടുപ്പ് രംഗത്തു നിന്ന് ലെനിൻ രാജേന്ദ്രൻ പിൻവാങ്ങുകയായിരുന്നു.

പി ടി കുഞ്ഞിമുഹമ്മദ്

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിൽ എത്തിയ സിനിമാക്കാരനാണ് സംവിധായകനും നിർമ്മാതാവുമായ പി ടി കുഞ്ഞിമുഹമ്മദ്. 1994 ലെ ഉപതിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും ജയിച്ചാണ് പി ടി കുഞ്ഞിമുഹമ്മദ് നിയമസഭയിൽ എത്തിയത്. ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. യുഡിഎഫ് കോട്ടയായിരുന്ന മണ്ഡലമാണ് പി ടി കുഞ്ഞിമുഹമ്മദിലൂടെ 94 ലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തത്. 1977 മുതൽ തുടർച്ചയായി മുസ്‌ളീം ലീഗിനൊപ്പം നിന്നിരുന്ന മണ്ഡലമായിരുന്നു ​ഗുരുവായൂർ.

1996 ലെ തിരഞ്ഞെടുപ്പിൽ ​ഗുരുവായൂരിൽ നിന്നു തന്നെ പി ടി കുഞ്ഞിമുഹമ്മദ് വീണ്ടും പോരാട്ടത്തിനിറങ്ങി. 2836 വോട്ടിന് മുഖ്യ എതിരാളിയായ മുസ്‌ളീം ലീഗിന്‍റെ ആർ പി മൊയ്തുട്ടിയെ പരാജയപ്പെടുത്തി പി ടി കുഞ്ഞിമുഹമ്മദ് വീണ്ടും നിയമസഭയില്‍ എത്തി. പി ടി കുഞ്ഞുമുഹമ്മദ് 39870 നേടിയപ്പോള്‍3 7034 വോട്ടുകളാണ് മുഖ്യ എതിരാളി ആർ പി മൊയ്തുട്ടിക്ക് നേടാനായത്.

മുരളി

ഭരത് അവാർഡ് ജേതാവായ നടൻ മുരളി മത്സരിക്കാനിറങ്ങിയ തിരഞ്ഞെടുപ്പാണ് 1999 ലെ ലോക്സഭ തിരഞ്ഞെടുപ്പ്. ആലപ്പുഴ മണ്ഡലത്തിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായാണ് മുരളി തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ചമുറുക്കിയത്. നാടകത്തിലും സിനിമയിലും കൈവരിച്ച വിജയം പക്ഷേ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാന്‍ മുരളിക്ക് കഴിഞ്ഞില്ല. കോൺ​ഗ്രസ് സ്ഥാനാർത്ഥി വി എം സുധീരനോട് 35094 വോട്ടുകൾക്ക് പരാജയപ്പെടേണ്ടി വന്നു മുരളിക്ക്. ആകെ 788776 വോട്ടുകൾ പോള്‍ ചെയ്തപ്പോൾ വി എം സുധീരൻ 392700 വോട്ടുകള്‍ സ്വന്തമാക്കി. 357606 വോട്ടുകളുമായി മുരളി രണ്ടാം സ്ഥാനത്ത് എത്തി.

കെ ബി ഗണേഷ് കുമാര്‍

മലയാള ചലച്ചിത്ര മേഖലയിൽ നിന്ന്‌ ഏറ്റവും കൂടുതൽ തവണ നിയമസഭയിൽ എത്തിയത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. കേരളാ കോൺഗ്രസ് (ബി)യുടെ കെ ബി ഗണേഷ് കുമാർ. മന്ത്രിയായ സിനിമാക്കാരൻ. കെ ജി ജോർജ് സംവിധാനം ചെയ്ത് 1985-ൽ റിലീസായ ഇരകൾ എന്ന സിനിമയിലെ മാനസിക രോഗം ബാധിച്ച നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു ഗണേഷ് കുമാറിന്റെ സിനിമയിലെ അരങ്ങേറ്റം. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതോടെയാണ് ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് ​ഗണേഷ് കുമാർ നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള ഏക സിനിമാപ്രവർത്തകനും ​ഗണേഷ് കുമാറാണ്. എന്നാൽ ഈ മൂന്ന് തവണയും മുഴുവൻ ടേം മന്ത്രിയായി പ്രവർത്തിക്കാന്‍ ​ഗണേഷ് കുമാറിന് കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വിരോധാഭാസം.

