Kerala

ബിജെപിക്കെതിരായ ഏകീകരണം രാജ്യത്തുണ്ട്, അത് മോദിയെ അസ്വസ്ഥനാക്കുന്നു: പിണറായി വിജയന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ബിജെപിക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും മതനിരപേക്ഷതയുമെല്ലാം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാഷ്ട്രം തന്നെ അപകടത്തിലാകും എന്ന ചിന്തയിലാണ് ജനങ്ങളുള്ളത്. ഈ നിലയിലുള്ള ഒരു ഏകീകരണം രാജ്യത്ത് ബിജെപിക്കെതിരെ വന്‍തോതില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നാണ് പ്രധാനമന്ത്രി പരാമര്‍ശങ്ങൾ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറുമായുള്ള ക്ലോസ് എന്‍കൗണ്ടറിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ഒരു രാഷ്ട്രീയനേതാവും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പരസ്യമായി ഇത്തരം ഒരു നിലപാടെടുത്താന്‍ എന്താണ് അതിന്റെ അര്‍ത്ഥം. നിങ്ങള്‍ മുസ്ലിമുകളെ കണ്ടാൽ തല്ലികൊല്ലണമെന്ന് പറയുന്നതിന് തുല്യമല്ലെ അത്. നിങ്ങളുടെ താലിമാല ഇല്ലാതാകും നിങ്ങളുടെ ആഭരണങ്ങള്‍ പിടിച്ചെടുക്കും നിങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കും. ഇങ്ങനെ ഹീനമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുമ്പോള്‍ മുസ്ലിമുകളെ കാണുമ്പോള്‍ തന്നെ വെറുപ്പുളവാകുക എന്നതാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ ഉദ്ദേശം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മറ്റാരെങ്കിലുമാണ് ഇത് പറഞ്ഞതെങ്കില്‍ കേസും അറസ്റ്റുമെല്ലാം ഉണ്ടാകുമെന്നതാണ് ഇതിൻ്റെ നിര്‍ഭാഗ്യകരമായ വശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ആ നിലയിലാക്കി കഴിഞ്ഞുവെന്നാണ് വസ്തുത. കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്നും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും വ്യക്തമായി കഴിഞ്ഞു. ഇത്രയും പച്ചയായി കാര്യങ്ങള്‍ പറയുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമല്ലെ, ഇടപെടേണ്ടെ. അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് എത്രമാത്രം പോറലാണ് എല്‍പ്പിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് ലോക മാധ്യമമായ ഗാര്‍ഡിയന്‍ പറഞ്ഞല്ലോ. അതാണല്ലോ വസ്തുത. ആ നിലയ്ക്കല്ലെ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നമ്മുടെ രാജ്യത്ത് ഏതെല്ലാം നിലയിലുള്ള ഭക്ഷണക്രമങ്ങളുണ്ട്. അതെല്ലാം അവരവരുടെ രീതിയിലല്ലെ നടത്തിക്കൊണ്ട് പോകുക. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് പവിത്രമായിട്ടുള്ളത്, നോണ്‍ വെജിറ്റേറിയനെല്ലാം പവിത്രരഹിതമാണ് എന്ന നിലപാട് എവിടെയെങ്കിലും സ്വീകരിക്കാന്‍ പറ്റുമോ. ലോകത്ത് ഉള്ള ഭക്ഷണക്രമം നോക്കിയാല്‍ നമ്മുടെ രാജ്യത്ത് വ്യത്യസ്ത രീതികളല്ലെ നില്‍ക്കുന്നത്. ദേവന് കൊടുക്കുന്നതിൽ നോണ്‍വെജിറ്റേറിയനില്ലെ. ചിക്കന്‍ കറി കൊടുക്കുന്ന നിലയുണ്ട്, ചുട്ടമീന്‍ കൊടുക്കുന്ന രീതിയുണ്ട്. എന്തെല്ലാം എന്തെല്ലാം രീതികളുണ്ട്. അത് ഏതെങ്കിലും വിധത്തില്‍ ഒരു വിഭാഗത്തെ അപമാനിക്കലായിട്ടോ അപഹസിക്കലായിട്ടോ വരുന്ന കാര്യമല്ലല്ലോ. വിവിധ രീതികള്‍ വിവിധ സംസ്‌കാരങ്ങള്‍ ഇതൊക്കെയല്ലെ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. അതല്ലെ നാനാത്വത്തില്‍ ഏകത്വം എന്ന നിലയിലേയ്ക്ക് നമ്മളെ എത്തിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT