എന്താണത് തീയുണ്ടയോ?; ഹാര്‍ട്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയ സിറാജ് മാജിക്, വീഡിയോ

ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി
എന്താണത് തീയുണ്ടയോ?; ഹാര്‍ട്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയ സിറാജ് മാജിക്, വീഡിയോ

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ നിര്‍ണായക പ്രകടനമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

എന്താണത് തീയുണ്ടയോ?; ഹാര്‍ട്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയ സിറാജ് മാജിക്, വീഡിയോ
ക്രീസിലുറച്ച് റൂട്ട്, ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി; ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്

അരങ്ങേറ്റക്കാരനായ ആകാശ് ദീപ് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോഴും പേസര്‍ സിറാജിന് വിക്കറ്റ് നേടാനായിരുന്നില്ല. ഇംഗ്ലണ്ട് സ്‌കോര്‍ 50ല്‍ എത്തുന്നതിന് മുന്‍പേ തുടരെ രണ്ട് വിക്കറ്റ് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് അരങ്ങേറ്റം ഗംഭീരമാക്കി. 11 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെയും പിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ ഒലി പോപ്പിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെയുമാണ് ആകാശ് ദീപ് പുറത്താക്കിയത്.

അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണര്‍ സാക് ക്രൗളിയെയും (42) പുറത്താക്കി ആകാശ് ദീപ് തിളങ്ങി. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ആക്രമണത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്ന സിറാജ് വിക്കറ്റ് വീഴ്ത്താത്തത് സോഷ്യല്‍ മീഡിയയില്‍ കടുത്ത അതൃപ്തിക്ക് കാരണമായി. എന്നാല്‍ എല്ലാ ട്രോളുകള്‍ക്കും ബൗള്‍ കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് സിറാജ്.

അവസാന സെഷനില്‍ ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സിറാജാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിന്റെ വിക്കറ്റ് പിഴുതെറിഞ്ഞായിരുന്നു സിറാജിന്‍റെ ആദ്യത്തെ മറുപടി. ജോ റൂട്ടിന് മികച്ച പിന്തുണ നല്‍കി അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഫോക്‌സിനെ (47). രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് സിറാജ് നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത്.

ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ജോ റൂട്ടിനൊപ്പം ചെറുത്തുനില്‍ക്കുകയായിരുന്ന ടോം ഹാര്‍ട്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സിറാജ് എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചു. 26 പന്തില്‍ 13 റണ്‍സെടുത്ത ഹാര്‍ട്‌ലി 76-ാം ഓവറിലാണ് സിറാജിന് മുന്നില്‍ കീഴടങ്ങിയത്. വൈഡ് ക്രീസിനോട് ചേര്‍ന്ന് നിന്ന് സിറാജ് എറിഞ്ഞ പന്ത് ടോം ഹാര്‍ട്‌ലിയുടെ ഓഫ്സ്റ്റംപ് തകര്‍ത്തു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതിരുന്നതിന്റെ എല്ലാ അമ്പരപ്പോടെയും കൂടെ ഹാര്‍ട്‌ലി ക്രീസ് വിട്ടു. അതേസമയം ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണക്കാരനായ ഹാര്‍ട്‌ലിയെ ക്രീസിലുറക്കാന്‍ അനുവദിക്കാതെ മടക്കിയതിന്റെ എല്ലാ ആവേശവും സിറാജിന്റെ ആഘോഷത്തിലുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com