2001-ലെ എ കെ ആൻറണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായ ഗണേഷ് കുമാർ 2003 ൽ പിതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാറിന് വിവാഹ മോചന തർക്കത്തെ തുടർന്ന് 2013-ൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. വീണ്ടും രണ്ടാം പിണറായി മന്ത്രിസഭയില്‍ പുന:സംഘടനയുടെ ഭാഗമായിട്ടാണ് 2023 ഡിസംബർ 29ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി ​ഗണേഷ് കുമാർ സ്ഥാനമേറ്റത്.

ഇന്നസെന്റ്

വിശേഷണങ്ങളാവശ്യമില്ലാത്ത നടനാണ് ഇന്നസെന്റ്. 2014ലാണ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ ഇന്നസെന്റ് ഇറങ്ങിയത്. ചാലക്കുടിയിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടൻ കോൺ​ഗ്രസിന്റെ പി സി ചാക്കോയെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തി. ഇന്നസെന്റ് 358440 വോട്ടുകള്‍ സ്വന്തമാക്കിയപ്പോൾ മുഖ്യ എതിരാളിയായ പി സി ചാക്കോയ്ക്ക് 344556 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളു. കാന്‍സര്‍ രോഗിയായിരുന്ന ഇന്നസെന്‍റ് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ മലയാളത്തിൽ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു. സ്പീക്കർ സുമിത്രാ മഹാജൻ ഇന്നസെന്റിനെ അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇന്നസെന്റ് തിരഞ്ഞടുപ്പ് ​ഗോദയിൽ ഇറങ്ങിയെങ്കിലും വിജയിക്കാനായില്ല. കോൺ​ഗ്രസിന്റെ ബെന്നി ബഹനാന് ഒപ്പമായിരുന്നു ഇത്തവണ ചാലക്കുടി മണ്ഡലം. 473444 വോട്ടുകൾ നേടി ബെന്നി ബഹനാൻ ലോക്സഭയിൽ എത്തിയ തിരഞ്ഞെടുപ്പിൽ 341170 വോട്ടാണ് ഇന്നസെന്റ് നേടിയത്.

ഗണേഷ് കുമാർ, ജ​ഗദീഷ്, ഭീമൻ രഘു; പത്തനാപുരത്തെ നക്ഷത്ര തിളക്കം

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായൊരു അങ്കത്തിനാണ് പത്തനാപുരം സാക്ഷിയായത്. മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികളായി പത്തനംതിട്ടയില്‍ മത്സരിക്കാനിറങ്ങിയത് സിനിമാ നടന്മാരായിരുന്നു. എൽഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കെ ബി ഗണേഷ് കുമാറും യുഡിഎഫിന് വേണ്ടി ജഗദീഷും ബിജെപി സ്ഥാനാർത്ഥിയായി ഭീമൻ രഘുവും പരസ്പരം പോരാടി. വിജയം പക്ഷേ ഗണേഷ് കുമാറിനൊപ്പമായിരുന്നു. 74429 വോട്ടുകൾ നേടിയ ഗണേഷ് കുമാര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ 49867 വോട്ട് നേടിയ ജഗദീഷ് രണ്ടാം സ്ഥാനത്ത് എത്തി. 11700 വോട്ടുകളാണ് ഭീമൻ രഘുവിന് നേടാനായത്.

മുകേഷ്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയിറങ്ങിയ മറ്റൊരു നടനാണ് മുകേഷ്. കൊല്ലം മണ്ഡലത്തിൽ നിന്നും സിപിഐഎമ്മിന്റെ ടിക്കറ്റിലായിരുന്നു മുകേഷ് മത്സരത്തിന് ഇറങ്ങിയത്. അന്ന് സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി കെ ഗുരുദാസനു പകരമാണ് കൊല്ലത്ത് മുകേഷിനെ മത്സരത്തിന് ഇറക്കുന്നത്. ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥി സൂരജ് രവിയെ പരാജയപ്പെടുത്തി മുകേഷ് നിയമസഭയിലെത്തി.

ഒരു ടേം കൊണ്ട് രാഷ്ട്രീയ ജീവതം അവസാനിപ്പിച്ച് പിൻവാങ്ങാൻ മുകേഷ് ഒരുക്കമായിരുന്നില്ല. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിറ്റിങ് സീറ്റിൽ നിന്ന് മുകേഷ് മത്സരത്തിനിറങ്ങി. മുഖ്യ എതിരാളിയും ഡിസിസി പ്രസിഡന്റുമായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും മുകേഷ് നിയമസഭയിലെത്തി. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി കൂടിയാണ് മുകേഷ്.

