Kerala

ക്രൈസ്തവ വോട്ടുകളിൽ കണ്ണ് വച്ച് മുന്നണികൾ; പത്തനംതിട്ടയിൽ ജാതി സമവാക്യം ആരെ തുണയ്ക്കും?

ജിതി രാജ്

ജാതി സമവാക്യങ്ങൾ ഇല്ലെന്ന് പറയുമ്പോഴും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം സംസ്ഥാനത്ത് കാണാനാകുന്നത് ഓരോ മണ്ഡലങ്ങളിലെയും ഭൂരിപക്ഷം വരുന്ന സമുദായങ്ങളെ മുന്നിൽ കണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ്. ഇതിൽ പ്രധാനമാണ് പത്തനംതിട്ട. സിറ്റിങ് എംപി ആന്റോ ആന്റണി, മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക് എന്നീ പരിചയ സമ്പന്നർക്കൊപ്പം കോൺഗ്രസിന്റെ അതികായൻ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി എന്നിങ്ങനെ മൂന്ന് ക്രിസ്ത്യൻ പേരുകാരെ ഇറക്കിയാണ് പത്തനംതിട്ട പിടിക്കാൻ മൂന്ന് മുന്നണിയും കോപ്പ് കൂട്ടുന്നത്.

ക്രൈസ്തവ ന്യൂനപക്ഷത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം ജില്ലയുടെ ഭാഗം കൂടി ഉൾപ്പെട്ട പത്തനംതിട്ട. എല്ലാ കാലത്തും മണ്ഡലത്തിലെ ക്രൈസ്തവ വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നെങ്കിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായിരുന്നു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പത്തനംതിട്ട.

നിലവിൽ പത്തനംതിട്ടയ്ക്ക് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റേതാണ്. ക്രൈസ്തവ വോട്ടുകളിൽ വലിയ തോതിൽ അടിയൊഴുക്കുണ്ടായെന്നത് 2021 ൽ യുഡിഎഫിന് പത്തനംതിട്ടയിൽ തിരിച്ചടിയായി.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നിവയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിയമസഭാ മണ്ഡലങ്ങൾ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂരൊഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അടൂരിൽ എൽഡിഎഫ് ഒന്നാമതെത്തി. അന്ന് ആന്റോ ആന്റണിയുടെ എതിർ സ്ഥാനാർത്ഥി ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു.

എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലങ്ങൾ പോലും എൽഡിഎഫ് തൂത്തുവാരി. നിലവിൽ പത്തനംതിട്ടയ്ക്ക് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റേതാണ്. ക്രൈസ്തവ വോട്ടുകളിൽ വലിയ തോതിൽ അടിയൊഴുക്കുണ്ടായെന്നത് 2021 ൽ യുഡിഎഫിന് പത്തനംതിട്ടയിൽ തിരിച്ചടിയായി.

2019 ൽ ശബരിമലയടക്കമുള്ള വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ചയെങ്കിൽ ഇത്തവണ കേന്ദ്ര, സംസ്ഥാന സ‍ർക്കാരുകളുടെ നയങ്ങളും ഇൻഡ്യ മുന്നണിയുമാണ് പ്രധാന ചർച്ച

2008ലാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം നടന്ന മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം നിന്നത് ആന്റോ ആന്റണിക്കൊപ്പമാണ്. 4,08,232 വോട്ടുകളാണ് ആന്റോ ആന്റണി 2009 ൽ നേടിയത്. സിപിഐഎമ്മിന്റെ അനന്തഗോപന് ലഭിച്ചതാകട്ടെ 2,97,026 വോട്ടുകളും. 111206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. 2014 ലെത്തുമ്പോൾ വോട്ട് വിഹിതത്തിലും ഭൂരിപക്ഷത്തിലും ഇടിവുണ്ടാകുന്നുണ്ട്. 358,842 വോട്ടുകൾ ആന്റോ ആന്റണി നേടി. അതായത് 49390 വോട്ടിന്റെ കുറവ്. അതേസമയം എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പീലിപ്പോസ് തോമസിന് ആ വർഷം 302,651 വോട്ടുകളാണ് ലഭിച്ചത്. 2009 ൽ നിന്ന് 2014 ലേക്കെത്തുമ്പോൾ, പകുതിയോളമായി കുറഞ്ഞ് 56,191 വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോ ആന്റണിക്ക് നേടാനായത്

ഇനി 2019 ലേക്കെത്തുമ്പോൾ യുഡിഎഫിന്റെ വോട്ടിൽ ഭൂരിപക്ഷം പിന്നെയും കുറഞ്ഞു. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആന്റോയ്ക്ക് ലഭിച്ച വോട്ട്, 380,927. വീണയ്ക്ക് ലഭിച്ചത് 3,36,684 വോട്ടുകളുമാണ്. കൃത്യമായി വോട്ടുവിഹിതം ഉയർത്താൻ എൽഡിഎഫിനായി. ഇതിനൊപ്പം എൻഡിഎയും വോട്ട് വിഹിതം ഉയർത്തുന്നുണ്ട്. 2014 ൽ എംടി രമേശ് 138,954 വോട്ട് നേടിയപ്പോൾ, 2019 ൽ ഇരട്ടിയിലേറെ വോട്ടാണ് കെ സുരേന്ദ്രൻ സ്വന്തമാക്കിയത്. 2,97,396 ആയിരുന്നു സുരേന്ദ്രന് ലഭിച്ച വോട്ട്.

