Kerala

അഞ്ച് കോടി കടം, വീട്ടാന്‍ സിനിമാക്കഥയെ വെല്ലുന്ന 'പദ്ധതി'; ചുരുളഴിച്ച് പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആയിരം പേജ് വരുന്ന കുറ്റപത്രമാണ് ക്രൈബ്രൈഞ്ച് സമര്‍പ്പിച്ചത്. കോടികളുടെ കടബാധ്യത തീര്‍ക്കാന്‍ പ്രതികള്‍ ഒരുക്കിയ 'ബുദ്ധിപരമായ' നീക്കമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ആദ്യം ശ്രമം വിജയിച്ചാല്‍ തുടര്‍ന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി.

മാമ്പള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്ക് അഞ്ച് കോടിയോളം രൂപയുടെ കടമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. വീട് വെച്ചതിന് പിന്നിലെ കടം കൂടാതെ മറ്റ് ബാങ്ക് വായ്പകളും പ്രതികള്‍ക്കുണ്ടായിരുന്നു. മാത്രമല്ല വ്യക്തികളില്‍ നിന്നും വന്‍തുക ഇവര്‍ കടമായി വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍. കോടികളുടെ കടം വീട്ടാനുള്ള മാര്‍ഗമെന്ന രീതിയിലാണ് പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം ചെയ്തത്. ആദ്യ ശ്രമം വിജയിച്ചാല്‍ മറ്റ് ചില കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അനുപമയുടെ നോട്ട്ബുക്കില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, മരണഭയം ഉളവാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമം, അന്യായമായി തടവില്‍ പാര്‍പ്പിക്കുക, മുറിവേല്‍പ്പിക്കുക, ഗൂഢാലോചന, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്.

ആറുവയസുകാരിയുടെ സഹോദരന്‍ സംഭവത്തിലെ ദൃക്‌സാക്ഷിയാണ്. സാക്ഷി പട്ടികയില്‍ നൂറിലേറെ പേരുണ്ട് ശാസ്ത്രീയ തെളിവുകളാണ് കൂടുതല്‍. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി വിചാരണ നടപടികള്‍ ആരംഭിക്കും.

2023 നവംബര്‍ 27ന് വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോയി തിരിച്ചുവരികയായിരുന്ന ആറ് വയസുകാരിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കുട്ടിയുടെ സഹോദരനും കുട്ടിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേയ്ക്ക് പൊലീസ് എത്തിചേരുകയായിരുന്നു.

തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുട്ടി നല്‍കിയ വിവരങ്ങളുടെയും സാക്ഷികള്‍ നല്‍കിയ സൂചനകളുടെയും ലാപ്‌ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്‌നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാന്‍ നല്‍കിയ ലാപ്‌ടോപിന്റെ ഐപി അഡ്രസും നിര്‍ണായകമായി.

'സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല'; ഹരിഹരനെ തള്ളി കെ കെ രമ

'വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'; പി കെ കുഞ്ഞാലിക്കുട്ടി

ഹരിഹരന്‍റേത് നാക്കുപിഴ,പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ താനും മാപ്പ് പറയുന്നു: ഡിസിസി പ്രസിഡന്റ്

'പാർട്ടിയാണ് വഞ്ചിച്ചത്, ഞാൻ അല്ല'; സൂറത്തിൽ നിന്ന് 'മുങ്ങിയ' കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണി

സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനി; സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം

SCROLL FOR NEXT