'ആറാ'ടി ബുമ്ര; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ്

നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു
'ആറാ'ടി ബുമ്ര; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ്

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യ 143 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും തിളങ്ങി. നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇംഗ്ലണ്ട് 59 റണ്‍സ് വരെയെത്തിയത്. ഇംഗ്ലീഷ് നിരയിലെ ബെന്‍ ഡക്കറ്റിനെ (21) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 114 റണ്‍സായതിന് ശേഷമാണ് ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായത്. 76 റണ്‍സെടുത്ത സാക് ക്രൗളിയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ടീം സ്‌കോര്‍ 123 റണ്‍സിലെത്തവേ ജോ റൂട്ടിനെ (5) വീഴ്ത്തി ജസ്പ്രീത് ബുമ്ര വിക്കറ്റ് വേട്ട ആരംഭിച്ചു. സ്‌കോര്‍ 136 റണ്‍സിലെത്തവേ ഒല്ലി പോപ്പിനെ (23) ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നല്‍കി. മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍‌സ്റ്റോയേയും (25) ബുമ്ര പുറത്താക്കി.

പിന്നീട് ബെന്‍ ഫോക്സ് (6), രെഹാന്‍ അഹമ്മദ് (6) എന്നിവരെ കുല്‍ദീപ് യാദവും പിടികൂടി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. 47 റണ്‍സെടുത്ത താരത്തെയും ബുമ്ര പുറത്താക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും സമ്മര്‍ദ്ദത്തിലായി. വാലറ്റത്ത് അല്‍പ്പമെങ്കിലും ചെറുത്തുനിന്ന ടോം ഹാര്‍ട്ലിയും (21) ബുമ്രയുടെ മുന്നില്‍ വീണു. വാലറ്റക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണെ (6) വിക്കറ്റിന് മുന്നില്‍ കുരുക്കി ബുമ്ര തന്നെ ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. അരങ്ങേറ്റക്കാരനായ ശുഐബ് ബഷീര്‍ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയുടെ 'യശസ്സ്'

വിശാഖപട്ടണം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിനാണ് പുറത്തായത്. 209 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. തന്റെ ആറാമത്തെ മാത്രം ടെസ്റ്റിലാണ് ജയ്‌സ്‌വാള്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്നത്.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സെടുത്ത ജയ്‌സ്‌വാള്‍ ഇന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ജയ്‌സ്‌വാളിനെ തേടിയെത്തി. വിനോദ് കാംബ്ലിയും സുനില്‍ ഗവാസ്‌കറുമാണ് റെക്കോര്‍ഡില്‍ ജയ്‌സ്‌വാളിന് മുന്നിലുള്ളത്.

ആറിന് 336 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം അശ്വിനെയാണ് നഷ്ടമായത്. 37 പന്തുകളില്‍ 20 റണ്‍സെടുത്ത താരത്തെ ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ജയ്സ്‌വാളും മടങ്ങി. ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച ജയ്സ്‌വാളിനെ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 277 പന്തുകളില്‍നിന്നാണ് ജയ്സ്‌വാള്‍ ഇരട്ട സെഞ്ചറി തികച്ചത്.

'ആറാ'ടി ബുമ്ര; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ്
പോര്‍മുഖത്ത് തളരാതെ ജയ്‌സ്‌വാള്‍; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങുകയായിരുന്നു. ജസ്പ്രീത് ബുമ്ര (6), മുകേഷ് കുമാര്‍ (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. 42 പന്തില്‍ എട്ടു റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെനിന്നു. ഇംഗ്ലണ്ടിന് വേണ്ടി ശുഐബ് ബഷീര്‍, രെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്സന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവശേഷിച്ച ഒരുവിക്കറ്റ് ടോം ഹാര്‍ട്ലിയും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com