News

എന്റെ 'ഗ്രെയിറ്റസ്റ്റ് ഓഫ് ഓൾ ടൈം'; പൃഥ്വിരാജിന് ആശംസകളുമായി സുപ്രിയ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ബ്ലെസ്സിയ്ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുപ്രിയ മേനോൻ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ കണ്ണിൽ പൃഥ്വിരാജ് ആണ് എപ്പോഴും 'ഗ്രെയിറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരുടെയും മകൾ അലംകൃതയുമൊത്തുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

'2006 നവംബർ മുതൽ എനിക്ക് പൃഥ്വിരാജിനെ അറിയാം, 2011 ൽ അദ്ദേഹത്തെ വിവാഹം കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലെ ഒരു ചിത്രത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടില്ല. നിരന്തരം പട്ടിണി കിടന്ന് ഭാരം കുറയുന്നത്, വളരെ ക്ഷീണിച്ച ദിനങ്ങൾ. കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ ഞങ്ങള്‍ രണ്ടിടത്തായിരുന്നു. മരുഭൂമിയിലെ ക്യാമ്പിലിരുന്ന് പൃഥ്വി ഇൻ്റർനെറ്റിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ അവസരങ്ങൾ നഷ്ടമായി. ഇതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ബ്ലെസി എന്ന സംവിധായകനൊപ്പം ഈ സിനിമ പൂർണമാകുന്നു. ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ നിങ്ങളുടെ ചിത്രത്തിന് വേണ്ടിയുള്ള സമർപ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവർക്കും എല്ലാ വിജയവും സ്നേഹവും നേരുന്നു. പൃഥ്വിരാജ് നിങ്ങൾ എപ്പോഴും എൻ്റെ കണ്ണിൽ ഗ്രെയിറ്റസ്റ്റ് ആണ്' എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്.

300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും:അമിത്ഷാ

'ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും'; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

ഇനിയും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ അലേർട്ട്

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

SCROLL FOR NEXT