International

ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്ത സംഭവം; എല്ലാവരും സുരക്ഷിതരെന്ന് മലയാളി നാവികൻ കുടുംബത്തോട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പലിൽ നിന്നും ആശ്വാസ വാർത്ത. കപ്പലിൽ കുടുങ്ങിയ നാല് മലയാളികളിൽ ഒരാളായ പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് വീട്ടുകാരെ ബന്ധപ്പെട്ടു. ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതരാണെന്നും സുമേഷ് അച്ഛനെ അറിയിച്ചു. നേരത്തെ ഈ നാല് മലയാളികളുടെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്ക പടർന്നിരുന്നു. ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങിയ മലയാളികളാണ് കപ്പലിലുള്ളതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇവരെ കൂടാതെ തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടസാ ജോസഫും (21) കപ്പലിൽ കുടുങ്ങിയിട്ടുണ്ടെന്ന വാർത്ത ഇന്നലെ പുറത്ത് വന്നു.

ശേഷം മകളുടെ ജീവനിൽ ആശങ്കയുണ്ടെന്നും വെള്ളിയാഴ്ച്ച രാത്രിക്ക് ശേഷം തന്നെ ബന്ധപ്പെട്ടില്ലെന്നും അടിയന്തിര നടപടിയെടുക്കണമെന്നും ആൻ ടസയുടെ പിതാവ് ബിജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആൻ ടസ ഉൾപ്പടെ കപ്പലിലുള്ള മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന സന്ദേശമാണ് സുമേഷ് ഇന്നലെ രാത്രി പങ്ക് വെച്ചത്. അതിനിടയിൽ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. കേന്ദ്രസർക്കാർ നേരത്തെ തന്നെ നയതന്ത്ര ഇടപെടലുകൾ ആരംഭിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അമിറാബ്ദുള്ളാഹിയാനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും മോചന കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഉടൻ തന്നെ നാല് മലയാളികളടക്കമുള്ള 17 ഇന്ത്യക്കാരെയും മോചിപ്പിച്ച് നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കപ്പലിലെ ഇന്ത്യൻ ജീവനാക്കാരെ കാണാൻ അനുവാദം നൽകിയിരുന്നു.

മകൻ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കി തന്ന സർക്കാരുകൾക്ക് നന്ദിയുണ്ടെന്നും സുമേഷിന്റെ അച്ഛൻ റിപ്പോർട്ടറിനോട് പറഞ്ഞു. എത്രയും പെട്ടന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചെന്നും മോ ഉടൻ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സുമേഷിൻ്റെ പിതാവ് ശിവരാമൻ പറഞ്ഞു.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. 'ഹെലിബോൺ ഓപ്പറേഷൻ' നടത്തി സെപാ നേവി സ്‌പെഷ്യൽ ഫോഴ്‌സാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT