National

ഫോൺ ചോർത്തൽ അദാനിക്കായെന്ന് രാഹുൽ; ആരോപണം തള്ളി കേന്ദ്രം; ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്ന് ആപ്പിൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണം തള്ളി കേന്ദ്രസർക്കാർ. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും ആപ്പിൾ വിശദീകരണം നൽകിയെന്നും ഐടി മന്ത്രി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതേസമയം, അദാനിക്കായി കേന്ദ്രം ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇ-മെയിൽ ചോർത്താൻ ശ്രമിച്ചെന്ന് പറഞ്ഞ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചു. കേന്ദ്രസർക്കാരിനെ പേടിയില്ലെന്നും പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും രാഹുൽ പറഞ്ഞു.

പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവരം ചോർത്തൽ ശ്രമത്തിന് പിന്നിൽ ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്ന് ആപ്പിൾ വ്യക്തമാക്കി. മുന്നറിയിപ്പ് സന്ദേശത്തിൻ്റെ കാരണം വ്യക്തമാക്കാനാകില്ല. ചിലപ്പോൾ തെറ്റായ അലാറമായിരിക്കാൻ സാധ്യതയുണ്ടെന്നും ആപ്പിൾ വക്താവ് അറിയിച്ചു. മഹുവ മൊയ്ത്ര, ശശി തരൂർ, സീതാറാം യെച്ചൂരി, പവൻ ഖേര, അഖിലേഷ് യാദവ്, കെ സി വേണുഗോപാൽ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെയടക്കം ഫോൺ ചോർത്തി എന്നാണ് ആരോപണം. വിവരങ്ങൾ ചോർത്തുന്നതായുള്ള സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചുവെന്ന് നേതാക്കൾ അറിയിച്ചു.

പ്രതിപക്ഷം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിനിടെയാണ് ഫോൺ ചോർത്തൽ ആരോപണം. കേന്ദ്ര സർക്കാർ ഫോൺ ചോർത്തി എന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ്. ആപ്പിൾ ഫോണിൽ ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് അടക്കം സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു മഹുവയുടെ ആരോപണം. പിന്നാലെ അഖിലേഷ് യാദവ്, ശശി തരൂർ, പ്രിയങ്ക ചതുർവേദി, പവൻ ഖേര, ആം ആദ്മി എംപി രാഘവ് ഛദ്ദ, അസദുദ്ദീൻ ഒവൈസി എന്നിവരും സന്ദേശമെത്തിതായി ആരോപിച്ച് രംഗത്ത് വന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്നുപേരുടെയും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒഎസ്‌ഡി(Officer on Special Duty)യുടെയും ഫോൺ ചോർത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സിദ്ധാർത്ഥ് വരദരാജൻ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ ഫോണുകളും ചോർത്താൻ ശ്രമം നടന്നുവെന്നും ആരോപണമുണ്ട്. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT