തിരഞ്ഞെ'ഴുത്ത്' പോരാട്ടം; പൊതുജനത്തിന്‍റെ വിധിയെഴുത്ത്

രണ്ട് സാഹിത്യപ്രതിഭകൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് 1962 ലെ തിരഞ്ഞെടുപ്പില്‍ തലശേരി ലോക്സഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. തലശേരിയുടെ അങ്കതട്ടിൽ എസ്‍ കെ പൊറ്റെക്കാട്ടും സുകുമാർ അഴീക്കോടും നേർക്കുനേർ പോരാട്ടാത്തിനിറങ്ങി.
തിരഞ്ഞെ'ഴുത്ത്' പോരാട്ടം; പൊതുജനത്തിന്‍റെ വിധിയെഴുത്ത്

രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പ്രചാരണ തന്ത്രങ്ങളുമായി സ്ഥാനാർത്ഥികൾ കളം നിറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ചുക്കാൻ പിടിക്കുന്ന തിരഞ്ഞെടുപ്പ് ​ഗോദയിൽ മിക്കവാറും പോരാട്ടത്തിന് ഇറങ്ങുന്നത് പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളായിരിക്കും. എന്നാൽ സിനിമാപ്രവർത്തകരും എഴുത്തുകാരുമൊക്കെ മത്സരരം​ഗത്തിറങ്ങി പൊരുതി ജയിക്കുകയും പരാജയപ്പെട്ട് മടങ്ങുകയും ചെയ്ത ചരിത്രമുണ്ട് കേരളത്തിന്. തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനിറിങ്ങിയ മലയാള എഴുത്തുകാരുടെ ലിസ്റ്റിൽ ഒ എൻ വി കുറുപ്പും, മാധവിക്കുട്ടിയും, സാറാ ജോസഫും, പുനത്തിൽ കുഞ്ഞബ്ദുള്ളയും ഒക്കെയുണ്ട്. എന്നാല്‍ മത്സരത്തില്‍ ജയിക്കുകയും രാഷ്ട്രീയത്തില്‍ നിലനില്‍ക്കുകയും ചെയ്ത എഴുത്തുകാരുടെ എണ്ണം വളരെ കുറവാണ്.

ജോസഫ് മുണ്ടശ്ശേരി

കേരളം രൂപീകൃതമാകുന്നതിനും മുൻപേ ആരംഭിക്കുന്നതാണ് അധ്യാപകനും നിരൂപകനുമായ ജോസഫ് മുണ്ടശ്ശേരിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1948 ല്‍ കൊച്ചി രാജ്യത്തെ അര്‍ത്തൂക്കരയില്‍ നിന്നും മത്സരിച്ച അദ്ദേഹം കൊച്ചി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ തിരു- കൊച്ചി കാലത്ത് 1951 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുണ്ടശേരി, കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയോട് പരാജയപ്പെട്ടു. 13938 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും മത്സരരം​ഗം വിടാൻ ജോസഫ് മുണ്ടശ്ശേരി തയാറായിരുന്നില്ല. 1954-ൽ‍ നടന്ന തിരഞ്ഞെടുപ്പിൽ ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി

1956ലെ കേരള സംസ്ഥാന പിറവിക്കു ശേഷം 1957ൽ നടന്ന തിരഞ്ഞെടുപ്പിൽ മണലൂരില്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി (1957-1959) എന്ന ചരിത്രംകൂടി ജോസഫ് മുണ്ടശ്ശേരി എഴുതി. 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

തോപ്പില്‍ ഭാസി

എഴുത്തിലും നാടകത്തിലും സിനിമയിലും മാത്രമല്ല രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി. ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഭാസി നിയമസഭയിലെത്തി. തിരഞ്ഞെടുപ്പ് മത്സരത്തിനും വിജയത്തിനുമപ്പുറം അടിമുടിയൊരു രാഷ്ട്രീയക്കാരനായിരുന്നു തോപ്പില്‍ ഭാസി. പഠിക്കുന്ന കാലത്തു തന്നെ വിദ്യാർത്ഥികോൺഗ്രസ്സിൽ അംഗമായിരുന്നു. പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കോൺഗ്രസ്സിൽ അംഗമായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായിരുന്ന ഭാസി ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.

