'ആറ് വർഷം മുൻപ് ആടുജീവിതം ഷൂട്ട് തുടങ്ങിയ ദിവസം...'; ഓർമ്മ പങ്കുവെച്ച് പൃഥ്വിരാജ്

300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്
'ആറ് വർഷം മുൻപ് ആടുജീവിതം ഷൂട്ട് തുടങ്ങിയ ദിവസം...'; ഓർമ്മ പങ്കുവെച്ച് പൃഥ്വിരാജ്

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ബ്ലെസിയുടെ സ്വപ്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ തന്റെ കരിയറിലെ നാഴികക്കല്ലാകാൻ പോകുന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. ആറ് വർഷം മുൻപ് ആടുജീവിതം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപായി പകർത്തിയ തിരക്കഥയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 28. ഷൂട്ടിംഗിൻ്റെ ഒന്നാം ദിവസത്തിന് മുമ്പുള്ള വൈകുന്നേരം. ഇന്ന് 2024 മാർച്ച് 28 മുതൽ തിയേറ്ററുകളിൽ, എന്നായിരുന്നു പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൃത്യം ആറ് വർഷം ഒരു മാസത്തിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകരോടൊപ്പം തന്നെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് സിനിമയുടെ അണിയറപ്രവർത്തകർ.

300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com