'ബാഴ്‌സയുടെ ഏറ്റവും മോശം ഫുട്‌ബോള്‍, തിരിച്ചുവരും'; തോല്‍വിയില്‍ ക്ഷമ ചോദിച്ച് സാവി

സൂപ്പര്‍കോപ്പ ഫൈനലില്‍ ബാഴ്സയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടം ചൂടിയത്
'ബാഴ്‌സയുടെ ഏറ്റവും മോശം ഫുട്‌ബോള്‍, തിരിച്ചുവരും'; തോല്‍വിയില്‍ ക്ഷമ ചോദിച്ച് സാവി

റിയാദ്: ബാഴ്‌സലോണയെ തകര്‍ത്ത് സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായിരിക്കുകയാണ് റയല്‍ മാഡ്രിഡ്. എല്‍ ക്ലാസിക്കോയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ പരാജയം വഴങ്ങിയത്. ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന്റെ തകര്‍പ്പന്‍ ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ബാഴ്‌സയ്ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ.

ബാഴ്‌സയുടെ പരാജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹെഡ് കോച്ച് സാവി. ഫൈനലില്‍ റയലിനെതിരെ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് സമ്മതിക്കുകയാണ് സാവി. 'ഇതുപോലൊരു മത്സരത്തിന് ആവശ്യമായ നിലവാരം ഞങ്ങള്‍ കാണിച്ചിരുന്നില്ല. ഞങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ഞങ്ങള്‍ കളിച്ചത്. ഒരുഘട്ടത്തിലും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് സുഖകരമായിരുന്നില്ല. കൗണ്ടര്‍ അറ്റാക്കുകളില്‍ മാഡ്രിഡ് ഞങ്ങളെ വേദനിപ്പിച്ചു. പരാജയപ്പെട്ടതിന് ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു', സാവി പറഞ്ഞു.

'ബാഴ്‌സയുടെ ഏറ്റവും മോശം ഫുട്‌ബോള്‍, തിരിച്ചുവരും'; തോല്‍വിയില്‍ ക്ഷമ ചോദിച്ച് സാവി
വിനീഷ്യസ് രാവ്; റയൽ മാഡ്രിഡ് സൂപ്പർകോപ്പ ചാമ്പ്യൻസ്

'ഇനി വരാനിരിക്കുന്ന എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഈ ടീമിലും എന്നിലും ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ഈ പരാജയം ഒരു തിരിച്ചടിയാണ്. എന്നാല്‍ ഇത് ഫുട്‌ബോളാണ്. ബാഴ്‌സ തിരിച്ചുവരുമെന്ന് എനിക്ക് ഇപ്പോഴും ആത്മവിശ്വാസവും കരുത്തുമുണ്ട്', സാവി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച റിയാദിലെ അല്‍ അവ്വാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിലാണ് റയല്‍ സൂപ്പര്‍ കോപ്പ കിരീടം ചൂടിയത്. മത്സരം 10 മിനിറ്റിലെത്തുമ്പോഴേയ്ക്കും റയല്‍ മാഡ്രിഡ് രണ്ട് ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10-ാം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ഗോള്‍വല ചലിപ്പിച്ചത്. മത്സരത്തില്‍ ബാഴ്‌സലോണയുടെ ഏക ഗോള്‍ 33-ാം മിനിറ്റില്‍ വന്നു. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയല്‍ വീണ്ടും മുന്നിലെത്തി. മൂന്നാം ഗോളിലൂടെ വിനീഷ്യസ് ജൂനിയര്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.

രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ റോഡ്രിഗോ കൂടി ഗോള്‍ കണ്ടെത്തിയതോടെ സ്‌കോര്‍നിലയില്‍ റയല്‍ 4-1ന് മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്തിന് ശേഷം അഡീഷണല്‍ സമയം മത്സരത്തിന് അനുവദിച്ചില്ല. റയല്‍ മാഡ്രിഡ് സൂപ്പര്‍കോപ്പയുടെ ചാമ്പ്യന്മാരെന്ന് അതിനോടകം വ്യക്തമായിരുന്നു. തങ്ങളുടെ 13-ാം സൂപ്പര്‍ കോപ്പ സ്വന്തമാക്കിയതോടെ 14 തവണ സൂപ്പര്‍കോപ്പ നേടിയ ബാഴ്‌സലോണയുടെ റെക്കോര്‍ഡിന് അടുത്തെത്താനും റയലിന് സാധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com