അലി അക്ബർ

ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള സിനിമകളുടെ സംവിധായകനായ അലി അക്ബറും ജനവിധി തേടി ഇറങ്ങിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നു മത്സരിച്ചെങ്കിലും അലി അക്ബർ പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമായിരുന്നു അത്തവണ വടകര. പാർട്ടിക്കുള്ളിൽ സാമ്പത്തിക അഴിമതി നടന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിന് ശേഷം 15 ദിവസത്തിനുള്ളിൽ അദ്ദേഹം ആപ്പ് വിട്ടു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അലി അക്ബർ ജനവിധി തേടി ഇറങ്ങി. ഇത്തവണ പക്ഷേ ആം ആദ്മി സ്ഥാനാർത്ഥിയായല്ല ബിജെപി സ്ഥാനാർത്ഥിയായിട്ടായിരുന്നു അലി അക്ബർ എത്തിയത്. കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അലി അക്ബറിന് പക്ഷേ ജയിക്കാനായില്ല. കരാട്ട് റസാഖിനായിരുന്നു അത്തവണ കൊടുവള്ളി നിയമസഭാ ടിക്കറ്റ് നൽകിയത്.

2021-ൽ ഹിന്ദുമതം സ്വീകരിച്ച അലി അക്ബർ തൻ്റെ പേര് രാമസിംഹൻ എന്നു മാറ്റി. 2023 ജൂൺ 16 ന് താൻ ബിജിപിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് രാമസിംഹൻ അബൂബക്കർ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.

ദേവന്‍

ചലച്ചിത്ര പ്രവർത്തകരൊക്കെ ഏതെങ്കിലും മുന്നണിക്കൊപ്പമോ, സ്വതന്ത്രരായോ ഒക്കെ മത്സരിച്ചപ്പോൾ സ്വന്തമായൊരു പാർട്ടി തന്നെ രൂപീകരിച്ച് മത്സരത്തിന് ഇറങ്ങിയ നടനാണ് ദേവന്‍. കേരളാ പീപ്പിൾസ് എന്ന പാർട്ടി രൂപീകരിച്ചാണ് ദേവൻ മത്സരിക്കാന്‍ ഇറങ്ങിയത്. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പാർട്ടിയുടെ പേര് നവകേരളാ പീപ്പിൾസ് പാർട്ടി എന്നാക്കി. പിന്നീട് നവകേരളാ പീപ്പിൾസ് ബിജെപിയിൽ ലയിപ്പിച്ചു.

സുരേഷ് ​ഗോപി

പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തകനായിരുന്നു സുരേഷ് ​ഗോപി. 2006 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി എസ് അച്യുതാനന്ദനു വേണ്ടിയും പൊന്നാനി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം പി ഗംഗാധരനുവേണ്ടിയും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട് സുരേഷ് ​ഗോപി.

2016 ഏപ്രിൽ 29 ന് രാഷ്ട്രപതിയുടെ നാമനിർദ്ദേശത്തിലൂടെ സുരേഷ് ​ഗോപി പാർലമെൻ്റ് അംഗമായി (എംപി) സത്യപ്രതിജ്ഞ ചെയ്തു. 2016 ഒക്ടോബറില്‍ ആണ് ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം ബിജെപി സുരേഷ് ​ഗോപിയെ ഏൽപ്പിച്ചു. എന്നാൽ കേരളമൊന്നാകെ യുഡിഎഫ് പക്ഷത്തേയ്ക്ക് ചാഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ താരപ്രഭാവം ബിജെപിക്ക് തുണയായില്ല. കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപനൊപ്പമായിരുന്നു അക്കുറി വിജയം. സിപിഐ സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനും പിന്നിൽ മൂന്നാം സ്ഥാനത്ത് എത്താനെ സുരേഷ് ​ഗോപിക്ക് കഴിഞ്ഞുള്ളു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി മത്സരിച്ചിരുന്നു. സിപിഐയിലെ പി ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്. കോൺഗ്രസിൻ്റെ പത്മജാ വേണുഗോപാൽ രണ്ടാമതെത്തിയപ്പോൾ സുരേഷ് ഗോപി ഒരിക്കൽ കൂടി മൂന്നാമതായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി വീണ്ടുമൊരിക്കൽ കൂടി സുരേഷ് ഗോപിയെ രംഗത്തിറക്കിയിരിക്കുകയാണ്.