തോപ്പില്‍ ഭാസി
തോപ്പില്‍ ഭാസി

വള്ളിക്കുന്നം പഞ്ചായത്തിലും, തിരു കൊച്ചി നിയമസഭയിലും കേരളാ നിയമസഭയിലും ജനവിധി നേടിയിട്ടുണ്ട് തോപ്പിൽ ഭാസി. 1953ല്‍ വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. 1954ല്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. 1957ല്‍ ആദ്യ കേരള നിയമസഭയില്‍ പഴയ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കേരളാ നിയമസഭയിലെത്തിയത്. സിപിഐയുടെ ബാനറില്‍ മത്സരിച്ച തോപ്പില്‍ ഭാസി 29001 വോട്ടുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എന്‍ ജി ചാക്കോയെ 7648 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു തോപ്പില്‍ ഭാസിയുടെ വിജയം.

മലയാറ്റൂര്‍ രാമകൃഷ്ണന്‍

1954 ലെ തിരു-കൊച്ചി അസംബ്ലി തിരഞ്ഞെടുപ്പില്‍ പയറ്റാനിറങ്ങിയ മറ്റൊരു എഴുത്തുകാരനാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് പി ഗോവിന്ദപിള്ളയുടെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് മലയാറ്റൂര്‍ മത്സരത്തിന് ഇറങ്ങുന്നത്. പാര്‍ട്ടി അംഗം അല്ലാതിരുന്നതിനാല്‍ ആന ചിഹ്നത്തില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു. എന്നാല്‍ എഴുത്തിലെ വിജയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കാന്‍ മലയാറ്റൂരിന് കഴിഞ്ഞില്ല. വായനാക്കാരുടെ ഇടയിലുണ്ടായിരുന്ന ജനപ്രീയത പക്ഷേ വോട്ടായി മാറിയില്ല. മുഖ്യ എതിരാളി കെ പി ഹോര്‍മിസനോട് (ഫെഡറൽ ബാങ്ക് ചെയർമാൻ) 1200 ഓളം വോട്ടിന്റെ വ്യത്യാസത്തില്‍ അടിയറവ് പറയേണ്ടി വന്നു മലയാളികളുടെ മലയാറ്റൂരിന്.

മലയാറ്റൂര്‍ രാമകൃഷ്ണന്‍
മലയാറ്റൂര്‍ രാമകൃഷ്ണന്‍

എസ് കെ പൊറ്റെക്കാട്ട്

തിരഞ്ഞെടുപ്പിന്റെ വഴിയിൽ കൂടി ഒന്നു സഞ്ചരിച്ചു നോക്കാമെന്ന് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരിൽ ഒരാളായ എസ് കെ പൊറ്റെക്കാട്ടിന് തോന്നി. വിശ്വസഞ്ചാരിക്കു പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 1957 ല്‍ തലശേരി ലോക്സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ് കെ പൊറ്റെക്കാട്ടിന് വിജയിക്കാനായില്ല. ഈ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ജിനചന്ദ്രൻ ആയിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.

എന്നാൽ പിന്മാറാൻ തയാറായിരുന്നില്ല എസ് കെ. 1962 ല്‍ ഇതേ തട്ടകത്തിൽ എസ് കെ പൊറ്റെക്കാട് വിജയം സ്വന്തമാക്കി. പരാജയപ്പെടുത്തിയതാകട്ടെ സാക്ഷാൽ സുകുമാർ അഴീക്കോടിനെയും.

എസ് കെ പൊറ്റെക്കാട്ട്
എസ് കെ പൊറ്റെക്കാട്ട്

സുകുമാര്‍ അഴീക്കോട്

രണ്ട് സാഹിത്യപ്രതിഭകൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് 1962 ലെ തിരഞ്ഞെടുപ്പില്‍ തലശേരി ലോക്സഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. തലശേരിയുടെ അങ്കതട്ടിൽ എസ്‍ കെ പൊറ്റെക്കാട്ടും സുകുമാർ അഴീക്കോടും നേർക്കുനേർ പോരാട്ടാത്തിനിറങ്ങി. സുകുമാർ അഴീക്കോടിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് പോരാട്ടം ആദ്യ അനുഭവം ആയിരുന്നെങ്കിൽ, 1957 ലെ തോൽവിയിൽ നിന്നു പഠിച്ച പാഠങ്ങളുമായാണ് എസ് കെ പൊറ്റെക്കാട്ട് മത്സരത്തിന് ഇറങ്ങിയത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സി പി ഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എസ് കെ പൊറ്റെക്കാട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ ടി സുകുമാരന്‍ എന്ന പേരിൽ സുകുമാര്‍ അഴീക്കോടും നേർക്കുനേർ പോരാടി. ശക്തമായ പ്രചാരണം മണ്ഡലത്തില്‍ നടന്നു. സാഹിത്യ രംഗത്തെ പല പ്രമുഖരും ഇരുവര്‍ക്കും പിന്തുണയുമായി പ്രചാരണത്തിനിറങ്ങി. ഇത്തവണ തലശേരിയിലെ വോട്ടറുമാര്‍ എസ് കെ പൊറ്റെക്കാട്ടിന് ഒപ്പം നിന്നു. 64950 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എസ് കെ പൊറ്റെക്കാട്ട് സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തിയത്. എസ് കെ പൊറ്റെക്കാട്ട് 216836 വോട്ടും സുകുമാര്‍ അഴീക്കോട് 151886 വോട്ടും സ്വന്തമാക്കി. ഇരുവരും പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

