International

ഇസ്ലാമിക്സ്റ്റേറ്റിൻ്റെ പുടിൻ വിരോധം; മോസ്കോ ആക്രമണത്തിന് കാരണം സിറിയയിലെ റഷ്യൻ ഇടപെടൽ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദശാബ്ദങ്ങൾക്കിടെ റഷ്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് മോസ്കോയിൽ കഴിഞ്ഞ രാത്രിയിൽ നടന്നത്. നൂറിലേറെ പേർ കൊല്ലപ്പെട്ടു, അത്രത്തോളം പേർക്ക് തന്നെ പരിക്കേറ്റു. രാജ്യമൊന്നാകെ ഭീതിയുടെ നിഴലിലായി. ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന വലിയ പരിപാടികൾക്ക് റഷ്യയിൽ താത്കാലിക നിരോധനമേർപ്പെടുത്തി. എല്ലാത്തിനുമിടയാക്കിയ മോസ്കോ കൺസേർട്ട് ഹാളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ഇസ്ലാമിക് സ്റ്റേറ്റ് - കെ' രംഗത്തെത്തി. എന്താണ് ഇസ്ലാമിക് സ്റ്റേറ്റ് -കെ ? അവർ എന്തിന് റഷ്യയെ ഉന്നം വയ്ക്കണം?

എന്താണ് ഐസിസ് കെ ?

ഐസിസ് കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ! ഇറാനും തുർക്ക്മെനിസ്ഥാനും അഫ്ഗാനിസ്ഥാനും അടങ്ങിയ പ്രദേശത്തിന്റെ പഴയ പേരായിരുന്നു ഖൊറാസൻ. ഖൊറാസൻ എന്ന പേര് ഒപ്പം ചേർത്ത് 2014 അവസാനത്തോടെ അഫ്ഗാന്റെ കിഴക്കൻ മേഖലയിൽ ക്രൂരതയുടെ പര്യായമായി ഐസിസ് കെ ഉയർന്നുവന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായാണ് അഫ്ഗാനിസ്ഥാനിൽ ഐഎസ് - കെ വളർന്നുവന്നതും തുടർന്ന് ശക്തി പ്രാപിക്കുന്നതും. യുഎസ് സൈന്യത്തിന്റെയും താലിബാന്റെയും ഇടപെടലിനെ തുടർന്ന് 2018 ഓടെ ഐഎസ് - കെയുടെ ശക്തി ക്ഷയിച്ചു. എങ്കിലും ഇന്നും ലോകത്തിന് ഭീഷണിയാണ് ഈ ഭീകര സംഘടനെയെന്ന് തെളിഞ്ഞിരിക്കുകയാണ് മോസ്കോ ആക്രമണത്തിലൂടെ. 2021 ൽ യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ ഈ പ്രദേശത്ത് ഇന്റലിജൻസ് സംവിധാനം അമേരിക്കയ്ക്ക് ഏറെ കുറേ നഷ്ടമായി. ഇതോടെ ഐസിസ് - കെ അടക്കമുള്ള ഭീകരസംഘടനകൾ ഇവിടം കേന്ദ്രീകരിച്ച് വീണ്ടും തലപൊക്കി തുടങ്ങുകയായിരുന്നു.

മോസ്കോയിലെ ആക്രമണല്ല, അതിനും മുമ്പ് അതിക്രൂരമായ എത്രയോ ആക്രമണങ്ങൾക്ക് ഈ ഭീകരസംഘടന നേതൃത്വം നൽകി. പള്ളികളിൽ ബോംബ് വർഷിച്ചും 2022 ൽ കാബൂളിലെ റഷ്യൻ എംബസിക്ക് നേരെ ആക്രമണം നടത്തിയും നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട് ഐസിസ്-കെ. 2021 ൽ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളം ഇവർ ആക്രമിച്ചു. ഈ ആക്രമണത്തിൽ സൈനികരടക്കം നിരവധി പേ‍ർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈനീകരും അന്ന് കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്ക് തുടർച്ചയായ ഭീഷണി ഉയർത്തിക്കൊണ്ട് ചെറിയ മുന്നറിയിപ്പുപോലും നൽകാതെ ആക്രമിക്കുന്നതാണ് ഈ സംഘടനയുടെ ചരിത്രം.

എന്തിന് റഷ്യയെ ആക്രമിക്കണം?

റഷ്യയിൽ വ്ളാ​ദിമിർ പുടിൻ വീണ്ടും അധികാരത്തിലെത്തി അധികം വൈകാതെയാണ് മോസ്കോയിലെ ആക്രമണം. പുടിൻ സൈന്യത്തിന്റെ മധ്യപൂർവേഷ്യയിലേക്കുള്ള കടന്നുകയറ്റം, പ്രത്യേകിച്ച് സിറിയയിൽ സൈന്യത്തെ വിന്യസിച്ചത് ഐസിസ് - കെയുടെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടാകാം. ഐസിസ് അടക്കമുള്ള ഭീകരസംഘടനകളെ തുരത്താൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ സഹായിക്കാനായാണ് പുടിൻ തന്റെ സൈന്യത്തെ സിറിയയിൽ വിന്യസിച്ചിരിക്കുന്നത്. അസദിൻ്റെ അധികാരം നിലനിർത്താനും മേഖലയിൽ റഷ്യൻ സ്വാധീനം ഉറപ്പിക്കാനും ഉദ്ദേശിച്ചുള്ള ഈ നീക്കം ഐഎസിൻ്റെ ലക്ഷ്യങ്ങളെയും പ്രദേശങ്ങളെയും നേരിട്ട് തക‍ർത്തിരുന്നു. ഇത് റഷ്യയെ ഐസിസിന്റെ മുഖ്യ ശത്രുവാക്കി. ഇസ്ലാമിൻ്റെ ശത്രുവായാണ് റഷ്യയെ ഐസിസിപ്പോൾ കാണുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

SCROLL FOR NEXT