ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിന്റെ റണ്‍മഴ; മുംബൈയ്ക്ക് മുന്നില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ ആണിത്
ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിന്റെ റണ്‍മഴ; മുംബൈയ്ക്ക് മുന്നില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ ആണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കുറിച്ച 263-5 ടോട്ടലാണ് ഹൈദരാബാദ് പഴങ്കഥയാക്കിയത്.

ട്രാവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെന്റിച്ച് ക്ലാസനും ഐഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോഴാണ് മുംബൈയ്ക്ക് മുന്നില്‍ ഹൈദരാബാദ് റണ്‍മല തീര്‍ത്തത്. സ്‌കോര്‍ 45ല്‍ നില്‍ക്കെ അഞ്ചാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ (11) ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. എങ്കിലും പിന്നീട് വന്നവരെല്ലാം മുംബൈ ബൗളര്‍മാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്.

വണ്‍ഡൗണായി ഇറങ്ങിയ അഭിഷേക് ശര്‍മ്മ 16 പന്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഓപ്പണര്‍ ട്രാവിസ് ഹെഡുമായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അഭിഷേക് ശര്‍മ്മയ്ക്കായി. 24 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ജെറാള്‍ഡ് കോട്‌സി പുറത്താക്കി. എങ്കിലും ആക്രമിച്ച് കളിച്ച അഭിഷേക് ശര്‍മ്മയെ പീയുഷ് ചൗള പുറത്താക്കി. 23 പന്ത് നേരിട്ട താരം 63 റണ്‍സെടുത്താണ് പുറത്തായത്. ഏഴ് സിക്‌സും മൂന്ന് ബൗണ്ടറിയുമാണ് അഭിഷേക് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിന്റെ റണ്‍മഴ; മുംബൈയ്ക്ക് മുന്നില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം
'രോഹിത്, നിങ്ങള്‍ മുംബൈ ടീമിന്റെ നെടുംതൂണാണ്'; മുന്‍ ക്യാപ്റ്റന് ആശംസകളുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

പിന്നീട് ക്രീസിലൊരുമിച്ച ക്ലാസന്‍-മാര്‍ക്രം സഖ്യം സണ്‍റൈസേഴ്‌സിനെ 200 കടത്തി. 116 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മാര്‍ക്രം 28 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്തു. 34 പന്തില്‍ പുറത്താകാതെ 80 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com