2019 ൽ ശബരിമലയടക്കമുള്ള വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ചയെങ്കിൽ ഇത്തവണ കേന്ദ്ര, സംസ്ഥാന സ‍ർക്കാരുകളുടെ നയങ്ങളും ഇൻഡ്യ മുന്നണിയുമാണ് പ്രധാന ചർച്ച. വികസന പ്രശ്നങ്ങളും കാ‍ഷിക മേഖലയിലെ പ്രതിസന്ധികളും റബ്ബർ ക‍ർഷകരോടുളള അവ​ഗണനയും വന്യമൃ​ഗ ശല്യവുമെല്ലാമാണ് യുഡിഎഫ് ക്യാമ്പ് ഉയ‍ർത്തുന്ന പ്രധാന വിഷയങ്ങൾ. ശബരിമല തീ‍ർത്ഥാടന കാലത്ത് ഇത്തവണ നേരിട്ട പ്രതിസന്ധികളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്.

യുഡിഎഫിന്റെ ഉറച്ച ക്രൈസ്തവ വോട്ടുകൾ ആന്റണി മകൻ അനിലിന് ഭാഗിക്കപ്പെട്ടാൽ ഗുണം ചെയ്യുക തോമസ് ഐസക്കിനായിരിക്കും

എൻഡിഎയും ഇതേ വിഷയങ്ങൾ ഇടത്, വലത് മുന്നണികൾക്കെതിരെ ഉന്നയിക്കുന്നു. ഈ പ്രതിസന്ധികൾ പരിഹരിക്കാൻ മാറ്റം വേണമെന്നതാണ് ബിജെപി സ്ഥാനാ‍ർത്ഥി ആവശ്യപ്പെടുന്നത്. സ്ഥാനാ‍ർത്ഥിയിൽ ആദ്യം എതി‍ർപ്പുണ്ടായിരുന്നെങ്കിലും ജാതി സമവാക്യം അം​ഗീകരിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വം വൈകാതെ തയ്യാറായി. ഇപ്പോൾ 2019 ൽ എൽഡിഎഫിന് ലഭിച്ച ക്രൈസ്തവ വോട്ടുകൾ ആനിൽ ആന്റണിയിലേക്കെത്തിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് ബിജെപി. കേരളത്തിലെ തന്റെ ആദ്യ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുത്തതും പത്തനംതിട്ടയെയാണ്. ഇതോടെ ബിജെപി ക്യാമ്പ് ഉണ‍ർന്നു.

കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയുടെ മകൻ എന്ന ലേബൽ കൂടി ഉയർത്തിത്തന്നെയാണ് അനിൽ ആന്റണിക്ക് പത്തനംതിട്ടയിൽ സീറ്റ് ലഭിച്ചതെന്നതിൽ സംശയമില്ല. ഇനി കോൺഗ്രസിന്റെ എത്ര വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നാണ് അറിയേണ്ടത്. എന്നാൽ യുഡിഎഫിന്റെ ഉറച്ച ക്രൈസ്തവ വോട്ടുകൾ ആന്റണി മകൻ അനിലിന് ഭാഗിക്കപ്പെട്ടാൽ ഗുണം ചെയ്യുക തോമസ് ഐസക്കിനായിരിക്കും.

ധനകാര്യമന്ത്രിയായിരിക്കെ ചെയ്ത വികസന പ്രവർത്തനങ്ങളും ഇടത് സർക്കാരിന്റെ നയങ്ങളും ഉയർത്തിയാണ് തോമസ് ഐസക് വോട്ടഭ്യർത്ഥിക്കുന്നത്. കിഫ്ബി, തൊഴിൽ, വികസനം ഇങ്ങനെ അടിമുടി രാഷ്ട്രീയം പറയുകയാണ് പത്തനംതിട്ടയിൽ തോമസ് ഐസക്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള നയങ്ങളാണ് യുഡിഎഫ്, എൻഡിഎ ക്യാമ്പുകളിലെ ആരോപണങ്ങളെ ചെറുക്കാൻ എൽഡിഎഫ് ഉപയോ​ഗിക്കുന്ന ആയുധം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT