സൂപ്പര്‍ കപ്പ്; ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍റകോസ് ഇരട്ട ഗോളുകളുമായി തിളങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പരാജയം ഒഴിവാക്കാനായില്ല
സൂപ്പര്‍ കപ്പ്; ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഭുനേശ്വറില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍റകോസ് ഇരട്ട ഗോളുകളുമായി തിളങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പരാജയം ഒഴിവാക്കാനായില്ല.

അഞ്ച് വിദേശതാരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമാണ് മത്സരത്തിന്റെ തുടക്കം മുതല്‍ കാണാന്‍ സാധിച്ചത്. 29-ാം മിനിറ്റില്‍ ദിമിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ഡെയ്‌സുക സകായെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കിക്കെടുക്കാന്‍ വന്ന ദിമിത്രിയോസിന് ലക്ഷ്യം പിഴച്ചില്ല. എന്നാല്‍ ഈ ലീഡ് അധിക നേരം നിലനിര്‍ത്താന്‍ കൊമ്പന്മാര്‍ക്ക് കഴിഞ്ഞില്ല. 33-ാം മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ ഒപ്പമെത്തി. ഇടതുവിങ്ങില്‍ നിന്നും മുഹമ്മദ് ഉവൈസ് നല്‍കിയ ക്രോസ് ഡാനിയേല്‍ ചീമ ചുക്വു ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിനെ മറികടന്ന് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയില്‍ ചീമ വീണ്ടും ജംഷഡ്പൂരിന് വേണ്ടി വല കുലുക്കി. 57-ാം മിനിറ്റിലാണ് ചീമ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പെനാല്‍റ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ സ്‌കോര്‍ നില വീണ്ടും മാറിമറിഞ്ഞു. ജംഷഡ്പൂരിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മന്‍സോറോ വലയിലെത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പിന്നിലായി.

സൂപ്പര്‍ കപ്പ്; ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
'ബാഴ്‌സയുടെ ഏറ്റവും മോശം ഫുട്‌ബോള്‍, തിരിച്ചുവരും'; തോല്‍വിയില്‍ ക്ഷമ ചോദിച്ച് സാവി

ലീഡ് വഴങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചെങ്കിലും മൂന്നാം ഗോള്‍ പിറന്നില്ല. ഇഞ്ച്വറി ടൈമില്‍ ചീമ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും ജംഷഡ്പൂര്‍ വിജയം ഉറപ്പിച്ചു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ജംഷഡ്പൂര്‍. മൂന്ന് പോയിന്റുമായി രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com