സുകുമാര്‍ അഴീക്കോട്
സുകുമാര്‍ അഴീക്കോട്

ആനി തയ്യില്‍

1949ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഴുത്തുകാരി ആനി തയ്യിൽ. അക്കാലത്ത് ഇന്ദിരാ ​ഗാന്ധിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്ന ചുരുക്കം ചില വനിതാ നേതാക്കളിൽ ഒരാളായിരുന്നു എഴുത്തുകാരിയും പത്ര പ്രവർത്തകയുമായിരുന്ന ആനി തയ്യിൽ. ആരെയും കൂസാത്ത പ്രകൃതം. ഏത് മത്സരത്തിലും ഇറങ്ങി പൊരുതാനുള്ള തന്റേടമുണ്ടായിട്ടും ആനി തയ്യലിന് അർഹതപ്പെട്ട സീറ്റുകൾ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. പലപ്പോഴും സ്വന്തം പാർട്ടിയിലെ ഉന്നത നേതാക്കൾ തന്നെയായിരുന്നു ആനിക്ക് പ്രധാന തടസ്സം.

ആനി തയ്യില്‍
ആനി തയ്യില്‍

1964ല്‍ രാജ്യസഭയിലേക്കും 1967 ല്‍ ലോകസഭയിലേക്കും മത്സരിച്ചുവെങ്കിലും ആനി തയ്യിലിന് വിജയിക്കാനായില്ല. മൂവാറ്റുപുഴയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച ആനി തയ്യിലിന് 70,010 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്താനെ ആനിക്ക് കഴിഞ്ഞുള്ളു. തിരഞ്ഞെടിപ്പ് രാഷ്ട്രീയത്തിൽ സ്വന്തം പാർട്ടിയിൽ നിന്നു തന്നെയുള്ള കുതികാൽവെട്ടലുകള്‍ ഇല്ലതിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ ഒരു വനിതാ നേതാവ് കൂടിയായി മാറുമായിരുന്നു ആനി തയ്യിൽ.

മാധവിക്കുട്ടി

ജീവിത്തോട് കാണിച്ച അതേ ലാഘവത്തമായിരുന്നു രാഷ്ട്രീയത്തിലും മാധവിക്കുട്ടിക്ക്. മാധവിക്കുട്ടിയുടെ ആരാധാകരെല്ലാം വോട്ട് ചെയ്താൽ തിരഞ്ഞെടുപ്പിലും ജയിക്കാം എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ മാധവിക്കുട്ടി അത് വിശ്വസിച്ചു.1984 ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി. എന്നാല്‍ 1786 വോട്ടുമായി നാലാം സ്ഥാനത്ത് എത്താനേ മാധവിക്കുട്ടിക്ക് കഴിഞ്ഞുള്ളു. 239,791 വോട്ട് നേടിയ കോൺ​ഗ്രസിന്‍റെ എ ചാൾസിനൊപ്പമായിരുന്നു അത്തവണ തിരുവനന്തപുരം മണ്ഡലം. 'ജനങ്ങൾക്ക് എന്നെ വേണ്ടാത്തതുകൊണ്ടാണ് തോറ്റതെ'ന്നായിരുന്നു മത്സരഫലം വന്നതിനു ശേഷമുള്ള മാധവിക്കുട്ടിയുടെ പ്രതികരണം.

