Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: രണ്ടാം ഘട്ടം,കേരളവും ബൂത്തിലേക്ക്, വിധിയെഴുത്തിന് മണിക്കൂറുകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ വീതവുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. 1206 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

2019 ല്‍ 88 സീറ്റുകളില്‍ 62 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും. നിശബ്ദ പ്രചാരണത്തിലും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഒന്നാം ഘട്ടത്തിന് സമാനമായി രണ്ടാം ഘട്ടത്തിലും പോളിംഗ് കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ 189 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും.

കേരളവും സജ്ജം

ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുളള അവസാനവട്ട വോട്ടോട്ടത്തിലായിരുന്നു നിശബ്ദ പ്രചാരണത്തിന്റെ ദിവസവും സ്ഥാനാര്‍ത്ഥികളും മുന്നണികളും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

നാല്‍പ്പത് ദിവസം നീണ്ട പ്രചാരണം ആവേശത്തോടെ അവസാനിപ്പിച്ച ശേഷം, അവസാന അടിയൊഴുക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യം ബിജെപിക്കുണ്ട്.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെ. അഞ്ച് ലക്ഷത്തോളം പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിങിനെത്തുമെന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT