News

'മഞ്ഞുമ്മൽ ബോയ്സ് എടുക്കാൻ ആളില്ല, ഒടിടി എന്ന കുമിള പൊട്ടിയോ'; കുറിപ്പുമായി ട്രേഡ് അനലിസ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ വലിയ തുകയ്ക്ക് സിനിമകളുടെ ഡിജിറ്റൽ അവകാശം സ്വന്തക്കുന്ന രീതി അവസാനിച്ചു. തിയേറ്ററുകളിൽ വലിയ വിജയമായി കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെയുള്ള സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് ശ്രീധര്‍ പിള്ള എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഒടിടി എന്ന കുമിള പൊട്ടിയോ? മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലെടുക്കാൻ ആളില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ഒടിടിയായിരുന്നു ഒരു മലയാളം നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലാഭം. എന്നാൽ മെഗാ ബ്ലോക്ക്ബസ്റ്ററായ മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി അവകാശമെടുക്കാൻ ആളില്ല. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ 20 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ തുകയ്ക്ക് സിനിമയുടെ അവകാശങ്ങൾ ആരുമെടുക്കുന്നില്ല. പരമാവധി 10.5 കോടി മാത്രമാണ് എല്ലാ ഭാഷകള്‍ക്കും കൂടി ഓഫര്‍ ലഭിച്ചത്. ഇത് നിർമ്മാതാക്കളെ സംബന്ധിച്ച് കുറവാണ് എന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷമായിരുന്നുവെങ്കിൽ ഡിസ്നി പ്ലസ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് ഇവര്‍ ആരെങ്കിലും 20 കോടിക്ക് മുകളിൽ നൽകി സ്വന്തമാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ തിയേറ്ററിൽ വലിയ വിജയങ്ങളാകുന്ന സിനിമകൾ 2-3 മാസം കഴിഞ്ഞ് മാത്രം റിലീസ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്. അത്തരമൊരു സ്ഥിതിയിൽ സിനിമകൾ വലിയ തുകയ്ക്ക് വാങ്ങേണ്ടെന്നാണ് പ്രമുഖ പ്ലാറ്റ്ഫോമുകളുടെ തീരുമാനമെന്ന് ശ്രീധർ പിള്ള പറയുന്നു.

അടുത്തിടെ ഹിറ്റായ പ്രേമലു, ഭ്രമയുഗം എന്നിവ മികച്ച തുകയ്ക്ക് വിറ്റുപോയിരുന്നു. ദിലീപിന്‍റെ ബാന്ദ്ര, തങ്കമണി എന്നിവ ഉൾപ്പടെ 50 ഓളം മലയാള സിനിമകൾ ഒരു പ്ലാറ്റ്ഫോമും എടുക്കാത്ത അവസ്ഥയിലാണ്. ഫഹദ് ഫാസിൽ നായകനാകുന്ന ആവേശം മാത്രമാണ് വിഷു-ഈദ് റിലീസുകളില്‍ ഒടിടി റൈറ്റ്സ് വിറ്റുപോയിട്ടുള്ള സിനിമ. എന്നാൽ ഫഹദിന്‍റെ പ്രൊഡക്ഷനിലുള്ള മൂന്ന് സിനിമകൾ എടുക്കുമെന്ന ഒരു വര്‍ഷം മുന്‍പുള്ള കരാര്‍ പ്രകാരമാണ് ആമസോണ്‍ പ്രൈം ആ ചിത്രം എടുത്തത്. ആടുജീവിതം അടക്കമുള്ള സിനിമകളുടെ അവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.

തമിഴിലും അവസ്ഥ ഇത് തന്നെയാണ്. വലിയ താരങ്ങളുടെ സിനിമകൾ പോലും 50 ശതമാനം വരെ കുറഞ്ഞ തുകയിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ സ്വീകരിക്കുന്നത്. വലിയ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍ വാങ്ങാന്‍ പോലും ആളില്ല. വലിയ തുകയ്ക്ക് വാങ്ങുന്ന സിനിമകൾ കാണുന്നവരുടെ എണ്ണം വളരെ കുറവാണ്. 2021-22-ലെ കൊവിഡ് കാലത്തിന് ശേഷമുള്ള വില ഇനി ലഭിക്കില്ല. 2022-ൽ ഒടിടി പ്ലാറ്റ്ഫോമുകള്‍ നൽകിയ വിലയുടെ മൂന്നിലൊന്നായിരിക്കും ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇനി ലഭിക്കുക എന്നും ശ്രീധർ പിള്ള പറഞ്ഞു.

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആദ്യ മണിക്കൂറുകളിലെ പോളിങ് 10.35%

വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; പൊന്നാനിയിൽ രണ്ട് തൊഴിലാളികൾ മരിച്ചു

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

SCROLL FOR NEXT