മാധവിക്കുട്ടി
മാധവിക്കുട്ടി

പക്ഷേ അവിടം കൊണ്ടും മാധവിക്കുട്ടി രാഷ്ട്രീയം വിട്ടില്ല. സ്നേഹം എന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി സ്വന്തമായൊരു പാർട്ടി രൂപീകരിച്ചു മാധവിക്കുട്ടി. 2000 ജൂലൈയിൽ ലോക്സേവാ പാർട്ടിക്ക് രൂപം നൽകി. ഗോഡ്സ് ഓൺ പാർട്ടി എന്നായിരുന്നു ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് ലോക്‌സേവാ പാർട്ടിയെന്നാക്കി മാറ്റുകയായിരുന്നു. ദേശീയപാർട്ടി എന്ന മതിപ്പ് സൃഷ്ടിക്കുകയായിരുന്നു ഈ പേരു മാറ്റലിന്റെ ലക്ഷ്യം. മാധവിക്കുട്ടിയുടെ സ്നേഹത്തിന്റെ പാർട്ടി യുവജനങ്ങളെയും സ്ത്രീകളെയുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബെംഗളൂരുവിലെ ഒരു കാംപസിൽ വിദ്യാർഥികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പാർട്ടി രൂപീകരണം എന്ന ആശയം ഉദിക്കുന്നത്. ഉടൻ തന്നെ മാധവിക്കുട്ടി അത് നടപ്പിലാക്കി. യുവജനങ്ങളെ തന്റെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചു. ആലയിലെ പശുവിനു സമാനമായ ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ സ്ത്രീകളെയും മാധവിക്കുട്ടി തന്റെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചു. എന്നാൽ എക്കാലത്തും കൃത്യമായ രാഷ്ട്രീയ നിലപാട് പുലർത്തിയിരുന്ന കേരളം പക്ഷേ ആ ക്ഷണം അവ​ഗണിച്ചു. മാധവിക്കുട്ടിയിലും മാധവിക്കുട്ടിയുടെ ചുറ്റുമുണ്ടായിരുന്നു എതാനും പേരിലുമായി ലോക്സേവാ പാർട്ടിയും ഒതുങ്ങി.

എം കെ സാനു

1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായിട്ടാണ് സാഹിത്യകാരനും അധ്യാപകനുമായ എം കെ സാനു പോരാട്ടത്തിനിറങ്ങിയത്. കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി എ എൽ ജേക്കബായിരുന്നു മുഖ്യ എതിരാളി. ഇ എം എസിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് സാനുമാഷ് തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങിയത്. മണ്ഡലത്തിൽ ശക്തമായ പ്രചാരണവും മത്സരവും നടന്നു. സാനുമാഷിനു വേണ്ടി മലയാറ്റൂരും തോപ്പിൽ ഭാസിയുമൊക്കെ പ്രചാരണത്തിനിറങ്ങി. അവസാനം ഫലം വന്നപ്പോൾ സാനുമാഷിന്റെ പെട്ടിയിൽ 42904 വോട്ടും എ എല്‍ ജേക്കബിന്റെ പെട്ടിയിൽ 32872 വോട്ടും. എം കെ സാനുവിന് 10032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം.

എം കെ സാനു
എം കെ സാനു

എന്നാൽ ഈ ടേമിന് ശേഷം സാനുമാഷ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്മാറി. ഇതിന് പറ്റിയ ആളല്ല താനെന്ന് അന്നേ തോന്നി, തനിക്ക് എന്തെങ്കിലും സംഭാവന നൽകാൻ കഴിയുമെങ്കിൽ അത് രാഷ്ട്രീയ രംഗത്തല്ല സാംസ്കാരിക രംഗത്താണെന്ന് ബോധ്യമുണ്ടായിരുന്നു, പിന്നെ അധികാരവുമായി ചേർന്ന് നിൽക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യവുമല്ല എന്നായിരുന്നു പിൻവാങ്ങലിനോടുള്ള എം കെസാനുവിന്റെ പ്രതികരണം.

ഒഎന്‍വി

മാധവിക്കുട്ടി തിരുവനന്തപുരത്തു നിന്ന് പരാജയപ്പെട്ടതിന് ശേഷം നടന്ന അടുത്ത ലോക്സഭ ഇലക്ഷനിൽ അതേ മണ്ഡലത്തിൽ നിന്ന് മറ്റൊരു സാഹിത്യ പ്രതിഭ മത്സരത്തിന് ഇറങ്ങി. സാക്ഷാൽ ഒഎൻവി കുറുപ്പ്. മാധവിക്കുട്ടിയെ പരാജയപ്പെടുത്തിയ എ ചാൾസ് തന്നെയായിരുന്നു ഒഎൻവിയുടെയും മുഖ്യ എതിരാളി. 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായാണ് കവി മത്സരത്തിന് ഇറങ്ങിയത്. 316912 വോട്ട് ഒഎന്‍വി സ്വന്തമാക്കി. എന്നാൽ 3,67,825 വോട്ടുകൾ നേടിയ കോൺ​ഗ്രസിന്റെ എ ചാൾസിനൊപ്പമായിരുന്നു ഇത്തവണയും വിജയം. അങ്ങനെ മലയാളത്തിലെ പ്രതിഭാധനരായ രണ്ട് എഴുത്തുകാരെ തുടർച്ചയായ രണ്ട് ടേമുകളിൽ മത്സരിച്ച് തോൽപിച്ചു എന്ന ചരിത്രം എ ചാൾസ് സ്വന്തം പേരിൽ എഴുതി.