മഞ്ഞളാംകുഴി അലി

രാഷ്ട്രീയത്തിലിറങ്ങി പൊരുതി ജയിക്കുകയും തോൽക്കുകയും മന്ത്രിയാവുകയും ചെയ്ത നിർമ്മാതാവാണ് മഞ്ഞളാംകുഴി അലി. 1996 ൽ മങ്കട നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന കെ പി എ മജീദിനെതിരെ സിപിഎം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അലി കന്നിയങ്കത്തിൽ ആയിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 2001 ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ കെ പി എ മജീദിനെ 3058 വോട്ടിന് തോൽപ്പിച്ച് മഞ്ഞളാംകുഴി അലി ആദ്യമായി നിയമസഭയിലെത്തി. 2006 ൽ മുസ്‌ലിം ലീഗിന്‍റെ കരുത്തനായ സ്ഥാനാർത്ഥി എം കെ മുനീറിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. എന്നാൽ 2010 ഒക്ടോബറിൽ സിപിഎമ്മുമായി തെറ്റി നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു.

2011 ലെ തിരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർത്ഥിയായി പെരിന്തൽമണ്ണയില്‍ നിന്ന് മത്സരിച്ച് അലി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2012 ഏപ്രിൽ 12-ന് കേരള നിയമസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദം എന്ന് അറിയപ്പെട്ട വിവാദ മന്ത്രിസ്ഥാനമായിരുന്നു ഇത്. 2016 ല്‍ പെരിന്തൽമണ്ണയില്‍ നിന്നും 2021 ല്‍ മങ്കടയിൽ നിന്നും വീണ്ടും മഞ്ഞാളാംകുഴി അലി നിയമസഭയില്‍ എത്തി.

മാണി സി കാപ്പന്‍

നിർമാതാവും സംവിധായകനും നടനുമായ മാണി സി കാപ്പന്‍ 2019 മുതൽ പാലായിൽ നിന്നുള്ള നിയമസഭാം​ഗമാണ്. കേരള കോൺഗ്രസ് (എം.) നേതാവായിരുന്ന കെ എം മാണിക്കെതിരെ 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് മത്സരിച്ചെങ്കിലും മാണി സി കാപ്പന് നിയമസഭയിൽ എത്താനായില്ല. 2019-ൽ നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി മാണി സി കാപ്പന്‍ ആദ്യമായി നിയമസഭയിലെത്തി.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കാൻ താത്പര്യപ്പെട്ട മാണി സി കാപ്പന് എൻസിപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയും മുന്നണിയും വിട്ട അദ്ദേഹം എൻസികെ എന്ന പാർട്ടി രൂപീകരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് (എം.) നേതാവും കെ എം മാണിയുടെ മകനുമായ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയായിരുന്നു ഈ വിജയം.

ധര്‍മ്മജന്‍ ബോൾഗാട്ടി

2021 ലെ തിരഞ്ഞെടുപ്പിൽ ബാലുശേരിയില്‍ നിന്നാണ് ധര്‍മ്മജന്‍ ബോൾഗാട്ടി ജനവിധി തേടിയിറങ്ങിയത്. യുഡിഎഫിനു വേണ്ടി മത്സരത്തിനിറങ്ങിയ ധർമ്മജന്റെ പ്രചാരണത്തിന് സുഹൃത്ത് രമേഷ് പിഷാരടി ഉൾപ്പെടെ രം​ഗത്തിറങ്ങി. എങ്കിലും വിജയം 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐഎമ്മിന്റെ കെ എം സച്ചിൻ ദേവിനൊപ്പമായിരുന്നു. സച്ചിൻ 91,839 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ 71,467 വോട്ടുകളാണ് ധർമ്മജൻ നേടിയത്.

കൃഷ്ണകുമാര്‍

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പരിചിതനായ ജി കൃഷ്ണകുമാറിനെയായിരുന്നു. പക്ഷേ ഇടതുമുന്നണി സ്ഥാനാർത്ഥി ആന്റണി രാജുവിന് ഒപ്പമായിരുന്നു വിജയം. കോൺ​ഗ്രസ് സ്ഥാനാർത്ഥി വി എസ് ശിവകുമാറിനും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്യാനേ കൃഷ്ണകുമാറിനു കഴിഞ്ഞുള്ളൂ. 2024 ലോക്സഭാ ഇലക്ഷനിൽ കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥികൂടിയാണ് ജി കൃഷ്ണകുമാർ.

മലയാള സിനിമയുടെ  തിരഞ്ഞെടുപ്പ് പോരാട്ടം; രാഷ്ട്രീയത്തിൽ പയറ്റിയ സിനിമാക്കാർ
തിരഞ്ഞെ'ഴുത്ത്' പോരാട്ടം; പൊതുജനത്തിന്‍റെ വിധിയെഴുത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com