National

മിന്നൽ പ്രളയം; സിക്കിമിൽ 14 മരണം, 102 പേരെ കാണാതായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

​ഗാങ്ടോക്: മിന്നൽ പ്രളയമുണ്ടായ സിക്കിമിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. 102 പേരെ കാണാതായി. മരിച്ചവരിൽ മൂന്ന് പേർ വടക്കൻ ബം​ഗാളിൽ നിന്നുളളവരാണ്. കാണാതായവരിൽ 22 പേർ‌ സൈനികരാണ്. കാണാതായ സൈനികരിൽ ഒരാൾ രക്ഷപ്പെട്ടതായും ആയിരത്തിലധികം ആളുകൾ ഒറ്റപ്പെട്ടതായും റിപ്പോർ‌ട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. പുലർച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതൽ വഷളാക്കിയതെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ അണക്കെട്ടിന്റെ തുരങ്കങ്ങളിൽ കുടുങ്ങിയതായി പഥക് അറിയിച്ചു.

14 പാലങ്ങൾ ഒലിച്ചു പോയതിനാൽ റോഡ് ​ഗതാ​ഗതം തകർന്നിരിക്കുകയാണ്. ഇതിൽ ഒമ്പതെണ്ണം ബോർഡർ‌ റോഡ്സ് ഓർ​ഗനൈസേഷൻ നിർമ്മിച്ചതാണ്. അഞ്ചെണ്ണം സംസ്ഥാന സർക്കാർ നിർ‌മ്മിച്ചതുമാണെന്ന് പഥക് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ചിരുന്നു. 'സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിർഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,' മോദി എക്‌സിൽ കുറിച്ചു.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വർഷം ജൂണിൽ വടക്കൻ സിക്കിം ജില്ലയിൽ മൺസൂൺ മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. പെഗോംഗ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് നാഷണൽ ഹൈവേ പൂർണ്ണമായും അടച്ചിട്ടിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് നാഷണൽ ഹൈവേയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതിന്റെ ഫലമായി ലാചെൻ, ലാചുങ് തുടങ്ങിയ പ്രദേശങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

മുഴുവന്‍ വിവരങ്ങളും പരസ്യം; സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോർമറിലേക്ക് ഇടിച്ചുകയറി,മിനിറ്റുകള്‍ക്കകം തീപടർന്നു;സിസിടിവി ദൃശ്യങ്ങള്‍

മിൽമ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

SCROLL FOR NEXT