ഒഎന്‍വി
ഒഎന്‍വി

കടമ്മനിട്ട

ഒ എന്‍ വി ലോക്സഭയിൽ എത്തിയില്ലെങ്കിലും മലയാളത്തിനു പ്രിയപ്പെട്ട മറ്റൊരു കവി 1996ല്‍ നിയമസഭയിലെത്തി. കടമ്മനിട്ട രാമകൃഷ്ണനാണ് സഭയിലെത്തിയ ആ കവി. അതും രാഷ്ട്രീയത്തിലെ അതികായനായിരുന്ന എം വി ആര്‍ എന്ന എം വി രാഘവനെ മലര്‍ത്തിയടിച്ചാണ് കവി നിയമ സഭയിലെത്തിയത്. ഇടതു സ്വതന്ത്രനായി മത്സരിച്ച കടമ്മനിട്ട രാമകൃഷ്ണൻ 34657 വോട്ട് നേടിയപ്പോൾ സി എം പി സ്ഥാനാർത്ഥിയായി മത്സരിച്ച എം വി രാഘവന് 31970 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. ഒരുകാലത്തെ സിപിഎമ്മിന്റെ കരുത്തനായ നേതാവിനെയാണ് കടമ്മനിട്ട പരാജയപ്പെടുത്തിയത്. എന്നാൽ ഈ ഒരു ടേമിനു ശേഷം കടമ്മനിട്ടയും മത്സരരം​ഗത്തു നിന്നു പിൻവാങ്ങി.

കടമ്മനിട്ട
കടമ്മനിട്ട

പുനത്തിൽ കുഞ്ഞബ്ദുള്ള

ഇടതിനൊപ്പവും വലതിനൊപ്പവും ചാഞ്ഞും സ്വതന്ത്രരായുമൊക്കെ പല എഴുത്തുകാരും മത്സരിച്ചിട്ടുണ്ടെങ്കിലും ബിജെപി ടിക്കറ്റിൽ മത്സരത്തിനിറങ്ങിയ ആദ്യ മലയാളി എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. 2001 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമായിരുന്നു കുഞ്ഞബ്ദുള്ള മത്സരത്തിനിറങ്ങിയത്. അട്ടിമറികളൊന്നും സംഭവിച്ചില്ല. പരാജിതനായി മടങ്ങേണ്ടി വന്നു മലയാളത്തിന്റെ പ്രിയ കഥാക‍ത്തിന്. സിപിഐഎമ്മിന്‍റെ വി കെ സി മമ്മദ് കോയയായിരുന്നു ബേപ്പൂര് നിന്ന് അത്തവണ നിയമസഭയിൽ എത്തിയത്.

സാറാ ജോസഫ്, അനിതാ പ്രതാപ്

അഴിമതിക്കെതിരെ ആം ആദ്മിക്ക് ഒപ്പം പോരാടാനിറങ്ങിയ രണ്ട് എഴുത്തുകാരാണ് സാറാ ജോസഫും അനിതാ പ്രതാപും. 2014 ലോക്സബാ ഇലക്ഷനില്‍ തൃശൂരില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയുടെ (ആപ്പ്) സ്ഥാനാര്‍ത്ഥിയായി സാറാ ജോസഫ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സിപിഐയുടെ സി എൻ ജയദേവനൊപ്പമായിരുന്നു അത്തവണ തൃശൂർ. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ഇതിനെകുറിച്ച് പിന്നീട് എഴുത്തുകാരി പ്രതികരിച്ചത്. ഒറ്റ തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യമായെന്നും സാറ ജോസഫ് പറഞ്ഞു.

ഇതേ തിരഞ്ഞെടുപ്പില്‍ തന്നെ ആപ്പിന്റെ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് നിന്ന് അനിതാ പ്രതാപും മത്സരത്തിനിറങ്ങി. പരാജയമായിരുന്നു ഫലം. കോൺ​ഗ്രസിന്‍റെ കെ വി തോമസിനായിരുന്നു എറണാകുളം ലോക്സഭയിലേയ്ക്ക് ടിക്കറ്റ് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com