News

'തണുത്തുവിറങ്ങലിച്ച ദാമ്പത്യത്തിലും അവർക്കിടയിലുള്ള ബഹുമാനവും കരുതലും'; 'കാതലി'നെ കുറിച്ച് ശബരിനാഥൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജിയോ ബേബിയുടെ 'കാതൽ' സിനിമ കണ്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ജിയോ ബേബിയുടെ 'കാതൽ' ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട രം​ഗത്തെ കുറിച്ചും തക‍ർന്ന ദാമ്പത്യത്തിലും ഓമനയ്ക്കും മാത്യുവിനുമിടയിലെ പരസ്പര ബഹുമാനത്തെ കുറിച്ചു ശബരിനാഥൻ ഫേസ്ബുക്കില്‍ കുറിച്ചു.

ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു.

തണുത്തു വിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറ തന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പര ബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.

പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.

കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം കഴിഞ്ഞ ദിവസങ്ങളിൽ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് പ്രശംസിച്ചിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറഞ്ഞു. നിരൂപക-പ്രേക്ഷക പ്രശംസ നേടി തിയേറ്ററിൽ വിജയമായ ചിത്രം ജനുവരി നാല് മുതൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചി‌ട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

SCROLL FOR NEXT